ഒരു കൊച്ചു സ്വപ്നം.
നിന്നെക്കുടി വയ്ക്കുവാനൊരു
വീടു പണിയാം ഞാന്‍
ഒറ്റയുമ്മ കൊണ്ടു നിന്നെ-
യൊരു വസന്തമാക്കുവാന്‍.

എണ്റ്റെ നിശബ്ദതയിലേക്കു
നിന്നെച്ചേര്‍ത്ത്‌ വയ്ക്കുവാന്‍.
കിനാവു കൊണ്ടതിന്‍
കതകുകളും ജനാലകളും

മഴത്തുള്ളി കൊണ്ടു മേല്‍ക്കൂര,
കണ്ണീരു കൊണ്ട്‌ തറ മെഴുകാം.
നിലാവിണ്റ്റെ നിറം ചുമരുകള്‍ക്ക്‌,
സ്നേഹത്തിരിയാല്‍ ദീപം കൊളുത്താം.

അവസാനത്തെ രാത്രിയില്‍
ഇലകളും മഞ്ഞുമിടകലര്‍ന്നു പെയ്യുമ്പോള്‍
അവസാനമില്ലാത്ത സ്വപ്നത്താല്‍
നിന്നെയെന്‍ വീട്ടുകാരിയാക്കും ഞാന്‍.

ആദ്യ പ്രണയത്തിണ്റ്റെ നാളുകളിലൊന്നില്‍ കോറിയിട്ടത്‌...
കവി ജീവിതം
നിസ്സാരമല്ലത്‌,
മഷിയൊഴിയാത്ത തൂലിക മാത്രം
പോരതിന്‌..

വിറക്കാത്ത വിരലുകള്‍ക്കൊപ്പം
പതറാത്ത മനവും, വൃണിതമെങ്കിലും
ജീവന്‍ ബാക്കിയുള്ള ഹൃദയവും വേണം
അന്നത്തില്‍ നിന്നൊരന്യണ്റ്റെ
കണ്ണീരിന്നുപ്പ്‌ രുചിക്കണം

ഇസങ്ങള്‍ വാരിപ്പുണര്‍ന്ന നാളുകളൂം
തഴുകിത്താലോലിച്ച കരങ്ങളും
മറന്നേ പോകണം.

നല്‍ക്കാഴ്ചയില്ലാത്ത പരിസരം കണ്ട്‌
കണ്ണുകളിറുക്കിയടച്ചന്ധത്വം വരിക്കാതെ
നീറുന്ന കാഴ്ചകള്‍ കണ്‍ നിറയെ കാണേണം
കാണാതെ പോയ കാഴ്ചകളോരോന്നും
തിളക്കും മനക്കണ്ണില്‍ മിഴിവോടെ കണ്ടിട്ട്‌
കാഴ്ചകള്‍ പോരായെങ്കില്‍
നിദ്രയെ സ്വപ്നങ്ങള്‍ക്ക്‌ ദാനം ചെയ്യേണം

പൊള്ളുന്ന വേദനകള്‍ മങ്ങാതെ മായാതെ
ജീവിത ലഹരിയാക്കി
തലതല്ലിച്ചത്ത സ്വപ്നങ്ങള്‍
സ്ഖലിക്കുന്ന വാക്കുകളിലാവാഹിച്ച്‌
വരികളാക്കുമ്പോള്‍ മറക്കരുത്‌
നാളെയൊരു കനല്‍ക്കാലം കാത്തിരിപ്പുണ്ടെന്ന്...
അരുത്‌ കാലമേ....
ഭൂതകാലത്തിന്‍ വേരുകള്‍ ചികഞ്ഞു
ഓര്‍മ്മകളിലേക്കിറങ്ങി ചെല്ലുമ്പോള്‍
എണ്റ്റെ പേരു തിരയാന്‍ മുതിരരുതു നീ,
കാരണം നിന്നെ ഞാന്‍ പ്രണയിച്ചിട്ടില്ല.

