സ്നേഹം
ഊറിയൂറി
ഉറഞ്ഞുറഞ്ഞ്‌
തണുത്ത്‌ മരവിച്ച്‌
ഒളിച്ചിരിപ്പുണ്ടാവാം
എവിടെയൊക്കെയോ.....
കേള്‍വി
എല്ലാ കേള്‍വിയും
സ്വാഭാവികമല്ല,
ചെവികളെ എനിക്കത്ര
വിശ്വാസവുമില്ല..

ഇടയ്ക്കൊക്കെ ഞാന്‍

ചെവികളെ നിര്‍ബന്ധിക്കും
ചിലര്‍ ചിലരോട്‌ പറയുന്ന
ചില രഹസ്യങ്ങള്‍

എന്നെ കേള്‍പ്പിക്കുവാന്‍ ..

അപ്പോഴൊക്കെ ഞാനറിയും
ഒറ്റച്ചെവിയിലൂടെ
ഹൃദയത്തിലേക്കരിച്ചിറങ്ങുന്ന
മുറിഞ്ഞ, സ്പഷ്ടമല്ലാത്ത
വാക്കുകള്‍ പകരുന്ന വേദന..

മറ്റ്‌ ചിലപ്പോഴൊക്കെ
ചെവികളെ സംശയിക്കും,
ഒരു പാട്‌ പ്രതീക്ഷിച്ചിട്ടും
'അല്ല','ഇല്ല' എന്ന് മാത്രം
കേൾ‍ക്കേണ്ടി വരുമ്പോള്‍ ..

ചതിച്ചതാണോയെന്നോര്‍ത്ത്‌
ദേഷ്യപ്പെടും, ശപിക്കും,
പിന്നെയും കാത്തിരിക്കും
ഇഷ്ടവാക്കുകള്‍ കേള്‍ക്കാന്‍

ചെവികള്‍ കൂര്‍പ്പിച്ച്‌, കൂര്‍പ്പിച്ച്‌..

ഒടുക്കം തിരിച്ചറിയും
കണ്ണുകളേക്കാള്‍ വിശ്വസ്തരാണ്‌
ചെവികളെന്ന്.....
ഒരു ബ്ളോഗ്ഗറുണ്ടായത്‌
ഗണിതം പഠിക്കാനയച്ചപ്പോൾ‍
അച്ഛൻ ‍ മോഹിച്ചു
മകൻ‍ സിവിൽ‍ എഞ്ചിനീയറാകുമെന്ന് ..

കമ്പ്യൂട്ടർ‍ പഠിത്തമെന്ന് പറഞ്ഞപ്പോൾ‍
അമ്മ കരുതി
കമ്പ്യൂട്ടർ‍ എഞ്ചിനീയർ‍ ആകുമെന്ന് ..

ഗൾ‍ഫിലേക്ക്‌ പോയപ്പോൾ‍
നാട്ടുകാർ‍ സന്തോഷിച്ചു
ഒരു പുത്തൻ‍പണക്കാരൻ ‍ കൂടെയെന്ന് ..

അവസാനം
എത്ര കൂട്ടിക്കിഴിച്ചിട്ടും
ഗണിതശാസ്ത്രത്തിന്റെ ചുരുക്കെഴുത്തുകളിൽ ‍
നഷ്ടങ്ങൾ‍
ബാക്കിയായപ്പോൾ ‍
അവൻ‍ ബ്ളോഗെഴുത്തുകാരനായി.
സ്വപ്നത്തിലൊരു പശു
എണ്റ്റെ സ്വപ്നത്തില്‍
ഒരു പൂവാലിപ്പശു
കണ്ണു ചിമ്മുന്നു..

വെളുത്ത്‌ തുടുത്ത്‌
അയവെട്ടി അയവെട്ടി
തളര്‍ന്നു കിടക്കുന്നു,
കയറിണ്റ്റെ ബന്ധനമില്ലാതെ..

പച്ചച്ച കണ്ണുകളില്‍
പണ്ടെന്നോ ചവച്ചരച്ച
പച്ചപ്പുല്ലുകളുടെ ഓര്‍മ്മ..

കുറ്റി പറിച്ച്‌,
എവിടേക്കെന്നറിയാതെ
കുതിച്ച സന്ധ്യകള്‍...

പിന്നാലെ ഓടിയ
വള്ളി നിക്കറിട്ട ചെക്കന്‍
മുട്ടില്‍ തിരുമ്മിയ
കമ്മ്യൂണിസ്റ്റ്‌ പച്ച..

ഇടക്കൊന്നു വാലാട്ടി
തിരിഞ്ഞു നില്‍ക്കുന്നു,
ആരോടോ പിണങ്ങിയെന്ന പോല്‍

ഓര്‍മ്മകള്‍ക്കവസാനം

അത്‌ പിറുപിറുക്കുന്നു
ഒരു പുല്ലുപോലുമില്ലാത്ത ഭൂമി എന്ന്‌..
വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
കുന്ന്‌ കയറുന്നത്‌ പോലെയാണ്‌.
കിതച്ചും തളര്‍ന്നും,
ഇടക്കിടെ നിന്നും
പിന്നാലെ ആരെങ്കിലും
വരുന്നുണ്ടോ എന്ന്‌ നോക്കിയും..

മുകളിലെത്തിക്കഴിഞ്ഞാല്‍

ശൂന്യമായ ആകാശം മാത്രം,
വേദനിപ്പിക്കാനാവാതെ
ഉള്ളിലൊതുക്കേണ്ടി വരുന്ന
സന്ദേഹങ്ങള്‍ മാത്രം...

എല്ലാത്തിനുമവസാനം
ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു
എന്തിനായിരുന്നു എല്ലാം??

എന്നിട്ടും,
എത്ര തുടച്ചിട്ടും
മായ്ക്കാനാവാത്ത നിന്‍
സീമന്തരേഖയിലെ
കുങ്കുമം പോലെ,
മറക്കാനാവാതെ പോകുന്നു
നീ പകര്‍ന്നു തന്ന
സ്നേഹം..
ഇന്ന്‌ സ:പി. കൃഷ്ണപിള്ള ദിനം, ലന്തൻ‍ബത്തേരിയിലെ ലുത്തിനിയകൾ‍ വായിച്ച ഒരനുഭവം
ഇന്ന്‌ സ:പി.കൃഷ്ണപിള്ള ദിനം, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ വായിച്ച അനുഭവം തികട്ടി വരുന്നു. 1948 ആഗസ്റ്റ്‌ 19.... വീണ്ടും ഒരോര്‍മപ്പെടുത്തല്‍ ഇന്ന്‌.. ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്തായിരിക്കണമെന്ന്‌ സ്വന്തം ജീവിതത്തിലൂടെ കാണിച്ച്‌ തന്നയാള്‍.. അതു കൊണ്ടാവാം പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആവാതിരുന്നിട്ടും ഈ സ്ഥാപക നേതാവിണ്റ്റെ ചരമദിനം ഓരോ കമ്മ്യൂണിസ്റ്റുകാരനും വികാരത്തോടെ കൊണ്ടാടുന്നത്‌...

ഇനി നോവെലിലേക്ക്‌.. എന്‍.എസ്‌ മാധവന്‍ എഴുതിയ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍..ജെസ്സീക്ക എന്ന പെണ്‍കുട്ടിയാണ്‌ കേന്ദ്ര കഥാപാത്രം.. ലന്തന്‍ബത്തേരി എന്ന തുരുത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവല്‍ പരിണമിക്കുന്നു.. ചില നോവലുകള്‍ അങ്ങനെയാണ്‌.. വായനക്കാരായ നമ്മെ കൂടെ ജീവിപ്പിക്കുക തന്നെ ചെയ്യും.. അതില്‍ ഒന്നാണ്‌ ഇത്‌.. ഈ അടുത്ത്‌ കാലത്ത്‌ അങ്ങനെ ഒരു അനുഭവം തന്നത്‌ ബെന്യാമിണ്റ്റെ ആട്ജീവിതവും ഖാലിദ്‌ ഹൊസ്സൈനിയുടെ പട്ടം പറത്തുന്നവനും ഒക്കെ ആയിരുന്നു.. എല്ലാം വേറിട്ട അനുഭവങ്ങള്‍, ജീവിത പരിസരങ്ങള്‍. എന്നിരുന്നാലും അവിടെയൊക്കെ ഞാനും ജീവിക്കുന്ന പോലെ..

ആറാം അദ്ദ്യായം, ബാബുല്‌ മോര എന്നു പേര്‌.. അവിടെയാണ്‌ സഖാവ്‌ പി കൃഷ്ണപിള്ള പ്രത്യക്ഷപ്പെടുന്നത്‌. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ്‌, അത്‌ ലന്തന്‍ബത്തേരിയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍.. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വലതുപക്ഷത്തേക്ക്‌ പോയ രാഘവനും, ഇടത്‌ പക്ഷത്ത്‌ നില്‍ക്കുന്ന ഷേണായിയും തമ്മിലുള്ള സംഭാഷണത്തിണ്റ്റെ രൂപത്തില്‍ സ:പി. നമ്മുടെ മുന്‍പിലേക്ക്‌..

നേതാക്കന്‍മാര്‍ ഭാഗം ചേര്‍ന്നു കഴിഞ്ഞു, ഇനിയുള്ളത്‌ പ്രസ്ഥാനത്തിണ്റ്റെ സ്ഥാവര ജംഗമവസ്തുക്കള്‍ ഭാഗം ചെയ്യലാണ്‌.. രക്ത സാക്ഷികളെ ഉണ്ടാക്കിയ സ്തലങ്ങള്‍, പുന്നപ്രയും വയലാറൂം.. പുന്നപ്ര വേണോ വയലാര്‍ വേണോ? പിന്നെ രക്തസാക്ഷികളെ പങ്ക്‌ വെക്കല്‍.. സ: പി ആര്‍ക്ക്‌?? പി. രക്തസാക്ഷിത്വം വഹിച്ചില്ലല്ലോ പാമ്പ്‌ കടിച്ചാണല്ലോ എന്ന്‌ ഇടതന്‍..എന്നാല്‍ പിന്നെ സഖാവിനെ കടിച്ച പാമ്പിനെ നിങ്ങള്‍ എടുത്തോ എന്ന്‌ വലതന്‍.. കാരണം വലിയ നേതാക്കന്‍മാരെല്ലാം അവരുടെ പാര്‍ട്ടിയിലാണത്രേ...അവരെ ഞങ്ങള്‍ ജനങ്ങളെക്കൊണ്ട്‌ കൊത്തിച്ചോളാം എന്ന്‌ ഷേണായ്‌..

ആര്‍ക്കും വേണ്ടി കാത്ത്‌ നില്‍ക്കാതെ കാലം ഘടികാരത്തിണ്റ്റെ സൂചികളെ സാക്ഷിയാക്കി നടന്നു മറയുന്നു... അതോടൊപ്പം നമുക്ക്‌ നഷ്ടമാവുന്ന സുമനസ്സുകളും പ്രത്യയശാസ്ത്രങ്ങളും.. വരാനിരിക്കുന്ന നല്ല നാളുകള്‍ക്കു വേണ്ടി, ഇനിയും വരാനിരിക്കുന്ന തലമുറക്കു വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവര്‍.. രക്തസാക്ഷികള്‍ എന്നോര്‍മ്മയില്‍ ഇന്നും ജീവിക്കുന്ന അനേകര്‍, രക്തസാക്ഷികള്‍ ആകാതെ തന്നെ മഞ്ഞമുടിക്കാരിയായ മരണദേവതക്ക്‌ കീഴടങ്ങേണ്ടി വന്നവര്‍.. അവരില്‍ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ എന്നും വേണ്ടപ്പെട്ട ഒരാളാണ്‌ സ:പി... അദ്ദേഹത്തിണ്റ്റെ ഒരു ചരമ ദിനം കൂടെ.. മുദ്രാവാക്യം വിളിച്ചും ഫോട്ടോ വച്ച്‌ കൊടിതോരണങ്ങള്‍ ഒക്കെ ഉയര്‍ത്തിയും ഈ ദിനവും നമുക്ക്‌ ആഘോഷിക്കാം.. പക്ഷേ സ:പി സ്വപ്നം കണ്ട ലോകം?? ഇതൊക്കെ ആയിരുന്നോ? ആവട്ടെ എന്നു മാത്രം മാറിയ രാഷ്ട്രീയ, ജീവിത പരിതസ്ഥിതിയില്‍ നമുക്കും ആശ്വസിക്കാം അല്ലെ??

വായനയെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരോട്‌.. കിട്ടാന്‍ സാധ്യത ഉണ്ടെങ്കില്‍ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ വായിക്കുക.. ഒരു പാട്‌ ഓര്‍മകളിലേക്ക്‌ അത്‌ നമ്മെ നയിക്കും.. തീര്‍ച്ച..
കാട്ടാക്കടയും ഞാനും, ഇടപ്പള്ളി മീറ്റ്‌ തന്ന സൌഭാഗ്യം..

