ഇനിയൊന്നുമില്ല എന്ന് കരുതിയ ഒരു പാതിരാത്രിയില്‍ ..

അന്ന്
എന്തൊക്കെയോ സംഭവിക്കുമെന്ന്
അറിയാമാ‍യിരുന്ന
ഒരേയൊരാള്‍
ഞാന്‍ മാത്രമായിരുന്നു.

അന്ന്,
അവസാനം വായിച്ചത്
പ്രണയം നഷ്ടപ്പെട്ടതിന്റെ പേരില്‍
ആത്മഹത്യ ചെയ്ത
ഒരുവന്റെ
അവസാന കവിതയായിരുന്നു..

അപ്പോള്‍ ഞാന്‍
കണ്മുന്നിലൂടെ,
കയ്യൊപ്പിട്ട ഒരു കവിതയിലൂടെ,
ജീവിതം ഇല്ലാതാവുന്നത്
അനുഭവിക്കുകയായിരുന്നു.

അന്ന്,
ഞാന്‍ മദ്യപിച്ചിരുന്നില്ല
സ്വബോധത്തോടെ വേണം
“അത്” ചെയ്യാനെന്ന്
എന്നെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു.

കേള്‍വിക്കാരില്ലാത്ത
ചില സങ്കടങ്ങള്‍ ,
‘അയ്യേ‘ യെന്ന് ആരൊക്കെയോ
മൂക്കത്ത് വിരല്‍ വെച്ച് നോവിക്കുന്ന
ചില വിഷമങ്ങള്‍
എന്നെ
വീര്‍പ്പു മുട്ടിച്ചു കൊണ്ടേയിരുന്നു..

അവസാനത്തെ
കവിതയെഴുതിയിട്ടു വേണം
“അത്” ചെയ്യാനെന്ന്
ഒരു വെളിപാടുണ്ടായത്
പെട്ടെന്നായിരുന്നു..

അതിന്റെ മറവില്‍
എഴുതാനിരുന്നു,
അവസാനത്തെ കവിതയെന്നോ
ജീവിതമെന്നോ
പിന്നെ എന്തൊക്കെയോ എന്ന്
ആരെങ്കിലുമൊക്കെ
വാഴ്ത്തിപ്പാടാന്‍ ,

എന്റേതെന്ന് കൈയൊപ്പിട്ട ഒന്ന്
എന്റേതായി,
എന്റെ മാത്രമായി
ഉണ്ടാവണമെന്ന് കരുതി..

അപ്പോഴാണ്
വാക്കുകളുടെ അഭാവം
ആദ്യമായി അനുഭവിച്ചത്.

വാക്കുകള്‍ക്ക് പകരം വന്നത്
പുഞ്ചിരിക്കുന്ന
മുഖങ്ങളായിരുന്നു.
എന്നുമുണ്ടെന്ന,
എന്നേക്കുമുണ്ടെന്ന
വാഗ്ദാനങ്ങളായിരുന്നു..

ഇനിയൊന്നുമില്ല
എന്ന് കരുതിയ
ആ പാതിരാത്രിയിലാണ്
ഇനിയുള്ളതെല്ലാം
എനിക്ക് വേണ്ടിയെന്ന്
തിരിച്ചറിഞ്ഞത്..

ഞാനിന്നും ജീവിച്ചിരിക്കുന്നതും..