നിന്‍ കാലടികളിലര്‍പ്പിച്ച പൂക്കള്‍ തിരയുമ്പോള്‍
എണ്റ്റെ കരങ്ങള്‍ കാണരുത്‌,
സ്നേഹത്തിണ്റ്റെ സുഗന്ധമുള്ള ഒരു പൂവു-
പോലും നിനക്കു ഞാന്‍ സമ്മാനിച്ചിട്ടില്ല.

മുനകൂര്‍ത്ത കൊള്ളിവാക്കുകള്‍ നിന്നി-
ലുണ്ടാക്കിയ മുറിവുകള്‍ തിരയുമ്പോള്‍
എന്നെ നീയോര്‍ക്കരുതു,
ഞാനെന്നും മൌനിയായിരുന്നു.

കണ്ടു മടുത്ത നിറങ്ങള്‍ക്കിടയിലെ
കറുപ്പു തിരയാന്‍ നീ തുടങ്ങവേയെണ്റ്റെ
ഹൃദയമൊളിപ്പിക്കട്ടെ ഞാന്‍,
നിറങ്ങളില്ലാത്ത ഹൃദയമാണെണ്റ്റേത്‌.

അര്‍ത്ഥമറിയാതെ പഴമ്പാട്ടുകള്‍ പേറി
ഇഷ്ടമില്ലാത്ത ജീവിത ചേഷ്ടകള്‍ കണ്ടു
ജീര്‍ണ കഞ്ചുകം കെട്ടി നീ കലിവേഷ-
മാടിത്തിമിര്‍ക്കവേ അന്യയാകുന്നെനിക്കു നീ.

അല്‍പം പഴയത്‌, ചിന്ത.കോം തര്‍ജനിയില്‍ വന്നിരുന്നു ഇതു... എല്ലാ നന്‍മകളും (സ്നേഹവും പ്രണയവും കവിതകളും ഒക്കെ) അന്യമായിക്കൊണ്ടിരിക്കുന്ന ഈ കലികാലത്തെ ആര്‍ക്കാണ്‌ ഇഷ്ടപ്പെടുവാന്‍ കഴിയുക...
പുറപ്പെട്ട്‌ പോയ നോട്ടം കണ്ണാടി നോക്കലായപ്പോള്‍
ആവോളം അടയിരുന്നല്ല വിരിഞ്ഞതെന്നാലും
കിട്ടി ജീവിതമൊന്ന്‌ നടിക്കുവാന്‍.

കണ്ണുകള്‍ വിരിഞ്ഞില്ലതിന്‍ മുന്‍പേ
കണ്ടു തുടങ്ങി സ്വപ്നങ്ങളായിരം
ചിറകുകള്‍ വിരിയും മുന്‍പേ
പറക്കാനായിരുന്നു കൊതിയത്രയും

കൊക്കുറച്ചില്ല കൊത്തിയെടുക്കാനെങ്കിലും
വഴിയറിയാതെ കൂട്ടു പോയി
മാനം മുട്ടിയ മോഹങ്ങള്‍ക്ക്‌.

ഒടുവിലെന്നോ പുറപ്പെട്ടു പോയ നോട്ടം
കണ്ണാടി നോക്കലായപ്പോള്‍
ഇഷ്ടമില്ലാത്തയൊരു കാഴ്ച.
ഇടയിലവ്യക്തമായ കൈവീശലായ്‌ നീയും
നഷ്ടപ്പെട്ടയെന്‍ ദിനങ്ങളും.
ഒട്ടകപ്പക്ഷി..




ദമ്മാം നവോദയയുടെ മൂന്നാമത്‌ കേന്ദ്രസമ്മേളന വേദി, കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഫാം ഹൌസില്‍ വച്ചായിരുന്നു... അവിടെ എത്തിയപ്പോള്‍ നമ്മുടെ നാടിണ്റ്റെ ഒരു പ്രതീതി. പശുക്കളൂം വിവിധ തരം കോഴികളും മുയലും ഒക്കെ പറമ്പില്‍ മേഞ്ഞു നടക്കുന്നു.. ഒപ്പം വാഴ, ഇഞ്ചി തുടങ്ങിയവ ഒക്കെ.. കേരളമല്ല എന്നു തോന്നിപ്പിച്ചത്‌ ഈ ഒട്ടകപ്പക്ഷിയാണ്‌.. കാഴ്ച കാണാനെത്തിയവര്‍ക്കു മുന്‍പില്‍ തലയെടുപ്പോടെ നിന്നു തന്നു....

