പിതൃത്വം...
പൂവായ്‌ നീ വിരിഞ്ഞ നേരം
ഇലയായ്‌ പൊഴിഞ്ഞത്‌ ഞാന്‍.

മന്ദഹാസത്തിന്‍ പീഠഭൂമിയില്‍
ശയ്യയൊരുക്കി നീ ശയിക്കുമ്പോള്‍
വാക്കുകളുടെ കനല്‍ച്ചൂടില്‍
പൊള്ളിപ്പിടഞ്ഞത്‌ ഞാന്‍.

നിറവസന്തത്തിന്‍ സമൃദ്ധിയായ്‌ നീ,
ഗ്രീഷ്മത്തിന്‍ വറുതിയായ്‌ ഞാന്‍

ഒരു മൂര്‍ഛയുടെ വേഗതാളത്തില്‍ നീ,
വേര്‍പിരിയലിന്നനിവാര്യതയില്‍ ഞാന്‍...

ഒടുവില്‍ ചെന്നിനായകം തേടി നീയലഞ്ഞ നാള്‍
ഭ്രൂണഹത്യ ചെയ്യാതിരുന്നതിന്‍ വ്യഥയുമായ്‌ ഞാന്‍ !!!!

ഭ്രാന്ത്‌..
നിന്നില്‍ നിന്നു പകര്‍ന്നതല്ല.
പകര്‍ച്ചവ്യാധിയല്ലാത്തത്‌
പകരുന്നതെങ്ങനെ.

പണ്ടേ കൂടെയുണ്ടായിരുന്നിരിക്കാമെനിക്കൊപ്പം
നീ കാണാതെ പോയതാവാം..

വൃത്തമില്ലാതെ കവിതയെഴുതുന്നത്‌
കാമം ശമിപ്പിക്കാനെന്നു നീ... .
ഭ്രാന്തും കാമവും തമ്മിലെന്തു ബന്ധം..

നിറങ്ങളന്യമാക്കപ്പെട്ടവണ്റ്റെ
വേദന പകര്‍ത്താന്‍ വൃത്തമെന്തിനു?..

എണ്റ്റേതെന്നു പറയാന്‍ എനിക്കെന്താണുള്ളത്‌?
എനിക്കും നിനക്കുമിടയില്‍
വാക്കുകളാല്‍ തീര്‍ത്ത മുള്ളുവേലികളല്ലാതെ?
കുന്തിരിക്കം മണക്കുന്ന രാത്രികള്‍
സ്വപ്നങ്ങള്‍ക്കെന്നും ഒരേ മണമായിരുന്നു,
നടന്നു പോയ വഴികള്‍ക്കും!
പുകയുന്ന കുന്തിരിക്കത്തിണ്റ്റെ
മൂക്കു തുളച്ചു കയറുന്ന മണം.

ചെറുപ്പത്തില്‍ ആദ്യം കണ്ട മരണം
ആരുടേതെന്നോര്‍മയില്ല, ഇന്നും..
കണ്ടറിഞ്ഞ മരണങ്ങളേക്കാള്‍
കാണാനാവാതെ പോയവ ഓര്‍ത്തായിരുന്നു ദു:ഖം

അനുഭവിക്കാനാവാതെ പോയ
കുന്തിരിക്കത്തിണ്റ്റെ മണമോര്‍ത്തായിരിക്കുമോ?
ചങ്കു പിളര്‍ക്കുന്ന ആര്‍ത്തനാദത്തിണ്റ്റെ
ഭാഗമാകാനാവാതെ പോയതു കൊണ്ടാവുമോ??

വെണ്ണീറായ്‌ തീരുന്നതിനു മുമ്പ്‌
ഒന്നു കാണാനാവാതെ പോയവരെ ഓര്‍ത്ത്‌
മനസ്സിപ്പോഴും പുകയാറുണ്ട്‌,
കുന്തിരിക്കം പോലെ!!!
വേഷപ്പകര്‍ച്ച.
ദാനം കിട്ടിയ കഞ്ചുകമഴിക്കാമിനി
നാടകം തീര്‍ക്കുവാന്‍ നേരമായ്‌
അക്ഷമരാണു കാണികളേറെയും.