പ്രവാസികള്‍ക്ക്‌ കവിത പലപ്പോഴും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌, ചൊല്‍ക്കവിതകള്‍, കാസറ്റ്‌ കവികള്‍ എന്നൊക്കെ പരിഹസിക്കുമ്പോള്‍ പോലും നല്ല കവിത കേട്ടാല്‍ ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നു തോന്നുന്നു. എന്തായാലും എനിക്കു ഏറെ ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നായിരുന്നു രേണുക.. അതിണ്റ്റെ രചയിതാവ്‌ എന്ന നിലയില്‍ കാട്ടാക്കടയെ കാണുവാനും പരിചയപ്പെടുവാനും, നേരില്‍ ചൊല്ലി കേള്‍ക്കുവാനും ഒക്കെ കൊണ്ട്‌ നടന്ന മോഹം ഒടുവില്‍ സാക്ഷാല്‍ക്കരിക്കാനായി, കഴിഞ്ഞ മാസം നടന്ന ഇടപ്പള്ളി മീറ്റിലൂടെ..

മീറ്റിനെ പലരും തള്ളി പറയുമ്പോഴും വിമര്‍ശിക്കുമ്പോഴും എനിക്ക്‌ കിട്ടിയ ഇത്തരം നല്ല അനുഭവം മാത്രം മതി ഈ മീറ്റ്‌ എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കാന്‍.. അതു കൊണ്ട്‌ തന്നെയാണ്‌ മീറ്റ്‌ സംബന്ധിയായ വിഷയങ്ങളില്‍ ചിലപ്പോഴൊക്കെ വെട്ടിത്തുറന്ന്‌, പരുഷമായി തന്നെ എനിക്ക്‌ പ്രതികരിക്കേണ്ടി വന്നത്‌. ഇനിയെങ്കിലും മീറ്റിനെ കണ്ണടച്ച്‌ എതിര്‍ക്കുന്നവര്‍ അതിണ്റ്റെ നല്ല വശങ്ങള്‍ കാണാതെ പോകരുത്‌ എന്നാണ്‌ എനിക്കു പറയാനുള്ളത്‌...

പറയാന്‍ മറന്നത്‌: എണ്റ്റെ പഴയ ഗ്ളാമറിനു ഒരല്‍പ്പം കോട്ടം തട്ടിയിട്ടുണ്ട്‌, അതു കൊണ്ട്‌ പണ്ട്‌ ഞാന്‍ അയച്ചു തന്ന ഫോട്ടമിലെ എന്നെ മനസ്സില്‍ കരുതിയാല്‍ മതി എന്നു ഫാന്‍സിനോട്‌ അപേക്ഷിക്കുന്നു..
ബക്കറ്റിലെ വെള്ളവും കടലിണ്റ്റെ നീലിമയും, ഒരു പ്രണയ കവിത
പണ്ടേക്ക്‌ പണ്ടേ
പ്രണയത്തിലായി നമ്മള്‍
ആധുനിക കവിതക്ക്‌ മുന്‍പേ,
അധികാരത്തിന്‍ ലഹരി
നുണയും മുന്‍പെ,

പിന്നെയാണ്‌
പോളിറ്റ്‌ ബ്യൂറോ
പോലും ഉണ്ടായത്‌..

പ്രണയിക്കുമ്പോഴും
തര്‍ക്കങ്ങളിലായിരുന്നു
നമ്മുടെ
ആനന്ദം..

കാളകൂടം കൈകളിലേന്തിയ
മാദ്ധ്യമപ്പരിഷകള്‍,
വിഡ്ഢിപ്പെട്ടിയില്‍ പതിയിരുന്ന്‌
വിഡ്ഢികള്‍ മാത്രമെന്ന്‌
പേര്‍ത്തും പേര്‍ത്തും തെളിയിച്ചവര്‍,
ഒക്കെയും കാത്തിരുന്നു,
പിണക്കത്തിണ്റ്റെ വിത്തില്‍ നിന്ന്‌
കതിര്‌ കൊയ്യാന്‍..

പ്രണയത്തിന്നപ്പുറം,
മനസ്സുകള്‍ക്കപ്പുറം
പിണക്കങ്ങള്‍ക്ക്‌ വേണ്ടി മാത്രം
കണ്ണും കാതും ഉഴിഞ്ഞു വെച്ചവര്‍..

ഒരു നാളൊരു പിണക്കം!!!
ഉത്സവം പോലെ,
ബക്കറ്റിലെ വെള്ളം
നീലയെന്ന് നീ
കടല്‍ വെള്ളത്തിന്‍ നീലിമ
ബക്കറ്റിനെന്ന് ഞാന്‍..

തര്‍ക്കശ്ശാസ്ത്രത്തിന്‍
ചിറകേറിയവസാനം
നാം സമവായത്തിലേക്ക്‌
ബക്കറ്റിലും കടലിലും
വെള്ളമില്ലെന്ന തിരിച്ചറിവിലേക്ക്‌..

നമുക്കിടയില്‍ ബാക്കിയായത്‌
ആറിത്തണുത്ത പ്രണയം

കാണികള്‍ (കഴുതകള്‍ ?? ) അപ്പോഴും
ഒരു തുള്ളി വെള്ളത്തിനു ദാഹിച്ച്‌..

മാദ്ധ്യമപ്പരിഷകള്‍,
മുഖം മറക്കാന്‍
ഒരു തുണ്ട്‌ തുണി പോലുമില്ലാതെ....
ഒരു കവിതയെഴുതണമെന്നുണ്ട്‌, നിനക്കായി മാത്രം....
ഒരു കവിതയെഴുതണമെന്നുണ്ട്‌
നിനക്കായി മാത്രം..
വൃത്തവും അലങ്കാരവും,
ഛന്ദസ്സും കാവ്യഭംഗിയുമില്ലാതെ..

എണ്റ്റെ വികാരങ്ങള്‍
മാത്രം കുത്തിനിറച്ച്‌,
വിചാരങ്ങളില്‍
നിന്നെ മാത്രം ആവാഹിച്ച്‌

എണ്റ്റെ വിഭ്രമാകാശത്ത്‌
ഉരൂണ്ടുകൂടി, കറുത്തിരുണ്ട
മേഘങ്ങളില്‍ നിന്ന്‌
അറിയാതെ നിപതിച്ച്‌
നിണ്റ്റെ നെറുകയില്‍
ചുംബിച്ചുടയുന്നയെന്‍
മോഹത്തുള്ളികളെ കുറിച്ച്‌

പ്രണയിക്കുവാനിന്ന്‌
ലിപികള്‍ക്കപ്പുറം,
വാക്കുകള്‍ക്കപ്പുറം,
ശരീരഭാഷ തിരയുന്ന
കലിയുഗത്തെക്കുറിച്ച്‌

നിണ്റ്റെ ശൂന്യമായ മനസ്സില്‍
എനിക്കായൊരുക്കിയിരിക്കുന്ന
ഗ്രീഷ്മത്തിന്‍ തലോടലാല്‍
വരണ്ടുണങ്ങിയ താഴ്‌വര പോല്‍
ഒന്നുമില്ലാത്ത ഇടത്തെക്കുറിച്ച്‌

നീ പോലുമറിയാതെ പോകുന്ന
എണ്റ്റെ പ്രണയത്തെക്കുറിച്ച്‌
നിനക്കായി മാത്രം...
തിരികെ കിട്ടിയ സൌഹൃദം.., ഋതുഭേദങ്ങളില്‍ പരിലസിക്കുന്ന കൂട്ടുകാരിക്ക്‌.. (ഡോണ മയൂരക്ക്‌)
എത്ര ശ്രമിച്ചാലും വാക്കുകളാല്‍ പ്രകടിപ്പിക്കാനാവാത്ത ചില സന്തോഷങ്ങള്‍ നമ്മുടെ ഒക്കെ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്‌.. അതില്‍ ഒന്നായിരിക്കാം ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങള്‍ നിമിത്തം എന്നോ കളഞ്ഞു പോയെന്നു കരുതിയ ഒരു നല്ല സുഹൃത്തിനെ തിരികെ കിട്ടുന്നത്‌. ചില സൌഹൃദങ്ങള്‍ അങ്ങനെയാണ്‌... വളരെ പെട്ടെന്ന്‌ വന്ന്‌ മനസ്സ്‌ കീഴടക്കുകയും പിന്നെയൊരുപാട്‌ നാള്‍ മറഞ്ഞിരിക്കുകയും ചെയ്യും.. കാണാമറയത്തിരിക്കുന്ന ഒരു നിധി പോലെ നമ്മള്‍ അത്‌ തേടി നടക്കുകയും ചെയ്യും.. ആ നിധി നമ്മളെയും തേടുന്നുണ്ടാവാം.. അപൂര്‍വ്വം ചിലര്‍ക്കേ അതു കണ്ടെത്തുവാനുള്ള ഭാഗ്യം ലഭിക്കൂ എന്നു തോന്നുന്നു.. ഇവിടെ ഞാന്‍ നിധി പോലെ കരുതിയിരുന്ന ഒരു സുഹൃത്ത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം എന്നെ തേടിയെത്തി, നിധി, തന്നെ തിരഞ്ഞു നടക്കുന്ന ആളെ കണ്ടെത്തുന്നത്‌ പോലെയാണ്‌ എനിക്കു അത്‌ അനുഭവപ്പെട്ടത്‌.. അതു കൊണ്ട്‌ തന്നെ ആ സന്തോഷം ഇവിടെ പങ്ക്‌ വെക്കണമെന്ന്‌ തോന്നി.. കാരണം എണ്റ്റെയാ സുഹൃത്തിനെ ഒരു പാട്‌ തിരഞ്ഞു നടന്നിരുന്നു ഞാന്‍..

2004ല്‍. ഒരു പാട്‌ മോഹങ്ങളുമായി ഒരു ഫ്രീ വിസയില്‍ സൌദിയില്‍ എത്തിയ എനിക്ക്‌ പിന്നീട്‌ അഞ്ചര വര്‍ഷക്കാലം നാട്‌ കാണാനാവാതെ ജീവിക്കേണ്ടി വന്നു.. അന്നത്തെ അനുഭവങ്ങള്‍ ഒക്കെ പോസ്റ്റുകള്‍ ആക്കണമെന്ന്‌ മോഹമുള്ളത്‌ കൊണ്ട്‌ അതിലേക്ക്‌ കടക്കുന്നില്ല. ഇന്നത്തെ പോലെ ബ്ളോഗുകളൊന്നും ഇല്ലാതിരുന്ന കാലം.. ജിമെയില്‍ പോലും ഇന്‍വിറ്റേഷന്‍ വഴി മാത്രം.. അന്നു കുറെയധികം പ്രവാസികള്‍ക്ക്‌ ആശ്വാസം ആയിരുന്നു ഫോറംസ്‌.. മല്ലുവൂഡ്‌ എന്ന ഫോറത്തില്‍ (അതിനു മുന്‍പ്‌ വെള്ളിത്തിര, ചലച്ചിത്രം തുടങ്ങിയ ഫോറംസില്‍ ആണ്‌ ആരെയും കാണിക്കാതെ മനസ്സില്‍ ഒളിപ്പിച്ചിരുന്ന എണ്റ്റെ കവിതാരചന എന്ന ആഗ്രഹം വെളിച്ചം കണ്ടത്‌..അവിടെ കൂട്ടുകാര്‍ നല്‍കിയ പ്രോത്സാഹനം ആണ്‌ പുറക്കാടന്‍ എന്ന ബ്ളോഗില്‍ എന്നും കാണാനാവുക) വച്ചാണ്‌ എണ്റ്റെ കവിതകളെ ഇഷ്ടപ്പെട്ടിരുന്ന ഒരു കൂട്ടുകാരിയെ എനിക്ക്‌ കിട്ടിയത്‌ അവള്‍ അന്നു ഗഗന സഞ്ചാരി ആയിരുന്നു(സ്കൈ വാക്കര്‍).. അന്ന് കാലം 2005. ഒരു ഫോറത്തില്‍ കവിത എഴുതുന്നവര്‍ എന്ന നിലയില്‍ പരിചയപ്പെട്ടു.. പെട്ടെന്നു അടുത്തു...

മല്ലുവുഡ്‌ മറ്റൊരു പേരില്‍ രൂപാന്തരം പ്രാപിക്കുകയും അതിണ്റ്റെ കൈവഴികളായി അനേകം ഫോറംസ്‌ ഉണ്ടാവുകയും ചെയ്തു, (നമ്മുടെ കേരള കോണ്‍ഗ്രസ്സുകളെ പോലെ).. വര്‍ഷങ്ങള്‍ക്കു ശേഷം എനിക്കാ സൌഹൃദം തിരിച്ചു കിട്ടി.. വി.കെ.പ്രമോദിനെ കുറിച്ച്‌ ഞാന്‍ എഴുതിയ ലേഖനം സൈകതത്തില്‍ വായിച്ച്‌ നാസര്‍ കൂടാളിയെയും തുടര്‍ന്ന്‌ എണ്റ്റെ പ്രിയ കൂട്ടുകാരന്‍ ജസ്റ്റിന്‍ ജേക്കബ്ബിനെയും ബന്ധപ്പെട്ട്‌ എണ്റ്റെ വിവരങ്ങള്‍ ശേഖരിച്ച്‌ പുറക്കാടന്‍ ആവാം തണ്റ്റെ പഴയ കൂട്ടുകാരന്‍ എന്ന തോന്നലില്‍ മെയില്‍ ചെയ്യുകയും യാസര്‍ അറാഫത്ത്‌ അന്തരിച്ച നാളുകളില്‍ ഞാന്‍ എഴുതിയ കവിത പോലും (സൌദിയിലെ മലയാളം ന്യൂസ്‌ പ്രസിദ്ധീകരിച്ച അതിനെ കുറിച്ച്‌ ഞാന്‍ മറന്നിരുന്നു) ഓര്‍മയില്‍ നിന്ന്‌ മായാതെ സൂക്ഷിക്കുന്ന കൂട്ടുകാരി..