ഇതിനൊപ്പം നിന്ന്‌ ഒരു ഫോട്ടൊ എടുക്കണമെന്ന മോഹം കൂട്ടുകാരുടെ വിലക്കു മൂലം മാറ്റി വെക്കേണ്ടി വന്നു.. കൂര്‍ത്ത കാല്‍നഖങ്ങള്‍ കൊണ്ട്‌ മാന്തിയാല്‍ ആളു കാഞ്ഞു പോകുമത്രെ... എന്നിട്ടും ധൈര്യശാലിയായ ഒരാള്‍ അതിനടുത്തു നിന്നു ഫോട്ടോ എടുത്തു...

ഭീരുക്കള്‍ക്ക്‌ വേണ്ടി കൂടിയുള്ളതാണ്‌ ഈ ലോകം എന്ന്‌ സമധാനിച്ചു കൊണ്ട്‌ ഞാന്‍ ദൂരെ മാറി നിന്ന്‌ അതിണ്റ്റെ ഒരു ഫോട്ടൊ എടുത്ത്‌ തൃപ്തിയടഞ്ഞു....
ആള്‍ദൈവങ്ങള്‍.
ഉള്ളവനും ഇല്ലാത്തവനും
കാലത്തിന്‍ വിഴുപ്പു ഭാണ്ഡത്തില്‍
മനസ്സുകള്‍ പണയപ്പെടുത്തി
ഗതിയില്ലാതലഞ്ഞ കാലം

അജ്ഞാതരാരൊക്കെയോ
തിരശ്ശീല മാറ്റിയെത്തുന്നു
വിള്ളല്‍ വീണ ചുമരുകളില്‍
ചിത്രങ്ങളായ്‌ തൂങ്ങിച്ചിരിക്കാന്‍

തീരാത്ത ആധികള്‍ക്ക്‌ മേല്‍
പ്രാര്‍ത്ഥനയുടെ മൂട്‌ പടവും
മാറാത്ത വ്യാധികള്‍ക്ക്‌ മേല്‍
ചുംബനങ്ങളുമാലിംഗനങ്ങളും

പിന്നെ ഉരുള്‍ പൊട്ടിയൊലിക്കും
വിദേശപണത്തിന്‍ പൊള്ളച്ചിരിയും
മതിയായിരുന്നവര്‍ക്ക്‌ നിന്‍
മനസ്സ്‌ പിടിച്ചടക്കുവാന്‍

വേദാന്തത്തിന്‍ പൊയ്ക്കാലേകി
ഇരുകാലില്‍ നിന്ന നിന്‍
ബോധം കവര്‍ന്നിട്ടു
നാല്‍ക്കാലികളാക്കുവാന്‍

യുക്തിയില്ലാത്തുത്തരങ്ങളും
മുക്തിയില്ലാപ്പെരുവഴികളും
എത്തിച്ചു നിന്നെയും എന്നെയും
ചലിക്കുന്ന ദൈവങ്ങളിലേക്ക്‌.

സത്യത്തിന്‍ തോണിയിലേറി നീ
ഭൂതകാലത്തിലേക്ക്‌ തുഴയുക
അപ്പോഴറിയാം
ആള്‍ദൈവങ്ങളെ സൃഷ്ടിച്ചതാരെന്ന്‌...


