ആള്‍ദൈവങ്ങള്‍.
ഉള്ളവനും ഇല്ലാത്തവനും
കാലത്തിന്‍ വിഴുപ്പു ഭാണ്ഡത്തില്‍
മനസ്സുകള്‍ പണയപ്പെടുത്തി
ഗതിയില്ലാതലഞ്ഞ കാലം

അജ്ഞാതരാരൊക്കെയോ
തിരശ്ശീല മാറ്റിയെത്തുന്നു
വിള്ളല്‍ വീണ ചുമരുകളില്‍
ചിത്രങ്ങളായ്‌ തൂങ്ങിച്ചിരിക്കാന്‍

തീരാത്ത ആധികള്‍ക്ക്‌ മേല്‍
പ്രാര്‍ത്ഥനയുടെ മൂട്‌ പടവും
മാറാത്ത വ്യാധികള്‍ക്ക്‌ മേല്‍
ചുംബനങ്ങളുമാലിംഗനങ്ങളും

പിന്നെ ഉരുള്‍ പൊട്ടിയൊലിക്കും
വിദേശപണത്തിന്‍ പൊള്ളച്ചിരിയും
മതിയായിരുന്നവര്‍ക്ക്‌ നിന്‍
മനസ്സ്‌ പിടിച്ചടക്കുവാന്‍

വേദാന്തത്തിന്‍ പൊയ്ക്കാലേകി
ഇരുകാലില്‍ നിന്ന നിന്‍
ബോധം കവര്‍ന്നിട്ടു
നാല്‍ക്കാലികളാക്കുവാന്‍

യുക്തിയില്ലാത്തുത്തരങ്ങളും
മുക്തിയില്ലാപ്പെരുവഴികളും
എത്തിച്ചു നിന്നെയും എന്നെയും
ചലിക്കുന്ന ദൈവങ്ങളിലേക്ക്‌.

സത്യത്തിന്‍ തോണിയിലേറി നീ
ഭൂതകാലത്തിലേക്ക്‌ തുഴയുക
അപ്പോഴറിയാം
ആള്‍ദൈവങ്ങളെ സൃഷ്ടിച്ചതാരെന്ന്‌...


കഴിഞ്ഞ വര്‍ഷം (2006) എഴുതിയതാണിത്‌. ഏറെ പ്രതീക്ഷയോടെ അയച്ചെങ്കിലും മലയാളം ന്യൂസ്‌ ദിനപ്പത്രം തിരസ്കരിച്ചു കളഞ്ഞു.. വിശ്വാസികളുടെ വികാരത്തെ വൃണപ്പെടുത്തും എന്നതായിരുന്നു അവര്‍ക്ക്‌ പറയാനുണ്ടായിരുന്ന കാരണം... അന്നാണ്‌ എനിക്ക്‌ മനസ്സിലായത്‌ വിശ്വാസികള്‍ക്ക്‌ മാത്രമേ വികാരം ഉള്ളു എന്ന്‌.. എത്രത്തോളം വികാരരഹിതമാണ്‌ എഴുതുന്നയാളുടെ മനസ്സ്‌ എന്നും..... ബൂലോഗരില്‍ വിശ്വാസികള്‍ ഉണ്ടെങ്കില്‍ എന്നെ കല്ലെറിയരുതെന്ന് അപേക്ഷിക്കുന്നു....
Labels: | edit post
12 Responses
 1. ഈ ലോകത്തിന്റെ സൃഷ്ടിയെപ്പറ്റിയും ദൈവങ്ങള്‍ ഇല്ല എന്നും ഒക്കെ തെളിയിക്കന്‍ കഴിയുമോ?

  ആകാശവും, നക്ഷത്രങ്ങളും, ഭൂമിയും ഇങ്ങനെ നില്‍ക്കുന്നതിന്റെയും അവയുടെ ഉത്ഭവത്തെപ്പറ്റിയും വ്യക്തമായി കണ്ടെത്താന്‍ കഴിയുമോ/

  അകത്തോട്ടും പുറത്തോട്ടുമുള്ളൊരു ശ്വാസത്തില്‍ നിലനില്‍ക്കുന്ന ജീവനെപ്പറ്റിയും, ആത്മാവിനെപ്പറ്റിയും കാര്യകാരണസഹിതം തെളിയിക്കാന്‍ കഴിയുമോ?

  എങ്കില്‍ ഞാനുമൊരു അവിശ്വാസിയാകാം.

  നല്ല ആശയം.