5 വര്‍ഷങ്ങള്‍ക്ക്‌ ശേഷം എനിക്ക്‌ തിരികെ കിട്ടിയ ആ കൂട്ടുകാരി ഇന്നു ബൂലോഗവും അതിനേക്കാള്‍ ഉപരിയായി എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന ഒരു പാട്‌ പേര്‍ക്ക്‌ സുപരിചിതയായ ഡോണ മയൂര ആണ്‌.. ഒരു കാലത്ത്‌ എണ്റ്റെ പൊട്ടക്കവിതകളെ ഇഷ്ടപ്പെട്ടിരുന്നത്‌ ഡോണ ആയിരുന്നു എന്ന്‌ അറിഞ്ഞത്‌ എന്നെ ആവേശത്തിണ്റ്റെ കൊടുമുടിയില്‍ കൊണ്ട്‌ നിര്‍ത്തുന്നു.. അന്ന്‌ ഡോണ എനിക്ക്‌ മിനു ആയിരുന്നു.. ഡോണയുടെ ചെല്ലപ്പേര്‍ (വീട്ടില്‍ വിളിക്കുന്ന പേര്‌)...

ഡോണയോട്‌..

ഗഗനസഞ്ചാരി എന്ന പേരില്‍ വന്ന നീ ആകാശം കീഴടക്കാനുള്ള മോഹവുമായി ഇടക്കെപ്പോഴോ പോയ്‌ മറഞ്ഞു.. പിന്നെ മോഹങ്ങള്‍ക്ക്‌ അവധി കൊടുക്കേണ്ടി വന്നതും ഭാര്യയും അമ്മയും എന്ന ഉത്തരവാദിത്വങ്ങളാടെ ജീവിച്ചതും പണ്ടേ നിണ്റ്റെയുള്ളില്‍ മൊട്ടിട്ടിരുന്ന വരികള്‍ കാലമറിയാതെ വന്ന ഋതുഭേദങ്ങളില്‍ പൂത്ത്‌ വിടര്‍ന്ന്‌ പരിലസിച്ചതും ഒക്കെ അറിയാതെ പോയി..നിണ്റ്റെ വരികള്‍ ഇന്ന്‌ എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.. ഞാന്‍ പലപ്പോഴും ഇഷ്ടപ്പെട്ടിരുന്ന ഡോണമയൂര എന്ന കവയത്രിയുടെ വരികള്‍ ലോകം അറിയുന്നതിനു മുന്‍പേ ഞാന്‍ അറിഞ്ഞിരുന്ന എണ്റ്റെ കൂട്ടുകാരിയുടേതായിരുന്നു എന്ന തിരിച്ചറിവ്‌ നല്‍കുന്ന സന്തോഷം ഞാന്‍ ആദ്യം പറഞ്ഞത്‌ പോലെ വാക്കുകള്‍ക്ക്‌ അതീതമാണ്‌. തിരിച്ചു കിട്ടിയ ഈ സൌഹൃദം എന്നും ഉണ്ടാവണം എന്ന ആഗ്രഹം മാത്രമിപ്പോള്‍ എനിക്ക്‌.. ഒരുപാട്‌ എഴുതണമെന്നുണ്ട്‌, പക്ഷേ വാക്കുകള്‍ മനസ്സിനു പകരമാവില്ലല്ലോ..

അവസാനമായി..
ഒത്തിരി നന്ദി സൈകതത്തിണ്റ്റെ അണിയറക്കാരായ ജസ്റ്റിനും നാസര്‍ കൂടാളിക്കും..
കുഴല്‍ക്കിണര്‍
കുഴിച്ചു കുഴിച്ചു
തളര്‍ന്നു ഞാന്‍

എന്നിട്ടുമില്ല,
നി
ന്റെ മനസ്സില്‍
എനിക്കായൊരുറവ..
ഉടഞ്ഞ ബിംബങ്ങളുടെ കാവല്‍ക്കാരന്‍
ധര്‍മസങ്കടങ്ങളുടെ
തീരാഭൂമികയില്‍
ഉപദേശിയുടെ
പരിവേഷമായിരുന്നവന്‌ !!!

അലസ സല്ലാപവേളകളില്‍
ചിരിക്കുടുക്കയാക്കുവാന്‍
കോമാളി വേഷങ്ങള്‍
കെട്ടിയാടേണ്ടി വന്നു..

വരണ്ടുണങ്ങിയ ഹൃദയത്തിലേക്ക്‌
പിണക്കത്തിന്‍ വിത്തെറിഞ്ഞാല്‍
കൊയ്യാനൊരു കതിരുമില്ലെന്നറിവിലും
ദു:ശ്ശാഠ്യക്കാരനായ കര്‍ഷകനായി

ഉപയോഗിച്ചുപേക്ഷിച്ച
വര്‍ണവിശറി പോല്‍
സൌഹൃദം വഴിവക്കിലനാഥമായപ്പോള്‍
വെള്ളമില്ലാഞ്ഞാത്മഹത്യ ചെയ്ത
പുഴയുടെ തേങ്ങല്‍..

നിഴല്‍ പോലെ നിന്നവള്‍
ഇരുളില്‍ മറയവേ
ഹൃദയമിടിപ്പ്‌ നിലച്ചവന്‍
ഉടുക്കു കൊട്ടുവാന്‍ മറന്ന
പാണനായി..

തുലാസുകളില്‍
മാറി മാറി തൂക്കിയിട്ടും
തെറ്റിന്നളവ്‌ തെളിയാതെ പോയി,
രക്തസാക്ഷികള്‍
തെറ്റ്‌ ചെയ്യാറില്ലല്ലോ..

ഒടുവിലവന്‍
അലയുന്ന തിരമാലകള്‍ക്കും
ഉടഞ്ഞ ബിംബങ്ങള്‍ക്കും
കാവല്‍ക്കാരനായി

മരങ്ങള്‍ വീണുവോയെന്നറിയാന്‍
മാനത്തെ മഴക്കാറ്‌
നോക്കേണ്ടതുണ്ടോ?..
കലയുടെ രാഷ്ട്റീയം. പ്രൊ.ബി. രാജീവണ്റ്റെ ലേഖനത്തിന്‌ ഒരു വിയോജനക്കുറിപ്പ്‌
കലയുടെ രാഷ്ട്രീയം...ഇത്‌ ഇ.എം.എസ്‌.മരിക്കുന്നില്ല എന്ന പേരില്‍ പുറത്തിറങ്ങിയ പ്രൊ.ബി.രാജീവണ്റ്റെ ലേഖന സമാഹാരത്തിലെ ഒരു ലേഖനത്തിണ്റ്റെ പേരാണ്‌. ഈ ലേഖനം മുന്‍ നിര്‍ത്തി ഒരിക്കല്‍ സൌദി അറേബ്യയിലെ പള്ളിക്കൂടം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു..സൌദിയിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ തന്നെ പറയട്ടെ പങ്കെടുത്തവരുടെ എണ്ണം തുലോം തുഛം ആയിരുന്നെങ്കിലും ആശയ സംഘട്ടനങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ നല്ല രീതിയില്‍ തന്നെ നടന്നതു കൊണ്ടും പരിപാടി വിജയകരമായിരുന്നു എന്നു പറയാതെ വയ്യ. ആണ്റ്റണി സാര്‍ ആയിരുന്നു നേതൃത്വം, ബഷീര്‍ വാറോഡ്‌, രഘുനാഥ്‌ ഷൊറ്‍ണ്ണൂര്‍‍, സുബൈര്‍ തുഖ്ബ, ഷംസുദ്ദീന്‍ ആറാട്ടുപുഴ, പ്രഭാകരന്‍ മാഷ്‌,പ്രദീപ്‌ കൊട്ടിയം, ജോസേട്ടന്‍, മാധവി ടീച്ചര്‍, സറീന ടീച്ചര്‍ തുടങ്ങി സൌദി അറേബ്യയിലെ ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അറിയപ്പെടുന്നവര്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

ചര്‍ച്ചയുടെ ഉള്ളടക്കം പൂര്‍ണ്ണമായി പോസ്റ്റ്‌ ചെയ്യുന്നത്‌ അപ്രായോഗികം ആയതു കൊണ്ട്‌ തന്നെ ഞാന്‍ അവിടെ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി മാത്രം ആണ്‌ ഈ പോസ്റ്റ്‌. എന്നാല്‍ തന്നെയും അന്നു ഉന്നയിക്കാനാവാതിരുന്ന ചില രൂപകങ്ങളും ഉണ്ട്‌ ഇവിടെ, ബെന്യാമിണ്റ്റെ ആട്‌ ജീവിതം പോലെ ഉള്ളവ..

കലയുടെ രാഷ്ട്രീയം, കലാകാരനെ എങ്ങനെ ആണ്‌ നാം നിര്‍വചിക്കുക? ആദ്യ കാലങ്ങളില്‍ കല സാഹിത്യരൂപങ്ങളിലും ചിത്രമെഴുത്തിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്നു.. പക്ഷെ കാലം കലാകാരനെ പുനര്‍ നിര്‍വചിച്ചിരിക്കുന്നു.. ഇന്നു ഒരുവന്‍ ഒരു നല്ല ഫോട്ടോ എടുത്താല്‍, ഒരു നല്ല വീഡിയോ എടുത്താല്‍, കമ്പ്യൂട്ടറിണ്റ്റെ അനന്ത സാധ്യതകളില്‍ ഒന്നായ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഒരു ബിംബം സൃഷ്ടിച്ചാല്‍ എന്തിനധികം കച്ചിത്തുരുമ്പും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ച്‌ പോലും സംവദിക്കാവുന്ന അവസ്ഥയിലേക്ക്‌ നാം എത്തി നില്‍ക്കുന്നു.

എം.എഫ്‌. ഹുസൈനെ പോലെ ഉള്ളവര്‍ (ചിത്രം വരച്ച്‌ പണമുണ്ടാക്കുന്നവര്‍), അവര്‍ക്കു ആശയങ്ങളേക്കാള്‍ ഇന്നു താല്‍പ്പര്യം വിവാദം മാത്രമാണ്‌. വിവാദം ഉണ്ടെങ്കിലേ നല്ല വില കിട്ടു, അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപ്പെടു എന്ന ഒരവസ്ഥ ഇന്നു വന്നു തീര്‍ന്നിരിക്കുന്നു.. കവിത എഴുതി മാത്രമാണ്‌ താന്‍ ജീവിക്കുന്നത്‌ എന്നു അവകാശപ്പെടുന്നവര്‍ ഉണ്ട്‌ നമുക്ക്‌ ചുറ്റും..ഏത്‌ മേഖല എടുത്ത്‌ നോക്കിയാലും ലാഭം എന്ന അടിസ്താന തത്ത്വം മാത്രമാണ്‌ ഇന്നു നമുക്കു കാണാനാവുക.

ഉപയോഗിക്കുക എന്നത്‌ ഇടതുപക്ഷത്തിണ്റ്റെ, പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു പ്രായോഗിക തന്ത്രമായി പലപ്പോഴും എനിക്ക്‌ അനുഭവപ്പെട്ടിട്ടുണ്ട്‌. പക്ഷേ എണ്റ്റെ പ്രായം വച്ചു നോക്കിയാല്‍ നേരറിവുകളേക്കാള്‍ പ്രാധാന്യം കേട്ടറിവുകള്‍ക്കും വായനാനുഭവങ്ങള്‍ക്കുമാണ്‌. പ്രത്യേകിച്ച്‌ ഞാന്‍ ഇല്ലാതിരുന്ന ഒരു കാലയളവിനെ കുറിച്ച്‌ സംസാരിക്കേണ്ടി വരുമ്പോള്‍. അതു കൊണ്ട്‌ തന്നെ കലയെ വേണ്ട രീതിയില്‍ ഉപയോഗിച്ച കാലഘട്ടം എനിക്കു നേരിയ ഓര്‍മ പോലും ഇല്ലാത്തതാണ്‌.