കഴിഞ്ഞ വര്‍ഷം (2006) എഴുതിയതാണിത്‌. ഏറെ പ്രതീക്ഷയോടെ അയച്ചെങ്കിലും മലയാളം ന്യൂസ്‌ ദിനപ്പത്രം തിരസ്കരിച്ചു കളഞ്ഞു.. വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തും എന്നതായിരുന്നു അവര്‍ക്ക്‌ പറയാനുണ്ടായിരുന്ന കാരണം... അന്നാണ്‌ എനിക്ക്‌ മനസ്സിലായത്‌ വിശ്വാസികള്‍ക്ക്‌ മാത്രമേ വികാരം ഉള്ളു എന്ന്‌.. എത്രത്തോളം വികാരരഹിതമാണ്‌ എഴുതുന്നയാളുടെ മനസ്സ്‌ എന്നും..... ബൂലോഗരില്‍ വിശ്വാസികള്‍ ഉണ്ടെങ്കില്‍ എന്നെ കല്ലെറിയരുതെന്ന് അപേക്ഷിക്കുന്നു....
കടവ്‌...
ഞാന്‍ അമരക്കാരനായ തോണി
കടവിലടുപ്പിക്കുമ്പോള്‍
തോണിയുടെ അമരം
എനിക്കു നഷ്ടമാകുന്നു.

കടവിനോടു ചേര്‍ന്നു നില്‍ക്കുന്ന
പാഴ്മുളകള്‍ എന്നെ നോക്കി
പരിഹസിച്ചു ചിരിച്ചെന്തോ
സ്വകാര്യം പറയുകയാവാം.

തോണികള്‍ കടവിലടുക്കുമ്പോള്‍
കടവിണ്റ്റെ സ്വകാര്യതയും
കരയുടെ ഏകാന്തതയും
എന്നെന്നേക്കുമായ്‌ നഷ്ടമാവുന്നു...

എണ്റ്റെയാ കടവു
നീയായിരുന്നുവൊ?
ഒരു കടവിലുമടുക്കാത്ത
തോണിയാകുന്നുവൊ ഞാന്‍?

കാലയളവ്‌ 1996-1997, നമ്മുടെ നാട്ടില്‍ വംശനാശം വന്ന പ്രീഡിഗ്രി എന്ന ഒരുപാട്‌ പേര്‍ കൊണ്ട്‌ നടന്നിരുന്ന ആ ഡിഗ്റിക്കു പടിക്കുന്ന സമയം.. എണ്റ്റെ നാട്ടില്‍ അന്നൊന്നും ടെലിവിഷനുകള്‍ അത്ര വ്യാപകമായിട്ടില്ല, വാമൊഴിയിലൂടെ കേട്ട ഒരുപാട്‌ പ്രേമകഥകള്‍ എണ്റ്റെ മനസ്സിലും കൂടെപ്പഠിച്ച ആരോടൊക്കെയോ ഇഷ്ടങ്ങള്‍ തോന്നുവാനിടയാക്കി, ആരെ പ്രേമിക്കണമെന്നറിയാതെ ഉഴറിയ നാളിലെന്നോ കുത്തിക്കുറിച്ചത്‌...

ഇന്നത്തെ തലമുറക്ക്‌ എല്ലാമറിയാം... എങ്ങനെ പ്രേമിക്കണമെന്നറിയാം.. പ്രേമത്തെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നും... സത്യത്തില്‍ അന്ന് പ്രണയമെന്ന വാക്ക്‌ എനിക്കന്യമായിരുന്നു എന്നതാണ്‌ രസകരം, കാരണം നാട്ടിന്‍ പുറത്തൊക്കെ പ്റേമം എന്നേ പറയുമായിരുന്നുള്ളൂ. ഇനിയും കൈമോശം വന്നിട്ടില്ലാത്ത ഒരു നോട്ബുക്കില്‍ നിന്ന് കണ്ടെടുത്തതാണീ വരികള്‍... ആധുനികതയുടെ കണ്ണ്‍ കൊണ്ട്‌ വായിക്കരുതെന്നപേക്ഷിക്കുന്നു...
ഇങ്ങനെയും ഒരു ലോകം.
നിണ്റ്റെ പുഞ്ചിരിയില്‍ നിന്ന്‌
ഞാനൊരു ലോകം സൃഷ്ടിക്കും
താമസിക്കുവാന്‍ വീടും
ഉറങ്ങുവാന്‍ രാത്രിയും
കാവല്‍ നില്‍ക്കുവാന്‍
നായ്ക്കളും വേണ്ടാത്ത ലോകം.