അരങ്ങു നിറഞ്ഞാടിക്കിട്ടിയ
പ്രതിഫലം കയ്ക്കുന്നു കവര്‍ക്കുന്നു
അവഗനയായിരുന്നേറെയും.

മന്ദഹാസം കൊണ്ടു മറയിട്ട
മനസ്സിണ്റ്റെ മായാത്ത വേദന
ആരുമറിയാതെ തന്നിരിക്കട്ടെ.

കുരുടണ്റ്റെ കാഴ്ച പോല്‍
കാണികള്‍ കണ്ടതു
തണ്റ്റെ ജീവിതമെന്നറിയാതിരിക്കട്ടെ.

നടികണ്റ്റെ വേഷമഴിച്ചിനി
കാണിയാവാമെത്ര കിടക്കുന്നു
കാണാനാവാതെ പോയ കാഴ്ചകള്‍.

ഭാവം പകര്‍ന്നാടിയ വേഷങ്ങള്‍
മറന്നുകൊണ്ടിനിയൊരു മടക്കയാത്ര
കളഞ്ഞു പോവാത്ത മനസ്സിണ്റ്റെ നേരുമായ്‌...
പകലിരവുകള്‍....
പകല്‍.................
പുതുമണ്ണില്‍ വെയിലിന്‍ വിത്തെറിഞ്ഞ
സൂര്യണ്റ്റെ കളിക്കുഞ്ഞായിരുന്നു.

രാവ്‌................
അനാവരണം ചെയ്യപ്പെടുന്ന
പ്രണയികളുടെ നഗ്നതക്കു
മൂടുപടമായ്‌ പകലിന്‍ നിഴല്‍.

നിലാവ്‌..................
രാവിനെ പ്രണയിച്ച
ചന്ദ്രണ്റ്റെ കണ്ണുകളില്‍നിന്നൊരു
തിളക്കം നദിയായൊഴുകിയത്‌.

നിദ്ര.....................
പൊള്ളിക്കുന്ന പകല്‍ക്കാഴ്ചകളില്‍ നിന്നാ-
ശ്വാസമേകി രാത്രികളില്‍ തഴുകിയെത്തുന്നു.

സ്വപ്നം............
നടക്കാത്ത മോഹങ്ങള്‍ക്കു രൂപമേകി
നിദ്രയില്‍ വിളിക്കാതെത്തുമതിഥി.

നീ..........
സൂര്യനെന്‍ പകല്‍ക്കിനാക്കളില്‍ വീണടിയുമ്പോള്‍,

പാതിരാസ്വപനത്തിലൊരു ചന്ദ്രനസ്തമിക്കുമ്പോള്‍,
ഒരു കുഞ്ഞു നക്ഷത്രമായ്‌ പുനര്‍ജനിക്കുന്നെന്‍
ഭ്രമാത്മക ദിനചര്യകളിലോര്‍മയായ്‌.!!

പുഴ. കോം പബ്ളിഷ്‌ ചെയ്തത്‌
സമവാക്യങ്ങള്‍....
ദ്രാവിഢപ്പെരുമകള്‍
ആര്യവംശാധിനിവേശങ്ങള്‍
കടമെടുത്ത ചാണക്യ തന്ത്രങ്ങള്‍
വഴി മറന്ന യാഗാശ്വം.

അന്ധത ബാധിച്ച മനസ്സുകളില്‍
അധികാരത്തിന്‍ ദുര നുരയുമ്പോള്‍
ബലിയാടുകളെപ്പോല്‍ കാണികള്‍ !

സമവാക്യങ്ങള്‍ മാറി മറിയുമ്പോള്‍
ആര്‍ത്തനാദങ്ങളായ്‌ തീര്‍ന്ന
മുദ്രാവാക്യങ്ങളില്‍ പിളരുന്നത്‌
പണ്ടേ മുറിവേല്‍പ്പിക്കപ്പെട്ട സംസ്കൃതി.

എന്നിട്ടും ചെയ്തു തീര്‍ക്കുവാന്‍
കൊടുംപാതകങ്ങളിനിയുമേറെ.