തീരെ ഇല്ല എന്നു പറഞ്ഞു കൂടാ, കെ.പി.എ.സി.യും സാംബശിവനും ഒക്കെ എണ്റ്റെ കുട്ടിക്കാലത്ത്‌ പോലും ഉണ്ട്‌. പക്ഷെ അവര്‍ ഒരു കാലത്ത്‌ തങ്ങളുടെ കലയിലൂടെ മലയാളിയോട്‌ സംവദിച്ചത്‌ മനസ്സിലാക്കാന്‍ എനിക്ക്‌ കേട്ടറിവും വായനാനുഭവവും വേണ്ടി വന്നിട്ടുണ്ട്‌. അവര്‍ എന്താണ്‌ ചെയ്തത്‌ കലയിലൂടെ, ഒരു രാഷ്ട്രീയ പ്രസംഗത്തിനും സാദ്ധ്യമാവാത്ത വിധം മലയാളിയുടെ മനസ്സിനെ മാറ്റിയെടുക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചു. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം മാത്രം മതി അതിനൊരുദാഹരണം. ഇന്നത്തെ തലമുറക്ക്‌ അന്നത്തെ കേരളീയ സാഹചര്യങ്ങളോട്‌ താദാത്മ്യം പ്രാപിക്കാനാവില്ല ഒരിക്കലും.. അന്ന്‌ അവര്‍ പട്ടിണി അനുഭവിച്ചു എങ്കില്‍ അതു യഥാര്‍ഥ പട്ടിണിയുടെ മൂര്‍ത്തഭാവം ആയിരുന്നു.. വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം ഉപേക്ഷിച്ചിട്ടു പട്ടിണി കിടന്നാല്‍ ആ അനുഭവം ഒരിക്കലും ഉണ്ടാകില്ല. പട്ടിണി കിടന്നു കൊണ്ട്‌, എത്രയോ എതിര്‍പ്പുകള്‍ നേരിട്ട്‌ കൊണ്ട്‌ അവര്‍ ആശയങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു.

ഒരുവന്‍ സ്വാനുഭവത്തിനു വേണ്ടി കല അനുഷ്ഠിക്കുന്നുവെങ്കില്‍ അതു ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതെന്തിനു. ഏത്‌ തരം കല ആയാല്‍ പോലും, ആസ്വാദകണ്റ്റെ കൊള്ളാം എന്ന അഭിപ്രായത്തിനു വേണ്ടിയോ? അതോ തെറ്റുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ട്‌ കൂടുതല്‍ നല്ല കല ആവിഷ്കരിക്കുവാന്‍ വേണ്ടിയോ? അങ്ങനെ എങ്കില്‍ നിങ്ങളുടെ കല ആസ്വദിക്കുവാനും അഭിപ്രായം പറയുവാനും ആര്‍ക്കാണ്‌ ബാദ്ധ്യത? ആസ്വാദകന്‍ എന്ന വര്‍ഗം ഉണ്ട്‌ എന്നു നിങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നതെന്തിന്‌? ചെയ്യുന്ന കലയില്‍ ഉള്ള വിശ്വാസമാകുമൊ? ഒന്നു കൂടെ വിശദീകരിക്കാം ഒരു വ്യക്തി പ്രണയത്തെ കുറിച്ചെഴുതുന്നു. അത്‌ പലപ്പോഴും വ്യക്തിപരമായ അനുഭവം മാത്രമാകുന്നതെ ഉള്ളൂ, അതു വായിക്കുകയും മറ്റുള്ളവരുടെ അഭിപ്രായത്തിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ സ്വാര്‍ത്ഥത മാത്രമല്ലേ?

എണ്റ്റെ അഭിപ്രായത്തില്‍ കല എന്നും സഹജീവിക്കു വേണ്ടി കൂടെ ഉള്ളതാവണം. പലപ്പോഴും പല ബ്ളോഗില്‍ നിന്നും അനുഭവവേദ്യമായതും അടുത്തിറങ്ങിയ ബെന്യാമിണ്റ്റെ ആട്‌ ജീവിതവും ഒക്കെ സഹജീവിയുടെ നൊമ്പരങ്ങള്‍ പങ്കു വെക്കുന്നതല്ലേ? ഒരു കാലത്ത്‌ കേരളീയ സമൂഹം അനുഭവിച്ച വേദനകള്‍ നാടകത്തിലൂടെയും കഥാപ്രസംഗത്തിലൂടെയും ഒക്കെ അവര്‍ പങ്കു വെച്ചതു പോലെയല്ലെ ഇന്നു ചില മാധ്യമങ്ങളിലൂടെ പ്രവാസാനുഭവങ്ങള്‍ പലരും പങ്കു വെക്കുന്നത്‌. പ്രവാസത്തിണ്റ്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഇന്നു നാം ബ്ളോഗ്‌ ലോകത്ത്‌ അറിയുന്നുണ്ട്‌, കാരണം ബ്ളോഗില്‍ ഏറ്റവും സജീവം പ്രവാസികള്‍ ആയതു കൊണ്ടാണ്‌ അതു., പക്ഷേ പ്രൊ.ബി.രാജീവനെപ്പോലെ ഉള്ളവര്‍ അറിയുന്നുണ്ടാകില്ല നജീമിണ്റ്റെയും ഹക്കിമിണ്റ്റെയും ഒക്കെ ലോകം. അതു അറിയിക്കുവാന്‍ എഴുത്ത്‌ എന്ന കല വേണ്ടി വരുന്നു. അപ്പോള്‍ കല സമൂഹത്തിനു വേണ്ടിയാവണം. എല്ലാ കലയും സമൂഹത്തിനു വേണ്ടി മാത്രം ആവണം എന്നല്ല എണ്റ്റെ അഭിപ്രായം. കലാകാരണ്റ്റെ കണ്ണ്‌ സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാവണം..

പ്രതികരിക്കേണ്ടയിടത്ത്‌ പ്രതികരിക്കുകയും സമൂഹത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും വേണം. അതു കൊണ്ട്‌ തന്നെ ബി.രാജീവണ്റ്റെ ലേഖനത്തോട്‌ എനിക്ക്‌ വിയോജിപ്പാണുള്ളത്‌., അതോടൊപ്പം കലയെ പണസമ്പാദനത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നവരോടും.

പിന്‍കുറിപ്പ്‌: കേരളത്തിലെ നക്സലൈറ്റ്‌ പ്രസ്താനത്തിണ്റ്റെ മുന്‍ നിരക്കാരില്‍ ഒരാളായിരുന്ന, നക്സലൈറ്റ്‌ രാജീവന്‍ എന്ന്‌ സ്വന്തം നാട്ടില്‍ പോലും അറിയപ്പെട്ടിരുന്ന പ്രൊ.ബി. രാജീവന്‍ എണ്റ്റെ അമ്മയുടെ വലിയച്ഛണ്റ്റെ മകനാണ്‍്‌. ഒരര്‍ത്ഥത്തില്‍ എണ്റ്റെ അമ്മാവന്‍. അദ്ദേഹം കേരളീയ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ പൂര്‍ണ്ണമായി എനിക്കു മനസ്സിലാക്കാനിയിട്ടില്ല എങ്കില്‍ തന്നെയും അദ്ദേഹത്തിണ്റ്റെ ചില ആശയങ്ങളോട്‌., ലേഖനങ്ങളോട്‌ തുറന്ന എതിര്‍പ്പാണ്‌ എനിക്കുള്ളത്‌, സാവിത്രി രാജീവണ്റ്റെ കവിതകളെ സ്നേഹിക്കുമ്പോള്‍ പോലും...
സഖാവ്‌. പിണറായി വിജയനോട്‌ പറയാനുള്ളത്‌
സഖാവെ,
നാം എന്നും ഇരകളായിരുന്നു, ഇന്നുമതെ, നമ്മള്‍ എന്നും ഇരകളായിരിക്കുമ്പോള്‍ തന്നെ പുതിയ ഇരകളെ തേടി, വോട്ട്‌ ബാങ്കുകളെ ലക്ഷ്യമാക്കി നമുക്ക്‌ അലയേണ്ടി വരുന്നത്‌ ഏത്‌ പ്രത്യയശാസ്ത്രത്തിണ്റ്റെ പേരിലാണ്‌. നമ്മുടെ പൂര്‍വികര്‍ സ്വപ്നം കണ്ട ലോകം എന്നും നമുക്ക്‌ അപ്രാപ്യമായിരിക്കുക തന്നെ ചെയ്യും.. അതിലാണു നമ്മുടെ നിലനില്‍പ്പ്‌ തന്നെ. മലയാളിയുടെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്താന്‍ നമുക്ക്‌ ആവുന്നുണ്ട്‌, പക്ഷേ സമ്പൂര്‍ണ്ണ സമത്വം എന്ന ആശയം ഒരിക്കലും നടപ്പില്ല തന്നെ. മുതലാളിത്തം ഉണ്ടെങ്കിലേ തൊഴിലാളി വര്‍ഗ്ഗപാര്‍ട്ടിക്ക്‌, (കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ഇന്ത്യ(മാര്‍ക്സിസ്റ്റ്‌) നമ്മള്‍ അങ്ങനെ തന്നെ ആണെന്നാണ്‌ എണ്റ്റെ വിശ്വാസം) നമുക്ക്‌ പൊരുതാനാവൂ.. എതിര്‍ക്കാന്‍ ആളില്ലാതെ എങ്ങനെ ആണ്‌ നമുക്ക്‌ വളര്‍ച്ചയുണ്ടാവുക.. അതു കൊണ്ട്‌ തന്നെ എന്നും മുതലാളിത്തം ഉണ്ടായിരിക്കണം എന്നാണ്‌ എണ്റ്റെ ആഗ്രഹം.

നമ്മള്‍ ആരോടാണു പൊരുതുന്നതു?? എന്നോ കാലഹരണപ്പെട്ടു പോയ, എന്നും നെഹൃ കുടുംബത്തിണ്റ്റെ ചിറകിലേറി പറന്നുയരാമെന്നു വ്യാമോഹിക്കുന്ന കോണ്‍ഗ്രസ്സോ? ഇന്ന്‌ രാഹുല്‍ ഗാന്ധി എന്ന ഒരു ബിംബം അല്ലാതെ എന്തുണ്ട്‌ അവര്‍ക്ക്‌? ഗാന്ധിജിക്കു ശേഷം എന്നും അവര്‍ക്കു ബിംബങ്ങള്‍ അല്ലാതെ ആശയങ്ങള്‍ ഉണ്ടായിരുന്നില്ലല്ലൊ?? കിട്ടാവുന്ന എല്ലാ പാര്‍ട്ടികളെയും കൂട്ടു പിടിച്ച്‌ ഇന്ത്യ ഭരിക്കുകയും നമ്മുടെ പൈതൃകം പോലും വിസ്മരിച്ച്‌ നമ്മള്‍ കണ്ട ഏറ്റവും വലിയ വംശഹത്യ നടത്തിയ ഭാ.ജ.പ എന്ന, വര്‍ഗീയത മാത്രം കൈമുതലായുള്ള ബി.ജെ.പി. യോടോ?

നമ്മള്‍ ആദ്യം പൊരുതേണ്ടത്‌ നമ്മോട്‌ തന്നെയാണ്‌. നമുക്കിടയില്‍ വളര്‍ന്നു വരുന്ന അന്ത:ഛിദ്രങ്ങളോട്‌, ആശയ വ്യതിയാനങ്ങളോട്‌. പിന്നെയേ മറ്റ്‌ പാര്‍ട്ടികള്‍ക്ക്‌ സ്ഥാനമുള്ളൂ. നമ്മള്‍ സമരസപ്പെടേണ്ടത്‌ വോട്ട്‌ ബാങ്കുകളോടോ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ഇരകളുടെ പ്രത്യയശാസ്ത്രത്തോടോ അല്ല. നമ്മെ നാമാക്കിയ ഇന്നലെകളില്‍ നിന്ന്‌ ഉള്‍ക്കൊണ്ട പാഠം കൈമുതലാക്കി മാറി വരുന്ന സാഹചര്യങ്ങള്‍ മലയാളിയെ എത്തിച്ചിരിക്കുന്ന ജീവിതപരിസരങ്ങളോട്‌ സമരസപ്പെടേണ്ടിയിരിക്കുന്നു നാം.

ഊശാന്‍ താടിക്കാരും താടിവച്ചവരും താടി വടിച്ച്‌ ക്ളീന്‍ഷേവ്‌ ആയി നടക്കുന്ന പുത്തന്‍ മുതലാളിത്തത്തിണ്റ്റെ വക്താക്കളും ഒക്കെ
ഇനിയും വരും, ഇരകളുടെ പേര്‌ പറഞ്ഞു കൊണ്ട്‌.. പുതിയ പ്രത്യയശാസ്ത്രങ്ങളുമായി... ഇരകളെ തിരിച്ചറിയുന്നതിനും വേണം ഉള്‍ക്കാഴ്ച്ച. അവരുടെ അജണ്ട നമ്മില്‍ കുത്തിവെക്കാതെ നമ്മുടെ ആശയങ്ങളുടെ ആയുധം അണിയിച്ചു വേണം അവരെ കെട്ടഴിച്ചു വിടേണ്ടത്‌. സ്വപ്നങ്ങള്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌ സഖാവെ. മാനത്ത്‌ മാത്രം നോക്കി നില്‍ക്കുന്നവര്‍ അറിയാറില്ല കാല്‍ക്കീഴിലെ മണ്ണൊലിച്ചു പോകുന്നത്‌.. ചെങ്കൊടി കണ്ടാല്‍ മനം കുളിര്‍ക്കുന്നവര്‍ ഇനിയും ഒരുപാട്‌ ബാക്കിയുണ്ട്‌.. നഷ്ടപ്പെട്ടവരും ഇട്ടിട്ടു പോയവരുമല്ല, ചുവപ്പ്‌ ഒരു വികാരമായി ഇന്നും കൊണ്ട്‌ നടക്കുന്ന സാധാരണക്കാരനു വേണ്ടിയാവണം നമ്മുടെ നാവ്‌...