നിണ്റ്റെ നെഞ്ചിലെരിയുന്ന കനല്‍
ഞാനെണ്റ്റെ കവിത ചൊല്ലിയണക്കും
എണ്റ്റെ മുറിവുകള്‍ നിണ്റ്റെ
കണ്ണീരു കൊണ്ട്‌ കഴുകിയുണക്കും..

നിണ്റ്റെയുമിനീരില്‍ നിന്നെനിക്കന്നം
നിണ്റ്റെ നിമ്‌നോന്നതങ്ങള്‍
എനിക്ക്‌ പാഠപുസ്തകം
നീയും ഞാനുമൊന്നാകുമ്പോള്‍
ലോകത്തു നാം മാത്രമാകുന്നു
നഗ്നത നമുക്കലങ്കാരമാകുമ്പോള്‍
കണ്ണടച്ച്‌ ഇരുട്ട്‌ കണ്ടെത്തുന്നവരറിയട്ടെ
ഇങ്ങനെയും ഒരു ലോകമുണ്ടെന്ന്‌.....
ചില നുറുങ്ങുകള്‍..
മൌനം.
അവള്‍ പറയാതെ പറഞ്ഞതെല്ലാം
മിഴിയില്‍ നിന്നു ഗ്രഹിച്ചെന്നഹങ്കരിച്ചു
പക്ഷേ മൌനത്തിനു പറയാനുണ്ടായിരുന്നു പലതും.

കൊതി..
നക്ഷത്രങ്ങള്‍ കൊതിച്ചത്‌ മണ്ണിലെ മനുഷ്യനാവാന്‍
മനുഷ്യന്‍ കൊതിച്ചത്‌ വിണ്ണിലെ നക്ഷത്രം പുല്‍കാന്‍
ഒടുവില്‍ ബാക്കിയായത്‌ കരിഞ്ഞ യന്ത്ര ഭാഗങ്ങള്‍.

മോഹങ്ങള്‍...
ആദ്യ ഗര്‍ഭം പോലെയാണ്‌ മോഹങ്ങള്‍
നിലാവും മാനവും കാണാതെ
പൊതിഞ്ഞു സൂക്ഷിക്കേണ്ട കൌതുകം,
ഒരു ചാഞ്ചാട്ടം മതിയത്‌ ഇല്ലാതാകുവാന്‍..

അനിവാര്യത....
ഒറ്റയാന്‍ പ്രണയത്തിന്നവസാനം
അനിവാര്യമായത്‌ മറവിയായിരിക്കാം
ചിലര്‍ക്കത്‌ മരണവും...

നിനക്കറിയാത്തതല്ല അത്‌,
നിന്നെ മറക്കുകയെന്നാല്‍
എനിക്ക്‌ മരണമാണെന്ന്‌..
നിന്നെ മറന്നു കൊള്ളട്ടെ ഞാന്‍???

പ്രണയം.....
ഒരു നുണക്കഥയായിരുന്നു
മറ്റു ചിലപ്പോള്‍ എണ്റ്റെ സംശയവും
പക്ഷേ ഓര്‍മകളൂടെ പുറമ്പോക്കില്‍
അറിയാതൊന്നു പരതിയാല്‍
സത്യത്തിന്നംശം കാണാതിരിക്കില്ല.

എണ്റ്റേതെന്ന്‌ പറയുവാന്‍......
എണ്റ്റേതെന്ന്‌ പറയുവാന്‍ എനിക്കെന്താണുള്ളത്‌
അപൂര്‍ണമായ്‌ നില്‍ക്കുന്നയെന്‍ കവിതകളും
ഓരോ വരിയിലും നിറയുന്ന നീയുമല്ലാതെ???

