കാണാനാവാതെ പോയ സ്വപ്നം പോലെ ചിലത്, ഒരിക്കലും സംഭവിക്കാതെ പോകുന്ന ചിലത്, സംഭവിച്ചേക്കാവുന്ന ഒന്ന്..

കാണാനാവാതെ പോയ സ്വപ്നം പോലെ ചിലത്,
ഒരിക്കലും സംഭവിക്കാതെ പോകുന്ന ചിലത്, സംഭവിച്ചേക്കാവുന്ന ഒന്ന്..
=======================
ചില രാത്രികളില്‍
കൊതിക്കാറുണ്ട്
ചില സ്വപ്നങ്ങള്‍ കാണാന്‍ ...

ഒരിക്കലെങ്കിലും
ഒന്നു സ്ഖലിക്കാന്‍ ,
ഒരു സ്വപ്നത്തിലെങ്കിലും.. 


എവിടെ?

എന്നു പറയുന്നയിടത്താണ്
ചിലര്‍ക്ക് തോന്നുന്നത്

ഒരു സ്വപ്നം പോലും
സഫലമാവാത്ത ഒരുവനു
ജീവിതത്തെക്കുറിച്ച്
എന്ത് ആശകള്‍ എന്ന്,
എന്ത് ആശങ്കകള്‍ എന്ന്  ,

എന്നാലും ആശിച്ച് പോകാറുണ്ട്,
ചിലര്‍ക്കെങ്കിലും
സ്വപ്നമെങ്കിലും കാണാന്‍
വേണ്ടിയെങ്കിലും
ജീവിച്ച് കാണിക്കണമെന്ന്,

 ചിലര്‍ക്കെങ്കിലും

 സ്വപ്ന സമാനമായേക്കാവുന്ന
ഒരു ജീവിതത്തെക്കുറിച്ച്..


എന്റെ സങ്കടങ്ങള്‍ക്ക് മേല്‍

പുതച്ചുറങ്ങാന്‍
നിന്റെ സങ്കടങ്ങള്‍ക്ക് മേല്‍
പുതച്ചുറങ്ങാന്‍
തുന്നിക്കൂട്ടിയെടുക്കാനാവുന്ന
ഒരേ ആകൃതിയിലുള്ള
മേഘശലകങ്ങളായി
നാമൊഴുകുന്നതിനെ കുറിച്ച്..

ഒന്നുമില്ല എന്ന തിരിച്ചറിവിലും
ഒരിക്കലും സംഭവിക്കാത്ത,
അതിനിടയില്ലാത്ത ചിലത്
സ്വപ്നം കാണുന്ന ഒരുവനെ
എങ്ങനെയാണു
ചിലര്‍ക്ക് വ്യാഖ്യാനിക്കാനാവുക..

ഒന്നുമല്ല,
ഒന്നുമായില്ല,
ഒന്നുമാകാന്‍ പോകുന്നില്ല,
നീ പോലും എന്റെയല്ല,
എന്റേതാവില്ല,
എന്ന എന്റെ ആശങ്കയില്‍
ഞാനില്ലാതാവുന്നത്,
ഞാനല്ലാതെ
ഞാന്‍ മാത്രമല്ലാതെ
ആരറിയാന്‍  

എന്ന് പറഞ്ഞ് ഒഴിയാന്‍ മാത്രം
ഞാനാളല്ല..

എന്നുമുണ്ടെന്ന, 
എന്നേക്കുമുണ്ടെന്ന
വാഗ്ദാനത്തിന്റെ നിറവിനായി
നീ പൊരുതുന്നത്,
നിന്റെ വിനിമയം അടിയറ വച്ചത്,
തടവിലെന്നത് പോലെ...

നീ കരയുന്നില്ല
എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം
സംഭവിച്ചേക്കാവുന്ന,
ഇനിയും കാണാതെ പോയ
സ്വപ്നമായി 
നീയിരിക്കുന്നുവെന്ന്
വിശ്വസിക്കാനാണെനിക്കിഷ്ടം.. 

എന്റെയും നിന്റെയുമെന്ന്
വേര്‍തിരിക്കാനാവാത്ത,
നമ്മുടേത് മാത്രമെന്ന്
കാണിച്ച് കൊടുക്കേണ്ടിയിരിക്കുന്ന
ഒരാകാശം 
സ്വപ്നം കാണാനാണെനിക്കിഷ്ടം... 

 ഞാനുണ്ട് എന്ന തിരിച്ചറിവില്‍
നീ കാണുന്ന സ്വപ്നത്തിന്റെ
നിറവാകണം ഞാനെന്നതാണ്
എന്റെ അവസാനത്തെ സ്വപ്നം..