പിന്‍ കുറിപ്പ്‌: കെ.ഇ,എന്‍ ഒരിക്കല്‍ സൌദിയില്‍ വന്നിരുന്നു.. ചൂടേറിയ വാഗ്വാദം തന്നെ നടക്കുകയുണ്ടായി. സംഘടനയുടെ അച്ചടക്കം ലംഘിക്കേണ്ട എന്നു കരുതി പലതും തുറന്നു പറയാതെ വിട്ടു.. ഇപ്പോള്‍ നടക്കുന്ന ഇരകളുടെയും വര്‍ഗസ്വത്വത്തിണ്റ്റെയും ഒക്കെ പ്രതിസന്ധി കാണുമ്പോള്‍ അന്നു നടന്ന ആശയ സംവാദം ഓര്‍ത്തു പോകുന്നു.. ആരെയൊക്കെയാണ്‌ അന്ന്‌ തള്ളി പറഞ്ഞത്‌. വിജയന്‍ മാഷ്‌ ഇതൊക്കെ കാണുന്നുണ്ടാവുമൊ??
ചില കുറുങ്കവിതകള്‍ കൂടെ
അമ്മ

സ്വാന്തനത്തിന്‍
അമൃത സ്പര്‍ശമായ്‌
സഹനത്തിന്‍ പര്യായമായ്‌
കരിയും പുകയുമേറ്റ്‌...
നീ തന്നൊരന്നത്തില്‍
കണ്ണീരുപ്പു രുചിച്ചതോര്‍ക്കുമ്പോള്‍
അറിയാതെ നിറയുന്നെന്‍ മിഴികള്‍...

മെഴുകുതിരി

മെഴുകുതിരി നാളങ്ങള്‍
ഉലയുമ്പോള്‍ ഞാനെണ്റ്റെ
ബാല്യത്തിലെക്കൊരു യാത്ര പോകും...
ചിലപ്പോഴൊക്കെ ഞാനുമിതു പൊലെ
ഉരുകി ഉരുകി.....

യാത്ര

അതിരുകളില്ലാത്ത
ആകാശം കീഴടക്കാന്‍
പുറപ്പെട്ടു പോകുന്ന
ഓരൊ യാത്രക്കുമൊപ്പം
ഭുമിയിലൊരു നെഞ്ചിടിപ്പ്‌
കൂട്ടിനുണ്ടാകും....

ബാല്യം

മണലില്‍ വരച്ചതൊക്കെയും
കടലെടുത്തു പോയ്‌
മനസ്സില്‍ വരച്ചതൊക്കെയും
കൈമോശം വന്നു പോയ്‌
കൊതിക്കുന്നു മനസ്സ്‌
ഇനി വരാത്തൊരാ
ബാല്യത്തിനായ്‌...

കാത്തിരിപ്പ്‌

വഴിക്കണ്ണുമായിന്നും
ഇരിപ്പുണ്ടാകും ചിലപ്പോള്‍
എന്നെയും കാത്ത്‌,
യൌവനത്തിലെന്നോ
എന്നില്‍ നിന്നും
അറുത്തു മാറ്റപ്പെട്ടവള്‍....
ഓര്‍മകള്‍ വില്‍പ്പനയ്ക്ക്‌...
ഓര്‍മകള്‍ വില്‍ക്കാനുണ്ട്‌.
നല്ല വില കിട്ടുമെങ്കില്‍ മാത്രം..

ശൈശവത്തില്‍ മണ്ണു തിന്നതിണ്റ്റെ
കൌതുകമുള്ള ഓര്‍മകള്‍...
അടിക്കാന്‍ പിടിച്ച അമ്മയുടെ ദേഷ്യം
ഒരു നോട്ടം കൊണ്ടലിയിച്ചത്‌.

ബാല്യത്തിലേറ്റ്‌ വാങ്ങിയ
ചൂരല്‍ക്കഷായത്തിണ്റ്റെ കയ്പ്പ്‌

കൌമാരത്തില്‍,
ആദ്യത്തെ കത്ത്‌ കൊടുത്തതും
തിരിച്ചു വന്നയാ
ദഹിപ്പിക്കുന്ന നോട്ടവും..

വാക്കുകള്‍ക്കിടയിലൊളിപ്പിച്ച
മൌനത്തിനൊപ്പം
ഒരു മയില്‍പ്പീലിത്തുണ്ട്‌
പുസ്തകത്തില്‍ വച്ചത്‌..

ഉടഞ്ഞു ചിതറിയ
ഒരു കുപ്പിവള സമ്മാനിച്ച
മായാത്ത മുറിപ്പാടുകള്‍..

പ്രസിദ്ധീകരണ യോഗ്യമല്ലെന്നറിയിച്ച്‌
തിരികെയെത്തിയ ആദ്യ കവിത,
യൌവനത്തിലെയാദ്യ ചുംബനത്തില്‍
കൂമ്പിയ കണ്ണുകളുമായി
അവള്‍ നിന്നത്‌..

ആദ്യ രതിയുടെ
അടക്കിപ്പിടിച്ച നൊമ്പരം..

കനലെരിയും പ്രവാസ ചൂളയിലെന്നോ
മനസ്സിണ്റ്റെ കോണില്‍
കവിതകള്‍ പുകഞ്ഞുയര്‍ന്നത്‌..

ഓര്‍മകേളെറെ
വാങ്ങുവാനാളില്ലാതെ
ചുമന്ന്‌ നടക്കാന്‍ തുടങ്ങിയിട്ട്‌,,

ചുമടിറക്കുവാന്‍ നേരമായ്‌
മറവിയുടെ ശ്മശാനത്തില്‍
കുഴിച്ച്‌ മൂടും മുമ്പേ....
ഒരു ഹാസ്യകവിത, പ്രണയമുണ്ടാവാം ഇതിലും.
അവളുടെ പ്രണയമില്ലായ്മയില്‍ നിന്നാണ്‌
എന്നില്‍ പ്രണയമുണ്ടായത്‌.

ശവക്കുഴി വെട്ടുകാരന്‍
ശ്മശാനത്തില്‍ ശവമില്ലാത്ത
സ്ഥലം തിരയുന്നത്‌ പോല്‍
അവളോട്‌ ചോദിച്ചു,
'പ്രണയിച്ച്‌ മുന്‍ കാല പരിചയം ഉണ്ടോ'യെന്ന്‌
ചിരിച്ചു കൊണ്ടവള്‍ മൊഴിഞ്ഞത്‌
'ഇല്ല'യെന്ന്‌..

പ്രണയത്തിണ്റ്റെ
ബാലപാഠങ്ങളഭ്യസിക്കവേ
സ്വാനുഭവങ്ങളില്‍ നിന്നാവാം
പലരും പാപമെന്നോതി,
അതോ ദു:ഖമെന്നോ?
ദിനരാത്രങ്ങളിലവളുടെ
കിളിമൊഴികള്‍ മാത്രം നിറഞ്ഞു നിന്നു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു,
ഒരു സുപ്രഭാതത്തില്‍
അവള്‍ക്കൊരു കാമുകനുദിക്കുന്നു,
കിളിമൊഴികളെല്ലാമെനിക്ക്‌
കര്‍ണ്ണകഠോര ശബ്ദമാകുന്നു.

അണ്ടിയോടടുക്കുമ്പോഴേ
മാങ്ങയുടെ പുളിയറിവൂയെന്ന
ആപ്തവാക്യമെത്ര മനോഹരം.

യാത്രക്കൊരുങ്ങി നിന്നിട്ടു
മുടങ്ങിപ്പോയവണ്റ്റെ
ഒടുക്കത്തെ മടുപ്പ്‌ പോല്‍
നിരുത്സാഹിയായിരിക്കുന്നു ഞാന്‍....


പണ്ടെഴുതിയ ഒരു ഹാസ്യകവിത ആണിത്‌, ജയേഷ്‌ അടക്കമുള്ള ചില കൂട്ടുകാരുടെ പേരും ഉണ്ടായിരുന്നു ഇതില്‍. അതൊക്കെ ഒഴിവാക്കി ചില വരികള്‍ മാത്രം പോസ്റ്റ്‌ ചെയ്യുന്നു...
വിട
അറിയാന്‍ വൈകി ഞാന്‍
വാക്കൊരെണ്ണം നി
¨Ê
നാവില്‍ വിളഞ്ഞിട്ട്‌
നാളേറെയായെന്ന് ..

'വിട' യെന്ന രണ്ടക്ഷരം
എണ്ണിപ്പെറുക്കുവാന്‍
കാതങ്ങളെത്രയോ
സഞ്ചരിച്ചെത്തി നാം


നക്ഷത്ര വര്‍ഷങ്ങള്‍
ടന്നു പോയീടിലും
ഉണ്ടാവതല്ല മനുജന്ന്

മനസ്സിണ്റ്റെ മാറ്റം...
പ്രണയം.
പരുഷമായ വാക്കുകളാല്‍
പ്രകടിപ്പിക്കുവാന്‍ ഭയന്ന്‌
ഉളിലൊതുക്കിയ
വികാരമായിരുന്നു പ്രണയം!!

തുറന്ന്‌ പറയുവാന്‍
കൊതിച്ചപ്പോഴൊക്കെ
അന്യമായിരുന്നെനിക്ക്‌
അക്ഷരമാലയെന്നും..
മുറിവുകള്‍
ആഴക്കയത്തിലെ
നീര്‍പ്പക്ഷികളെപ്പോല്‍
നി
¨Ê മൌനത്തില്‍
പതിയിരിപ്പുണ്ട്‌

നെടുവീര്‍പ്പുകളായി,
മറ്റ്‌ ചിലപ്പോള്‍
കുത്തുവാക്കുകളായി
ചാട്ടുളി പോലെ പൊടുന്നനെ
പുറത്തു വന്നേക്കാവുന്ന
ചില മുറിവുകള്‍

നി
¨Ê മൌനം
ആവര്‍ത്തനമാകുമ്പോള്‍
എനിക്ക്‌ പറയാനുള്ളത്‌
അവസാനമില്ലാത്ത
നിലവിളി മാത്രമാകുന്നു..
നിറമിഴി
മഴ നിലയ്ക്കുന്നു മൂകമായ്‌
കഥയറിയാതെ നിറയുന്നു
ഇരുമിഴികളാര്‍ദ്രമായ്‌..

മണ്‍തരി മുതലൊരു
സമുദ്രവുമാകാശവും
മിഴി നിറച്ചു കണ്ടയെന്‍
കാഴ്ച്ച മറക്കുന്നൊരു കണ്ണീര്‍പ്പാട!

നടന്നു കരഞ്ഞിട്ടും
കരഞ്ഞു പറഞ്ഞിട്ടും
മതി വരുന്നില്ല മിഴികള്‍ക്ക്‌..

കൃഷ്ണമണിയെ കാവല്‍ നിര്‍ത്തി
കണ്ണീരാല്‍ കണ്ണ്‌ കഴുകി-
എന്നിട്ടും ബാക്കിയൊരു ചെറു കരട്‌ !!!
ഒരു രാജ്യഭൃഷ്ടണ്റ്റെ നാള്‍വഴികള്‍അക്ഷരം മാഗസിന്‍ റിയാദിലെ ഇന്ത്യന്‍ ഫ്രണ്ട്സ്‌ അസ്സോസ്സിയേഷന്‍ (റിഫ) യുടെ പ്രസിദ്ധീകരണം

വലുതായി കാണുവാന്‍ ദയവായി ഇമേജില്‍ ക്ളിക്ക്‌ ചെയ്യുക
പറയാന്‍ മറന്നത്‌
F¨Ê ജീവനേ
നീയൊരു പുസ്തകമായിരുന്നെങ്കില്‍
അവസാന ശ്വാസം വരെയെന്‍
മാറോട്‌ ചേര്‍ത്തു
ഞാനോമനിച്ചേനെ...

നീയൊരു മെഴുകുതിരിയെങ്കില്‍
സ്വയമുരുകിയെനിക്കു
വെളിച്ചം പകരാന്‍
കൊതിക്കുന്ന നിന്നെ
ഒരിക്കലുമണയാതെ
കൈക്കുമ്പിളില്‍ കാത്തു വച്ചേനെ..
ചുവപ്പ്‌...
ഹാ വിപ്ളവമേ,
എല്ലാം ചുവക്കുമാ സുദിനത്തിനായ്‌
നിന്‍ കരം പിടിച്ചെത്ര ഞാനലഞ്ഞു.

കാണുന്നയോരോ പൂവും പതാകയും
പുല്‍ക്കൊടിത്തുമ്പുമാകാശവും
നിന്‍ പ്രഭവ കിരണങ്ങളേറ്റു
ചുവക്കുന്നതു കാണുവാനെന്‍
നിറം മങ്ങിയ കാഴ്ച്ചയില്‍ നിന്നൊരു
നിറം മാത്രം വേര്‍തിരിച്ചു ഞാന്‍.