ഇടവേള.......
നാമെന്തെന്ന്‌ തിരിച്ചറിയുവാന്‍
വേണമൊരിടവേള ചിലപ്പോള്‍,
എല്ലാ ഉത്സവങ്ങളില്‍ നിന്നും
വിമുഖമായൊരിടവേള.
നിറങ്ങള്‍
നീലയുടുത്ത്‌ നീ വന്ന നാള്‍
ഞാനാദ്യം നീലയെ പ്രണയിച്ചു,
പിന്നെ നീ പച്ചയുടുത്തപ്പോള്‍
പച്ചയെയും.

ഇന്നലെയുമുണ്ടായിരുന്നു
കടും നിറങ്ങളുള്ളയീ നിറങ്ങള്‍
നരച്ച കറുപ്പും വെളുപ്പുമെന്തേ
സൌന്ദര്യനിറങ്ങളായ്‌ നിന്നതെന്നില്‍..

പിന്നെ നീ ധരിക്കും നിറങ്ങളെ-
പ്രണയിച്ചെന്‍ മനസ്സാകെ
നിറങ്ങളാല്‍ നിറഞ്ഞപ്പോഴാണ്‌
മഴവില്ലിനെ പ്രണയിച്ചു പോയത്‌.
പ്രണയമിങ്ങനെ.
ഒരു നാളാരാഞ്ഞു നീ
പ്രണയമെങ്ങിനെ?...

നിണ്റ്റെ മൂക്കോട്‌ മൂക്കുരുമ്മി
നെറ്റിമേല്‍ ചുംബിച്ച്‌
നിണ്റ്റെ കണ്ണുകളില്‍ ദൃഷ്ടിയാഴ്ത്തി
ഞാനൊരു നാള്‍ പറയും
നീയെണ്റ്റേത്‌ മാത്രമെന്ന്‌..

പ്രണയത്താല്‍ നഗ്നമായ
രണ്ട്‌ മനസ്സുകളപ്പോള്‍
‍ഉടലുകള്‍ തേടി യാത്ര തിരിക്കും.

വേനല്‍ പൊള്ളിക്കാതെയും
മഴയിലലിയാതെയും
നാം കാത്ത രഹസ്യമെല്ലാം
അന്യോന്യം പകുക്കുമ്പോള്‍,
ലോകത്ത്‌ നാമൊറ്റപ്പെടുമ്പോള്‍
നീയറിയും പ്രണയമെങ്ങിനെയെന്ന്‌...
ഭയം

എനിക്ക്‌ ഭയമാണ്‌
പ്രണയത്തിണ്റ്റെ വന്യതയെ
സ്നേഹത്തിണ്റ്റെ ശാന്തതയെ
വെറുപ്പിണ്റ്റെ ഭയാനകതയെ
നിഴലിണ്റ്റെ ഇരുണ്ട നിറത്തെ
നിലാവിണ്റ്റെ സംഗീതത്തെ
എണ്റ്റെ നിശബ്ദതയെ
പിന്നെ നിന്നെയും...

മഷി പുരണ്ട ആദ്യ കവിത,
5 നവംബര്‍, 2004 മലയാളംന്യൂസ്‌, സൌദി അറേബ്യ.
ബൂലോഗ മലയാളിയാകുവാന്‍ ഞാനും...
സുഹൃത്തുക്കളില്‍ പലരും ബൂലോഗത്ത്‌ സ്വന്തമായി മേല്‍ വിലാസം കരസ്തമാക്കിയപ്പോഴൊക്കെ മടിച്ചു നില്‍ക്കുകയായിരുന്നു... മടിയാണല്ലോ അല്ലെങ്കിലും എല്ലാത്തില്‍ നിന്നും നമ്മെ തടയുന്നത്‌.. പിന്നെയെപ്പോഴോ സ്വന്തമായി ഒരു ഇടം വേണമെന്ന ചിന്ത വേരുകളാഴ്ത്തിയപ്പോള്‍ മടി തല്‍ക്കാലത്തേക്ക്‌ മാറ്റി വച്ചാലോ എന്ന്‌ തോന്നി തുടങ്ങി... അങ്ങനെ അവസാനം ബൂലോഗ മലയാളികളില്‍ ഒരാളാകുവാന്‍ ഞാനും എത്തിയിരിക്കുന്നു...