അമ്മ..
അമ്മ ഒരു കടുങ്കെട്ട്..
എത്ര അയയ്ക്കാന്‍ നോക്കിയാലും
മുറുകെപ്പിടിച്ച്
വരിഞ്ഞ് മുറുക്കുന്നത്..

പതിച്ചിയെന്നോ
ഡോക്ടറെന്നോ
നഴ്സ് എന്നോ
ഒക്കെ പേരുള്ളവര്‍
അറുത്തെറിഞ്ഞെന്നോ
മുറിച്ചു മാറ്റിയെന്നോ
മറ്റോ പറഞ്ഞു കേട്ടിട്ടുണ്ട്
പൊക്കിള്‍ക്കൊടി ബന്ധമൊന്നൊക്കെ..

ഇനി ഭാര്യയാണു ജീവിതമെന്നും
അതൊടുക്കത്തെ കെട്ടാണെന്നും
ആരൊക്കെയോ പറഞ്ഞ് പോയിട്ടുണ്ട്

അവരില്‍ ചിലരൊക്കെ
എന്നേ അഴിച്ചു വച്ചു
ഭാര്യ എന്ന വെറും കെട്ടിനെ,
അവള്‍ക്കോ അവനോ
അഴിക്കാവുന്ന.
എന്നേക്കും വേണ്ടെന്ന് വെക്കാനാവുന്ന
ചില വെറും കെട്ടിനെ..

പക്ഷേ എത്ര ശ്രമിച്ചാലും
അറുക്കാനാവാത്ത
അഴിക്കാനാവാത്ത
കടുങ്കെട്ടാണു അമ്മയെന്ന്
ആരും പറഞ്ഞ് തരേണ്ടതില്ല..

ഒന്നൊന്നര കെട്ടായി പോയില്ലേ
എന്റെ അമ്മേ..
അമ്മയോട്..
അവസാനത്തെ സഹനമായ
നീയെത്ര വിശുദ്ധയാണു,
സര്‍വേശ്വരനില്‍ നിന്നും
ആദ്യത്തെയനുഗ്രഹം
സിദ്ധിച്ചവളെപ്പോല്‍ ..

ഉച്ചക്കൊടും ചൂട്
വകവെക്കാതലയവേയെന്‍
ഉച്ചി പൊള്ളാഞ്ഞതും
പേടി സ്വപ്നങ്ങള്‍ പെരുമ്പാമ്പ് പോല്‍
വരിഞ്ഞു മുറുക്കവേയലറിക്കരഞ്ഞെന്‍
തൊണ്ട പൊട്ടാഞ്ഞതും
നിന്റെ പ്രാര്‍ത്ഥനയെന്‍
കവചമായതിന്‍ നിമിത്തമല്ലേ

നിന്റെ പ്രാര്‍ത്ഥനകള്‍
രാത്രിയില്‍ മഞ്ഞ് പെയ്യുന്ന പോല്‍
പതിഞ്ഞിരുന്നുവെങ്കിലും
എന്നെ സ്പര്‍ശിക്കാതെ പോയതെന്തേ?

കണ്ണീരുപ്പു കുഴച്ചു നീ
ചോറൂട്ടും വേളയിലെന്‍ മനം
പശിയടങ്ങാതൊരു
പലായനം കൊതിച്ചുവോ?

വഴിയറിയാതലഞ്ഞ വേളയിലെന്‍
കരം പിടിച്ചൊരേ നേര്‍വഴി
കാട്ടുവാനെത്ര സഹനതീരങ്ങള്‍ താണ്ടി നീ

തിരിച്ചറിവിന്റെ വൈകിയ വേളയില്‍
നീയാണു സത്യമെന്നറിയവേ
അമ്മയെന്ന പദമിന്ന്‍ കേട്ടാല്‍
അമ്മിഞ്ഞപ്പാലിന്‍
മാധുര്യമൂറുന്നെന്‍ നാവില്‍ ..

നാട് കാണാനാവാതെ അഞ്ചര വര്‍ഷം നീണ്ട പ്രവാസകാലത്ത് സൌദിഅറേബ്യയില്‍ വച്ച് കുറിച്ചിട്ടത്.. ഫേസ്ബുക്കിലെ “അ അമ്മ അമ്മിഞ്ഞ പേജിനു വേണ്ടി പൊടി തട്ടിയെടുത്തത്” ...
അവളോട് പറയാനാവാത്തത് (കഞ്ഞി കുടി മുട്ടിയാലോ)
ചപ്പാത്തിയെന്ന പേരിൽ
ഭൂഖണ്ഡങ്ങൾ രചിക്കുന്നവളേ,
അതിന്റെ കറിയിൽ
ഭൂഖണ്ഡാന്തര രുചികൾ
സന്നിവേശിപ്പിക്കുന്നവളേ
ഞാനിതാസ്വദിക്കുകയല്ല
സഹിക്കുകയാണെന്ന്
എങ്ങനെയാണു
നീ തിരിച്ചറിയുക...

(കവിതയല്ല, ആത്മരോഷം..)
വേനൽ, വേഗം,മഴ (ചില കുഞ്ഞു വരികൾ..)
1. കൊടും വേനൽ
പുഴയുടെ മാറിൽ
ചിത്രങ്ങൾ വരഞ്ഞു കൊണ്ടേയിരിക്കുന്നു..
 2. ഘടികാരമേ,
നിന്റെ സൂചികൾക്കെന്തിനീ വേഗം..
3. മഴേ,
നീയൊന്നു വന്നെങ്കിൽ
നനഞ്ഞില്ലാതായേനെ ഞാൻ.....