ഫാസിസത്തിന്‍ കരാളഹസ്തങ്ങളില്‍
ഞെരിഞ്ഞമര്‍ന്നൊരിറ്റു
പ്രാണനു പിടയും വേളയില്‍,
പിന്നെയും പിന്നെയും ചോര ഛര്‍ദിച്ച്‌
തൊണ്ട പൊള്ളിയ നാള്‍കളില്‍
ചുവക്കുന്ന ചക്രവാള സൂര്യനെന്‍
സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നു.

അസ്തമിച്ച നിന്‍ നല്ല ദിനങ്ങളുടെ
ഓര്‍മകളെന്നെ ഹതാശനാക്കവേ,
മിഴികള്‍ നിറച്ചൊഴുകിയ
ഹൃദയനീരില്‍ മാത്രമിന്നു
ഞാന്‍ ചുവപ്പു കാണുന്നു.

ഇനിയില്ലൊരു ചെമ്പുലരി
ഇനിയില്ലൊരുയിര്‍ത്തുപാട്ട്‌
ഇനിയില്ല നീയും ഞാനും,
ഇനിയില്ലയെന്‍ സ്വപ്നങ്ങളും
മറവി
ഓരോ ദിനവും ഞാന്‍
ഓരോരുത്തരെ മറക്കാന്‍ ശ്രമിച്ചു
മറന്നു മറന്നു അവസാനം
ഞാന്‍ എന്നെ തന്നെ മറന്നു പോയി
പിന്നെയെങ്ങനെ നിന്നെയോര്‍ക്കുവാന്‍???
ഒരാഹ്വാനം
സ്വപ്നങ്ങളുടെ വിത്ത്‌ വിതച്ച്‌
വരണ്ട വയലേലകളില്‍ നിന്ന്‌
കണ്ണീരിന്‍ വിളവ്‌ കൊയ്യുന്ന
മൂന്നാം രാജ്യത്തിണ്റ്റെ വിശപ്പുകാരനോട്‌,

യന്ത്രപ്പക്ഷികള്‍ ഒരുങ്ങിയിരിപ്പുണ്ട്‌
ഒരാജ്ഞയുടെ മുനയിലൂടെ പറന്നുയര്‍ന്ന്‌
നിന്‍ വിശപ്പ്‌
എന്നെന്നേക്കുമായി ഇല്ലാതാക്കുവാന്‍.

വിശപ്പിണ്റ്റെ കാവല്‍ക്കാരനായ
നിന്‍ ഒട്ടിയ വയറ്‌ കാണാതെ
തൊലിനിറം നോക്കിയാക്രമിക്കും
ജൈവായുധങ്ങളുടെ ആധുനികത..

പരമാധികാരം പണം കൊടുത്ത്‌
വാങ്ങുന്ന നിന്‍ യജമാനന്‍മാര്‍
പടിഞ്ഞാറിണ്റ്റെ മാനം നോക്കി
നിന്‍ ദൈന്യത പോലുമൊറ്റ്‌ കൊടുക്കുന്നു..

ഇനി സമയമായി
കണ്ണ്‌ മഞ്ഞളിപ്പിക്കുന്ന
പകല്‍ക്കാഴ്ചകളിലേക്ക്‌ തുറക്കുന്ന
നിന്‍ ജാലകങ്ങള്‍ക്ക്‌ തഴുതിട്ട്‌
ഉള്‍ക്കണ്ണ്‌ തുറന്ന്‌ സത്യമറിയുവാന്‍,
ഉണര്‍ന്നെഴുന്നേല്‍ക്കുവാന്‍....
അശാന്തം, മുയല്‍പ്പന്നികള്‍- വി.കെ. പ്രമോദിണ്റ്റെ കവിതാ സമാഹാരങ്ങളിലേക്ക്‌ ഒരു എത്തിനോട്ടം
വി.കെ പ്രമോദ്‌, ഒരു ജൂണ്‍ മഴ അപഹരിച്ച കവി ഹൃദയം..അദ്ദേഹത്തിണ്റ്റെ ആദ്യ കവിതാ സമാഹാരമാണ്‌ അശാന്തം. മുയല്‍ പന്നികള്‍ എന്നത്‌ മരണശേഷം അപ്രകാശിത രചനകള്‍ കണ്ടെടുത്ത്‌ പ്രമോദിണ്റ്റെ സുഹൃത്തുക്കള്‍ പ്രസിദ്ദീകരിച്ചത്‌. അവയുടെ വായനാനുഭവം പങ്കു വെക്കുന്നു..

ഭൌതികവും സൈദ്ധാന്തികവും ദാര്‍ശനികവുമായ തലങ്ങളില്‍ ഭാഷ അനുരണനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങുമ്പോഴാണ്‌ കവിത എന്താണെന്ന്‌ നാമറിയുന്നത്‌. പുതിയ കവിതയുടെ ഇടം വിശാലവും ബഹുസ്വരവുമാണ്‌. പുതു കവിതയുടെ സാമാന്യ ലക്ഷണങ്ങള്‍ ഒക്കെ പേറുമ്പോള്‍ തന്നെ വി.കെ.പ്രമോദിണ്റ്റെ കവിതകളിലെ ജീവിത ദര്‍ശനവും രാഷ്ട്രീയവും കാവ്യ ബിംബങ്ങളും ഒക്കെ പുതു കവിതയുടെ സാധാരണ വഴിയില്‍ നിന്നു മാറി നടക്കാന്‍ കവി കാണിച്ച വ്യഗ്രതയും സൂക്ഷ്മതയും നമുക്ക്‌ വെളിവാക്കി തരുന്നു..

വി.കെ. പ്രമോദിണ്റ്റെ രണ്ട്‌ കവിതാ സമാഹാരങ്ങളിലെ ഏതാനും കവിതകളാണ്‌ ഞാനിവിടെ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌. അശാന്തം എന്ന സമാഹാരത്തില്‍ പ്രമോദ്‌ തന്നെ പറഞ്ഞതു പോലെ പ്രത്യാശയുടെ വരണ്ട ഭൂമിയില്‍ നിന്നും സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ലോകത്തേക്ക്‌ ഒരു ജാലകം തുറന്നിടുക തന്നെയാണ്‌ ഈ കവിതകള്‍.

വര്‍ത്തമാനം ഒരു മൃഗമാണ്‌.
കാടിണ്റ്റെ ഹരിതകം കുത്തിയിളക്കി
എല്ലാ നദികളും കുടിച്ചൊടുക്കി
മേഘങ്ങള്‍ക്ക്‌ നേരെ മുക്രയിട്ട്‌
മൃഗം കൊമ്പ്‌ കുത്തുന്നു.

വര്‍ത്തമാനം എന്ന ആദ്യ കവിതയില്‍ തന്നെ അരാഷ്ട്രീയ വാദികളായ അനേകം പുതു കവികളുടെ വഴിയിലല്ല താനെന്ന്‌ കവി തെളിയിക്കുന്നു.. സമകാലിക സാമൂഹ്യ അവസ്ഥകള്‍ വരച്ചു കാണിക്കുന്നതിലൂടെ നമ്മുടെ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണം പോലെയുള്ള വിപത്തുകളുടെ ഭയാനകതയെ ഈ വരികള്‍ നമ്മെ ഓര്‍മിപ്പിക്കും. കവിത അവസാനിപ്പിക്കുന്നത്‌ ഈ വിപത്തുകള്‍ക്ക്‌ നേരെയുള്ള ഒരു മുന്നറിയിപ്പുമായാണ്‌. സൂക്ഷിക്കുക! ജീവിതത്തിണ്റ്റെ പ്രവാഹത്തിലെല്ലാം, അവണ്റ്റെ കൈമുദ്രകള്‍ വീണിരിക്കുന്നു. കവി സമൂഹപ്രതിബദ്ധത ഉള്ളവനായിരിക്കുക കൂടി വേണം എന്നത്‌ പ്രമോദിണ്റ്റെ പല കവിതകളിലും അനുഭവവേദ്യമാകുന്നുണ്ട്‌.

പുതുമഴകള്‍ പെയ്യണം എന്ന കവിത ഒരു തുടക്കക്കാരണ്റ്റെ ശരാശരി കവിതയായി വിലയിരുത്താമെങ്കിലും എല്ലാ നന്‍മകളും അസ്തമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത്‌ എല്ലാ തിന്‍മകള്‍ക്കും മേലെ നന്‍മയുടെ, നല്ല കവിതകളുടെ, സ്നേഹത്തിണ്റ്റെ ഒക്കെ പുതു നാമ്പുകള്‍ക്കായി തുടിക്കുന്ന ഒരു ഹൃദയം നമുക്കായി വരച്ചിടപ്പെട്ടിരിക്കുന്നു..
ഇവിടെയീ,
നഗരാര്‍ത്ത ജാലകം തുറന്നു വെക്കുമ്പോള്‍
കണ്ണില്‍ വേച്ചു പോകുന്നു
നഷ്ട നിദ്രകള്‍.

അശാന്തം എന്ന കവിത പേരു പോലെ തന്നെ. ഒരു നല്ല കവിക്കു വേണ്ടതായ കയ്യടക്കമുള്ള വരികള്‍. സൂക്ഷമമായി ഭാഷ പ്രയോഗിച്ചിരിക്കുന്നതിണ്റ്റെ മനോഹാരിത ഈ വരികളിലുണ്ട്‌. അതിലൂടെ സഞ്ചരിച്ചു കഴിയുമ്പോള്‍ അശാന്തിയുടെ ഒരു പര്‍വത്തിലേക്ക്‌ നമ്മുടെ മനസ്സും ചെന്നെത്തിപ്പോകുന്നു.. നഷ്ടമാകുന്ന നമ്മുടെ ഭൂസമ്പന്നതയെ, നഷ്ട പൈതൃകങ്ങളെ ഒക്കെ ഓര്‍ത്ത്‌ വിലപിക്കുന്ന മനസ്സ്‌ ഇവിടെയും കാണാം നമുക്ക്‌.

ഒരു തുലാവര്‍ഷ മഴ പോലെ നീ
എന്നെ നനയ്ക്കുക
ദാഹിക്കുമ്പോള്‍
ചുംബനങ്ങളുടെഒരു ചഷകം തരുക.

ഒരു ഉത്തരാധുനിക കവിത എന്ന കവിതയിലെ വരികളാണിത്‌. പ്രണയം, അത്‌ അന്യമൊന്നുമല്ല ഈ കവിക്ക്‌. പ്രമോദിണ്റ്റെ ചില കവിതകളില്‍ പ്രണയം അതിണ്റ്റെ എല്ലാ വന്യതയോടെയും അനുഭവവേദ്യമാകുന്നു നമുക്ക്‌. ആറിത്തണുക്കാത്ത കനലു പോലെ അതു ഓരോ കവിതയിലും തിളങ്ങുന്നു.. പ്രണയത്തെ വിദൂര പ്രകാശവും നിലാവും നിഴലും കടലിണ്റ്റെ പ്രക്ഷുബ്ധതയുമായി പല കവിതകളിലും അനുഭവവേദ്യമാകുന്നു.

സമാഹാരത്തിലെ മറ്റ്‌ ചില കവിതകളായ ഹൃദയഹാരിയായ ഒരു സായന്തനം, യൌവനം, പാബ്ളോ നെരൂദക്ക്‌, ക്ഷതചിത്രങ്ങളുടെ ജന്‍മം, ആതുരാലയത്തില്‍, പരിവര്‍ത്തനം തുടങ്ങിയവയൊക്കെ തന്നെ വ്യത്യസ്തങ്ങളായ വായനാനുഭവങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. ജീവിതത്തിണ്റ്റെ ചൂടും ചൂരും ഗൃഹാതുരതയും ഒക്കെ കൂടിക്കലര്‍ന്ന വരികള്‍.

ജൂണ്‍ 26, അവിചാരിതമായി പ്രമോദ്‌ തങ്ങളെ വിട്ടകന്നപ്പോള്‍ ആ നല്ല കൂട്ടുകാരണ്റ്റെ മറ്റ്‌ കവിതകള്‍ തേടിപ്പിടിച്ച്‌ നാടക പഠന കേന്ദ്രം പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചതാണ്‌ രണ്ടാമത്തെ കവിതാ സമാഹാരമായ മുയല്‍പ്പന്നികള്‍. അതിലെ കവിതകളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ഒരു തുടക്കക്കാരണ്റ്റെ രചനകള്‍ക്കുപരിയായി ശരിയായ രാഷ്ട്രീയ അവബോധമുള്ള, പുതിയ നാഗരികത മനുഷ്യാനുഭവത്തെ മുഴുവന്‍ അര്‍ത്ഥശൂന്യമായ ഇടങ്ങളിലേക്കു ഓടിക്കുകയാണെന്ന വസ്തുത തിരിച്ചറിയുന്ന ഒരു കവിയെ നമുക്കു പരിചയപ്പെടുത്തി തരുന്നു.