 2. sv Says:

  നിസ്വരുടെ വിശ്വാസതിന്റെ മുകളില്‍ പണതിന്റെയും അഡംബരത്തിന്റെയും മീതെ അടയിരിക്കുന്ന അള്‍ദൈവങ്ങളെ തിരിച്ചറിയൂ...ജോഷി ..നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു


 3. അജിത് Says:

  സഖാവെ സൂപ്പര്‍ കവിത,ആരു തിരെകെ അയയ്ചാലും ഈ കവിത ആസ്വാദകരുടേ മനസീല്‍ നിറ്ഞു നില്‍ക്കും


 4. ഒരു വിശ്വാസിയുടെയും വികാരം വ്രണപ്പെടില്ല.
  വിശ്വാസത്തിന്റെ ശക്തമായ അടിത്തറ മനസ്സിലില്ലാത്തതുകൊണ്ടാണ്‌ ആരെങ്കിലും എന്തെങ്കിലും എഴുതിയാലുടനെ വികാരങ്ങള്‍ വ്രണപ്പെടുന്നത്.
  അല്ലെങ്കില്‍ ആര്‍ക്കുവേണമിനി പ്രസാധകരെ.
  സ്വയം പ്രസിദ്ധീകരിക്കാന്‍ ബൂലോകം ഉള്ളപ്പോള്‍.

  മനസ്സിലുള്ളത് തുറന്നെഴുതൂ.
  ആശംസകള്‍.


 5. purakkadan Says:

  പ്രിയ തെറ്റിദ്ധരിക്കേണ്ട, ദൈവങ്ങളെയോ പ്രപഞ്ചത്തിണ്റ്റെ ഉല്‍പ്പത്തിയെയൊ ചോദ്യം ചെയ്തതല്ല ഞാന്‍... എസ്‌ വി എഴുതിയ അഭിപ്രയം ശ്രദ്ധിക്കുമല്ലൊ അല്ലേ...

  നന്ദി, പ്രിയ, എസ്‌ വി, അജിത്‌, നിരക്ഷരന്‍....


 6. ഓരോ കവിതയും ഒരു പൊള്ളലാണ്‌. മനസെന്ന പ്രതലത്തെ അതുരുക്കിക്കൊണ്ടിരിക്കുന്നു...

  ഇവിടെ നമ്മുടെ മനസിലെ ചിന്തകള്‍ അതിന്റെ പാരമ്യത്തോടെ പെയ്തിറങ്ങുക തന്നെ വേണം...
  പ്രസിദ്ധീകരിക്കുക എന്നുള്ളത്‌ അന്തിമലക്ഷ്യം മാത്രമാണ്‌. തിരസ്ക്കരിക്കപ്പെടുന്നവന്റെ ലക്ഷ്യംഎഴുതിയവന്റെ ചിന്തകളെ സ്പര്‍ശിക്കുന്നതല്ല...

  എഴുത്ത്‌ തുടരുക
  വിയോജിപ്പുകളുടെ
  പെരുമഴയില്‍
  നനഞ്ഞ്‌ തീരാതിരിക്കുക..

  ആശംസകള്‍....


 7. എന്റെ പ്രിയക്കുട്ടീ.. മുഴുവന്‍ നന്നായി വായിക്കാതെ കമന്റിയാ അടി തരും കേട്ടൊ..!

  നന്നായി മാഷെ..


 8. പുറക്കാടന്‍,
  നല്ല കവിത, കാണാന്‍ അല്പം വൈകി.
  പിന്നെ മലയാളം ന്യൂസ് തിരിച്ചയച്ചത് താങ്കളുടെ കവിത വിലയിരുത്തിയിട്ടാവില്ല. അവര്‍ക്കും ചില പരിമിധികള്‍ ഉണ്ടല്ലോ ?
  വിശ്വാസികള്‍ക്കോ അവിശ്വാസികള്‍ക്കോ വേണ്ടി എഴുതാതെ സ്വന്തം മനസാക്ഷിക്ക് വേണ്ടി എഴുതൂ മലയാളം ന്യൂസ് അല്ല ഏത് പ്രസിദ്ധീകരണവും താങ്കളെ തേടി വരും..
  ആശംസകളോടെ..


 9. purakkadan Says:

  ദ്രൌപതി, പ്രയാസി, നജീമിക്കാ നിങ്ങളുടെ ഓരോരുത്തരുടെയും പ്രോത്സാഹജനകമായ അഭിപ്രായങ്ങള്‍ക്ക്‌ നന്ദി....