ആദ്യ കവിതയായ ജൂണ്‍ മഴ, തണ്റ്റെ പ്രേമത്തെ അതു വിളിച്ചുണര്‍ത്തുന്നു എന്നു പാടുന്നു കവി. ഇവിടെ പ്രണയത്തിണ്റ്റെ ഭാവം സ്നിഗ്ധമാണ്‌. മറ്റു ചില കവിതകളില്‍ കാണുന്ന വന്യത അതിനില്ല..

സമാഹാരത്തിലെ മികച്ച കവിതകളില്‍ ഒന്നായി എനിക്കനുഭവപ്പെട്ട ഇരകള്‍ എന്ന കവിത പ്രമോദിണ്റ്റെ രാഷ്ട്രീയ അവബോധത്തിനു ഉത്തമ ഉദാഹരണമാണ്‌. "
ഇത്രയേറെ കണ്ണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍
നമുക്ക്‌ പോരാടിയെ പറ്റൂ
നിത്യമായ സമാധാനം നിലനിര്‍ത്തിയെ പറ്റൂ
അന്ന്‌, മേഘങ്ങള്‍ ചോര പെയ്ത്‌ തെളിഞ്ഞ്‌
ഭൂമിയില്‍ ഒരു വസന്തം വരും
കാറ്റ്‌ വസന്തത്തിണ്റ്റെ സുഗന്ധം
എല്ലാ ദിക്കുകളിലുമെത്തിക്കും
അപ്പോള്‍ എല്ലാ ജീവജാലങ്ങളും
പരസ്പരം അഭിസംബോധന ചെയ്യും
സഖാവേ, സഹോദരാ'

നവലിബറല്‍ കാലത്തിണ്റ്റെ വിഷജലത്തില്‍ മുക്കിക്കൊല്ലുന്ന ഒരു പോസ്റ്റ്‌ മോഡേണ്‍ അവസ്ഥയുടെ ഉല്‍പ്പന്നമാണ്‌ മനുഷ്യലോകം ഇന്നനുഭവിക്കുന്നത്‌,. കോമാളിക്കളികളോ അസംബന്ധ നാടകങ്ങളോ ആയിത്തീരുന്ന ജീവിതത്തിണ്റ്റെ നിരാലംബതയെ രാഷ്ട്രീയമായി തിരിച്ചറിയുവാന്‍ ഈ കവിതയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രവാസിക്കൊരു കുറിപ്പ്‌ എന്ന കവിത, പ്രവാസാനുഭവങ്ങളെ നാട്ടില്‍ നിന്നു നോക്കിക്കാണുന്ന ഒരാളുടെ കാഴ്ചപ്പാടില്‍ നിന്നുള്ളതാണ്‌. പക്ഷെ അതു പലര്‍ക്കും നേരനുഭവമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.. ഒരുവന്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം പകര്‍ത്തി വെക്കാം ആ കുറിപ്പു പരിപൂര്‍ണവും അര്‍ത്ഥവത്തുമാക്കാം, പക്ഷേ കേട്ടറിവില്‍ നിന്നോ ഭാവനയില്‍ നിന്നോ മറ്റൊരു ലോകത്തെ ആവിഷ്കരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറിയ പതര്‍ച്ച ഈ കവിതയില്‍ പ്രകടമാകുന്നുണ്ട്‌. എന്നാല്‍ തന്നെയും പ്രവാസി എന്നും അനുഭവിക്കുന്ന ഗൃഹാതുരതയും നാട്ടിലെത്തുമ്പോള്‍ പ്രകടിപ്പിക്കുന്ന ജാഡകളും ഒക്കെ ഈ കവിതയില്‍ അനുഭവവേദ്യമാകുന്നു.

പ്രമോദിണ്റ്റെ കവിതകളില്‍ എനിക്കു ഏറെ ഇഷ്ടപ്പെട്ടത്‌ നഷ്ടപ്പെട്ട മുങ്ങള്‍ എന്ന കവിതയാണ്‌.
താരാട്ടിണ്റ്റെ ഈണം കൊതിച്ചവള്‍
ജീവിതത്തിണ്റ്റെ താളം വില്‍ക്കുന്നു
ക്രൂരതയുടെ ഇരട്ട മൌനത്തില്‍
ഭ്രൂണങ്ങളില്‍ ബലിയാടായ
കുട്ടികളുടെകൂട്ടക്കരച്ചില്‍.

ഒരു നല്ല കവി എന്തായിരിക്കണമെന്ന്‌ പ്രമോദ്‌ നമുക്കു മനസ്സിലാക്കി തരുന്നു. ഇതേ കവിതയില്‍ തന്നെ അവസാനം എഴുതുന്നു.

മടുപ്പിക്കുന്ന എണ്റ്റെയീ
ഏകാന്തതകളില്‍ നിന്നും
ലീപോ*
ഞാന്‍ നിന്നിലേക്ക്‌ മടങ്ങി വരികയാണ്‌.
സൌന്ദര്യത്തിണ്റ്റെ നിറം കുടിച്ച്‌
കവിതയുടെ നിറ നിലാവില്‍
വീണ്ടും വീണ്ടും മുങ്ങി മരിക്കാന്‍.

**ഈ വരികളും ജൂണ്‍ മഴ എന്ന കവിതയിലെ വരികളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ മരണത്തിനു മുന്‍പേ തന്നെ തണ്റ്റെ രചനകളിലൂടെ സൂചകങ്ങള്‍ നല്‍കിയ കസാന്ദ്സാകിസിണ്റ്റേതു പോലെ ഒരു ദീര്‍ഘദര്‍ശിത്വം പ്രമോദിനുണ്ടായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

സ്വതന്ത്രവും മൌലികവുമായ ഒരു കാഴ്ചപ്പാട്‌ പ്രമോദിണ്റ്റെ മിക്ക കവിതകളും വച്ചു പുലര്‍ത്തുന്നു.. വരണ്ട ഭാഷയില്‍ എഴുതിയാല്‍ ഒരു രചനയും ആവര്‍ത്തിച്ചു വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയില്ല എന്ന തിരിച്ചറിവുള്ള കവിയാണ്‌ പ്രമോദ്‌. പ്രമോദിണ്റ്റെ ആകസ്മിക വിയോഗത്തിലൂടെ നമുക്കു നഷ്ടമായത്‌ ഒരു നല്ല കവിയെ ആണെന്നു നിസ്സംശയം പറയാനാവും.. രണ്ട്‌ സമാഹാരത്തിലെയും കവിതകള്‍ അതിനു അടിവരയിടുന്നു...

* ലീപോ, വഞ്ചി മറിഞ്ഞു മരണം വരിച്ച കവി..
**
വി.കെ. പ്രമോദിണ്റ്റെ ആകസ്മിക നിര്യാണവും ഒരു പുഴയില്‍ മുങ്ങി മരിച്ചായിരുന്നു..
എന്ത്‌ കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്‌
നാട്‌ കാണാനാവാതെ കഴിഞ്ഞ 5.5 വര്‍ഷക്കാലം കേരളത്തിണ്റ്റെ ദുരവസ്ഥക്ക്‌ ഞാന്‍ കുറ്റം പറഞ്ഞത്‌ രാഷ്ട്റീയക്കാരെ ആയിരുന്നില്ല. ഉദ്ദ്യോഗസ്ഥരെ ആയിരുന്നു. രാഷ്ട്രീയക്കാരെ പോലും വഴി തെറ്റിക്കാന്‍ അവര്‍ക്ക്‌ കഴിയുമെന്നായിരുന്നു എണ്റ്റെ കണക്കു കൂട്ടല്‍..കഴിവും ഇച്ഛാശക്തിയുമുള്ള ഉദ്ദ്യോഗസ്ഥന്‍ ഉണ്ടായാല്‍ നാടിണ്റ്റെ മുഖഛായ തന്നെ മാറ്റി എടുക്കാന്‍ കഴിയും.. വിദേശരാജ്യങ്ങളിലും ബാംഗ്ളൂരിലുമുള്ള അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട ഐ.റ്റി. സുഹൃത്തുക്കളോട്‌ അതിണ്റ്റെ പേരില്‍ ഞാന്‍ വഴക്കുണ്ടാക്കിയതിനു കണക്കില്ല..

നാട്ടില്‍ എത്തിയതിനു ശേഷം താല്‍ക്കാലികമായി ഒരു പഞ്ചായത്ത്‌ ഓഫീസില്‍ ജോലി ചെയ്തു വരുകയാണു ഞാന്‍. നമ്മുടെ നാടിനു അന്യമായിക്കൊണ്ടിരിക്കുന്ന ഒരു നല്ല മനസ്സിണ്റ്റെ ഉടമയെ അവിടെ എനിക്കു കാണാനായി, ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയി.. ഇന്നത്തെക്കാലത്തും ഇത്രയും നല്ല മനുഷ്യരുണ്ടോ എന്ന്.. പിന്നെ ഞാന്‍ വര്‍ക്ക്‌ ചെയ്യുന്ന പഞ്ചായത്ത്‌ ഓഫീസിനു നല്ല പേരാണു, അതു കൊണ്ട്‌ തന്നെ അവിടെ ജോലിക്കു വരാന്‍ ഒരുമാതിരിപ്പെട്ടവര്‍ ഒക്കെ മടിക്കും. അങ്ങനെ ഉള്ള പഞ്ചായത്തിലേക്കാണ്‌ അദ്ദേഹം വന്നത്‌.. ഒരു ചലഞ്ച്‌ ആണു താന്‍ ഏറ്റെടുക്കുന്നത്‌ എന്നു അറിഞ്ഞു കൊണ്ട്‌ തന്നെ.

വളരെ ചുരുങ്ങിയ കാലയളവ്‌ കൊണ്ട്‌ തന്നെ പഞ്ചായത്ത്‌ കമ്മറ്റിയുടെയും സഹപ്രവര്‍ത്തകരുടെയും സര്‍വോപരി നാട്ടുകാരുടെയും സ്നേഹാദരവ്‌ പിടിച്ചു പറ്റാന്‍ അദ്ദേഹത്തിനായി. താല്‍ക്കാലിക ജീവനക്കാരന്‍ ആണെങ്കില്‍ തന്നെയും കുടുംബത്തിലെ ഒരംഗത്തെ പോെലെ എന്നെ കാണുകയും ഉപദേശിക്കുകയും അറിയാത്തത്‌ പലതും പറഞ്ഞു തരികയും ഒക്കെ ചെയ്തു അദ്ദേഹം. പക്ഷേ കെ.മുരളീധരന്‍ ഐ.എ.എസ്‌ എന്ന പഞ്ചായത്ത്‌ ഡയറക്ടറുടെ ഇന്നത്തെ ഒരുത്തരവ്‌ ഞങ്ങളില്‍ പലര്‍ക്കും താങ്ങാവുന്നതില്‍ അപ്പുറം ആയിരുന്നു. തനിക്കു മുന്‍പേ ഇരുന്ന പഞ്ചായത്ത്‌ സെക്റട്ടറി ചെയ്തു വച്ച കൊള്ളരുതായ്മക്കു ബലിയാടാകേണ്ടി വന്നിരിക്കുന്നു അദ്ദേഹത്തിനു.. 6 മാസം സസ്പെന്‍ഷന്‍.. അദ്ദേഹത്തിണ്റ്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ സംഭവം ആയിരിക്കാം ഇത്‌.അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ള, കൂടെ ജോലി ചെയ്തിട്ടുള്ള ആര്‍ക്കും ഒരു പക്ഷേ താങ്ങാനാവില്ല ഇത്‌... പക്ഷേ, വിശദമായ ഒരു അന്വേഷണം നടത്താതെ ഇങ്ങനെ ഒരു തീരുമാനം എടുത്ത പഞ്ചായത്ത്‌ ഡയറക്ടറുടെ നടപടി ഉത്തരവാദിത്വമില്ലായ്മക്കും കെടൂകാര്യസ്തതക്കും ഉത്തമ ഉദാഹരണമാണെന്നു പറയാതെ വയ്യ.

അദ്ദേഹത്തിനു ഈ കാലയളവ്‌ താണ്ടാന്‍ മനക്കരുത്തും ധൈര്യവും നല്‍കണമെന്ന പ്രാര്‍ത്ഥനക്കൊപ്പം ഒരു കാര്യം ഒരിക്കല്‍ കൂടെ അടിവരയിട്ടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഐ.എ.എസ്‌ എന്ന മൂന്നക്ഷരവും ഏറാന്‍ മൂളികളായ ചിലര്‍ ചുറ്റിനും ഉണ്ടെങ്കിലും തണ്റ്റെ ഡിപ്പാര്‍ട്ടെമണ്റ്റ്‌ നന്നാകണമെന്നില്ല. അതിനു കൂടെ ജോലി ചെയ്യുന്നവരെ മനസ്സിലാക്കാനുള്ള മനസ്സും കാര്യങ്ങള്‍ അന്വേഷിച്ച്‌ മനസ്സിലാക്കി വിവേകപൂര്‍വം തീരുമാനം എടുക്കാനുള്ള കഴിവും വേണം..

രാഷ്ട്രീയക്കാരെക്കാള്‍ മോശമാണ്‌ ഉദ്ദ്യോഗസ്ഥ ദുഷ്പ്രഭുക്കള്‍ എന്നു പറയേണ്ടി വരുന്നത്‌ ഇത്തരം സന്ദര്‍ഭങ്ങളിലാണ്‌..
നോട്ടം
ഒരു നോട്ടത്തില്‍ നിന്ന്‌
ഗ്രഹിക്കാമൊരുപാട്‌ !!

എങ്ങോ കൊളുത്തിയ
നോട്ടത്തില്‍ നിന്നാവാം
അനുരാഗത്തിന്‍ നാമ്പിലൊന്ന്‌ ....

ചിലപ്പോളൊരു നോട്ടമേറ്റ്‌
മനസ്സ്‌ കളഞ്ഞു പോയേക്കാം

നോട്ടത്തില്‍ നിന്നൊരു
മുറിവുണ്ടായേക്കാം,
മുറിവില്‍ നിന്നൊരു പുഴയും..

ദൈന്യമായ ചില നോട്ടങ്ങള്‍
ചില നേരങ്ങളില്‍
കണ്ടില്ലെന്നു നടിച്ചേക്കാം..

ഓര്‍ക്കാനിഷ്ടമില്ലാത്ത ചിലത്‌
അസ്വസ്തമായ സ്വപ്നങ്ങളില്‍
പതുങ്ങിയെത്താറുണ്ട്‌
കള്ളനെപ്പോലെ...

ഒരു വാക്കു പോലുമില്ലാതെ
യാത്രാമൊഴി ചൊല്ലുവാനും
ചിലപ്പോളൊരു നോട്ടം മതി..

F¨Ê വാചാലതയെ
നോട്ടം കൊണ്ടളന്ന്‌
ഒരു വാക്കും മിണ്ടാതെ കടന്നവളേ,
ഞാനിന്നറിയുന്നു
കാകദൃഷ്ടിയായിരുന്നു നിണ്റ്റേതെന്ന്‌....
ഒരു കവിത, ചിലപ്പോള്‍ പ്രണയമാവാം.
F¨Ê കണ്ണുകള്‍
c¢¨Ê തലമുറകള്‍ക്ക്‌
നക്ഷത്രങ്ങളുടെ
നിറ വെളിച്ചമാവും

F¨Ê വരികള്‍
നിന്‍ ജീര്‍ണ ഭൂതകാലത്തിന്‍
കറുത്ത പാപങ്ങള്‍ക്ക്‌
അഗ്നി ശുദ്ധിയേകും

F¨Ê പ്രണയം
ചാവുകിടക്കയില്‍
c¢¨Ê മോഹങ്ങള്‍ക്ക്‌
വര്‍ണച്ചിറകുകളേകും..

അപ്പോഴൊക്കെ
ഒരു നാളും പെയ്യാനിടയില്ലാത്ത
മഴക്കു വേണ്ടിയെന്ന പോലെ
c¢¨Ê വരവിനായി
ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കും
മഴയും ഞാനും, ഒരനുഭവം..
അഞ്ചര വര്‍ഷക്കാലം നീണ്ടു നിന്ന പ്രവാസജീവിതത്തിനിടയില്‍ അനുഭവിക്കാനാവാതെ പോയ സൌഭാഗ്യങ്ങളില്‍ ഒന്നായിരുന്നു മഴ എനിക്ക്‌, അതു കൊണ്ടാവാം മഴയെ ഞാന്‍ ഈയിടെ ഒരു പാട്‌ സ്നേഹിക്കുന്നത്‌... പ്രതിരോധിക്കാനുള്ളതല്ല മഴ, അതു ആസ്വദിക്കാനുള്ളതാണ്‌, ഓരോ തുള്ളിയും ശരീരവും മനസ്സും തണുപ്പിച്ച്‌ പെയ്തിറങ്ങാന്‍ കൊതിച്ച്‌.... കഴിഞ്ഞ ദിവസം അതു കൊണ്ട്‌ തന്നെ മഴക്കോട്ട്‌ ഒക്കെ ഒഴിവാക്കി 2000ല്‍ സ്വന്തമാക്കിയ F¨Ê ഹീറോഹോണ്ട സ്പ്ളെണ്ടറില്‍ ഓഫീസിലേക്ക്‌ മഴ നനഞ്ഞു ഒരു യാത്ര....

ഓഫീസില്‍ എത്തിയാല്‍ ധരിക്കാനായി ചോറു പൊതിയുടെ കൂടെ ഒരു ഷര്‍ട്ടും എടുത്തു വച്ചിരുന്നു. കരുമാടി ആയപ്പോള്‍ ദാ കിടക്കുന്നു.. പൊതിയും ഷര്‍ട്ടും എല്ലാം വെള്ളത്തില്‍.. മറ്റ്‌ പലപ്പോഴും സംഭവിക്കുന്നത്‌ പോലെ
F¨Ê അഹങ്കാരത്തിനു കിട്ടിയ ഒരടി കൂടെ..

എന്തായാലും ഒന്നു മനസ്സിലായി.. സഖാവ്‌.പിണറായിയുടെ മനസ്സു പോലെ തന്നെ നല്ല കട്ടിയുണ്ട്‌ ദേശാഭിമാനി പത്രത്തിനും എന്നു... റോഡില്‍ വെള്ളത്തില്‍ വീണിട്ടും പൊതിച്ചോറിനു ഒന്നും സംഭവിച്ചില്ല..
പിതൃത്വം...
പൂവായ്‌ നീ വിരിഞ്ഞ നേരം
ഇലയായ്‌ പൊഴിഞ്ഞത്‌ ഞാന്‍.

മന്ദഹാസത്തിന്‍ പീഠഭൂമിയില്‍
ശയ്യയൊരുക്കി നീ ശയിക്കുമ്പോള്‍
വാക്കുകളുടെ കനല്‍ച്ചൂടില്‍
പൊള്ളിപ്പിടഞ്ഞത്‌ ഞാന്‍.

നിറവസന്തത്തിന്‍ സമൃദ്ധിയായ്‌ നീ,
ഗ്രീഷ്മത്തിന്‍ വറുതിയായ്‌ ഞാന്‍

ഒരു മൂര്‍ഛയുടെ വേഗതാളത്തില്‍ നീ,
വേര്‍പിരിയലിന്നനിവാര്യതയില്‍ ഞാന്‍...

ഒടുവില്‍ ചെന്നിനായകം തേടി നീയലഞ്ഞ നാള്‍
ഭ്രൂണഹത്യ ചെയ്യാതിരുന്നതിന്‍ വ്യഥയുമായ്‌ ഞാന്‍ !!!!

ഭ്രാന്ത്‌..
നിന്നില്‍ നിന്നു പകര്‍ന്നതല്ല.
പകര്‍ച്ചവ്യാധിയല്ലാത്തത്‌
പകരുന്നതെങ്ങനെ.

പണ്ടേ കൂടെയുണ്ടായിരുന്നിരിക്കാമെനിക്കൊപ്പം
നീ കാണാതെ പോയതാവാം..

വൃത്തമില്ലാതെ കവിതയെഴുതുന്നത്‌
കാമം ശമിപ്പിക്കാനെന്നു നീ... .
ഭ്രാന്തും കാമവും തമ്മിലെന്തു ബന്ധം..

നിറങ്ങളന്യമാക്കപ്പെട്ടവണ്റ്റെ
വേദന പകര്‍ത്താന്‍ വൃത്തമെന്തിനു?..

എണ്റ്റേതെന്നു പറയാന്‍ എനിക്കെന്താണുള്ളത്‌?
എനിക്കും നിനക്കുമിടയില്‍
വാക്കുകളാല്‍ തീര്‍ത്ത മുള്ളുവേലികളല്ലാതെ?
കുന്തിരിക്കം മണക്കുന്ന രാത്രികള്‍
സ്വപ്നങ്ങള്‍ക്കെന്നും ഒരേ മണമായിരുന്നു,
നടന്നു പോയ വഴികള്‍ക്കും!
പുകയുന്ന കുന്തിരിക്കത്തിണ്റ്റെ
മൂക്കു തുളച്ചു കയറുന്ന മണം.

ചെറുപ്പത്തില്‍ ആദ്യം കണ്ട മരണം
ആരുടേതെന്നോര്‍മയില്ല, ഇന്നും..
കണ്ടറിഞ്ഞ മരണങ്ങളേക്കാള്‍
കാണാനാവാതെ പോയവ ഓര്‍ത്തായിരുന്നു ദു:ഖം

അനുഭവിക്കാനാവാതെ പോയ
കുന്തിരിക്കത്തിണ്റ്റെ മണമോര്‍ത്തായിരിക്കുമോ?
ചങ്കു പിളര്‍ക്കുന്ന ആര്‍ത്തനാദത്തിണ്റ്റെ
ഭാഗമാകാനാവാതെ പോയതു കൊണ്ടാവുമോ??

വെണ്ണീറായ്‌ തീരുന്നതിനു മുമ്പ്‌
ഒന്നു കാണാനാവാതെ പോയവരെ ഓര്‍ത്ത്‌
മനസ്സിപ്പോഴും പുകയാറുണ്ട്‌,
കുന്തിരിക്കം പോലെ!!!
വേഷപ്പകര്‍ച്ച.
ദാനം കിട്ടിയ കഞ്ചുകമഴിക്കാമിനി
നാടകം തീര്‍ക്കുവാന്‍ നേരമായ്‌
അക്ഷമരാണു കാണികളേറെയും.

അരങ്ങു നിറഞ്ഞാടിക്കിട്ടിയ
പ്രതിഫലം കയ്ക്കുന്നു കവര്‍ക്കുന്നു
അവഗനയായിരുന്നേറെയും.

മന്ദഹാസം കൊണ്ടു മറയിട്ട
മനസ്സിണ്റ്റെ മായാത്ത വേദന
ആരുമറിയാതെ തന്നിരിക്കട്ടെ.

കുരുടണ്റ്റെ കാഴ്ച പോല്‍
കാണികള്‍ കണ്ടതു
തണ്റ്റെ ജീവിതമെന്നറിയാതിരിക്കട്ടെ.

നടികണ്റ്റെ വേഷമഴിച്ചിനി
കാണിയാവാമെത്ര കിടക്കുന്നു
കാണാനാവാതെ പോയ കാഴ്ചകള്‍.

ഭാവം പകര്‍ന്നാടിയ വേഷങ്ങള്‍
മറന്നുകൊണ്ടിനിയൊരു മടക്കയാത്ര
കളഞ്ഞു പോവാത്ത മനസ്സിണ്റ്റെ നേരുമായ്‌...
പകലിരവുകള്‍....
പകല്‍.................
പുതുമണ്ണില്‍ വെയിലിന്‍ വിത്തെറിഞ്ഞ
സൂര്യണ്റ്റെ കളിക്കുഞ്ഞായിരുന്നു.

രാവ്‌................
അനാവരണം ചെയ്യപ്പെടുന്ന
പ്രണയികളുടെ നഗ്നതക്കു
മൂടുപടമായ്‌ പകലിന്‍ നിഴല്‍.

നിലാവ്‌..................
രാവിനെ പ്രണയിച്ച
ചന്ദ്രണ്റ്റെ കണ്ണുകളില്‍നിന്നൊരു
തിളക്കം നദിയായൊഴുകിയത്‌.

നിദ്ര.....................
പൊള്ളിക്കുന്ന പകല്‍ക്കാഴ്ചകളില്‍ നിന്നാ-
ശ്വാസമേകി രാത്രികളില്‍ തഴുകിയെത്തുന്നു.

സ്വപ്നം............
നടക്കാത്ത മോഹങ്ങള്‍ക്കു രൂപമേകി
നിദ്രയില്‍ വിളിക്കാതെത്തുമതിഥി.

നീ..........
സൂര്യനെന്‍ പകല്‍ക്കിനാക്കളില്‍ വീണടിയുമ്പോള്‍,

പാതിരാസ്വപനത്തിലൊരു ചന്ദ്രനസ്തമിക്കുമ്പോള്‍,
ഒരു കുഞ്ഞു നക്ഷത്രമായ്‌ പുനര്‍ജനിക്കുന്നെന്‍
ഭ്രമാത്മക ദിനചര്യകളിലോര്‍മയായ്‌.!!

പുഴ. കോം പബ്ളിഷ്‌ ചെയ്തത്‌
സമവാക്യങ്ങള്‍....
ദ്രാവിഢപ്പെരുമകള്‍
ആര്യവംശാധിനിവേശങ്ങള്‍
കടമെടുത്ത ചാണക്യ തന്ത്രങ്ങള്‍
വഴി മറന്ന യാഗാശ്വം.

അന്ധത ബാധിച്ച മനസ്സുകളില്‍
അധികാരത്തിന്‍ ദുര നുരയുമ്പോള്‍
ബലിയാടുകളെപ്പോല്‍ കാണികള്‍ !

സമവാക്യങ്ങള്‍ മാറി മറിയുമ്പോള്‍
ആര്‍ത്തനാദങ്ങളായ്‌ തീര്‍ന്ന
മുദ്രാവാക്യങ്ങളില്‍ പിളരുന്നത്‌
പണ്ടേ മുറിവേല്‍പ്പിക്കപ്പെട്ട സംസ്കൃതി.

എന്നിട്ടും ചെയ്തു തീര്‍ക്കുവാന്‍
കൊടുംപാതകങ്ങളിനിയുമേറെ.