  എനിക്കു തോന്നുന്നെ പ്രിയ ആള്‍ദൈവങ്ങള്‍ എന്നത്‌ കണക്കിലെടുക്കാതെ ദൈവങ്ങള്‍ എന്ന കാഴ്ചപ്പാടില്‍ ആവാം വായിച്ചത്‌... നമ്മള്‍ എഴുതുന്നത്‌ മറ്റുള്ളവര്‍ അതേ പോലെ വായിച്ച്‌ മനസ്സിലാക്കണമെന്ന് നമുക്ക്‌ ശ്യാഠ്യം പിടിക്കാനാവില്ലല്ലോ.....


 10. വായിച്ചത്‌ വരികളിലൂടെ തന്നെ.ആള്‍ദൈവങ്ങള്‍ ആശ്വാസമാകുന്നില്ലേ നിസ്സഹായത തുളുമ്പുന്ന ജന്മങ്ങള്‍ക്ക്?ഒരാള്‍ക്കെങ്കിലും സഹയം ചെയ്യുന്നവരുടെ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കാണു യോഗ്യത?

  പ്രയാസിച്ചേട്ടാ, വായിച്ചതു മനസ്സിരുത്തീത്തന്നെയാണ്.

  പുറക്കാടന്‍ മാഷേ,എന്തുകൊണ്ടാണ് ആള്‍ദൈവങ്ങള്‍ ഉണ്ടാകുന്നതു്?

  ഈ കവിത വായിച്ചത്‌ ശരിയായിത്തന്നെയാണ്.


 11. purakkadan Says:

  പ്രിയ, വീണ്ടും വന്നതിന്‌ നന്ദി... ഞാന്‍ തന്നെ എന്നോട്‌ ഒരുപാട്‌ ചോദിച്ച ചോദ്യമാണ്‌ പ്രിയ ഉന്നയിച്ചിരിക്കുന്നത്‌.... എന്ത്‌ കൊണ്ടാണ്‌ ആള്‍ദൈവങ്ങള്‍ ഉണ്ടാവുന്നതെന്നത്‌.... അതിണ്റ്റെ ഉത്തരം ഭൂതകാലത്തില്‍ നിന്ന് കണ്ടേടുക്കേണ്ടതുണ്ട്‌.. അതിന്‌ ഉത്തരവാദികള്‍ ആയി ഞാന്‍ കാണുന്നത്‌ കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയാണ്‌... കേരളീയ സമൂഹത്തില്‍ വേണ്ട ഇടപെടലുകള്‍ ഉത്തരവാദിത്ത്വത്തോടെ അവര്‍ ചെയ്തിരുന്നുവെങ്കില്‍ ഒരിക്കലും ആള്‍ദൈവങ്ങള്‍ കുറഞ്ഞപക്ഷം കേരളത്തിലെങ്കിലും ജന്‌മമെടുക്കില്ലായിരുന്നു...

  വാല്‍മീകിയോട്‌ എന്താണ്‌ മഹര്‍ഷിമാര്‍ ചോദിച്ചത്‌, താന്‍ ചെയ്യുന്ന പാപത്തിണ്റ്റെ ഫലം പങ്കു പറ്റുന്നവര്‍ കൂടെ അനുഭവിക്കാന്‍ തയ്യാറാകുമോ എന്നല്ലേ... ഒടുവില്‍ എന്തായി.. അതു പോലെയാണ്‌ ഇവിടെയും... ഇല്ലാത്തവന്‌ അന്നം നല്‍കിയാലും അത്‌ നേരായ വഴിയില്‍ സമ്പാദിക്കുന്നതില്‍ നിന്ന് വേണം... എണ്റ്റെ കാഴ്ചപ്പാട്‌ അതാണ്‌...

  പിന്നെ ഒന്നു പറയട്ടെ, മാഷ്‌ എന്നൊന്നും എന്നെ വിളിച്ചേക്കല്ലേ, അതിനു തക്ക പ്രായമൊ പക്വതയോ അറിവോ എനിക്കില്ല... മനസ്സിലുള്ളത്‌ വരികളിലൂടെ പങ്കു വെക്കാനാഗ്രഹിക്കുന്നു.. അത്ര മാത്രം...


 12. വരികളില്‍ ശക്തമായൊരു ആശയമുണ്ട്‌.എങ്കിലും ആള്‍ദൈവങ്ങള്‍ ആശ്വാസമാകുന്നത്‌ കാണുമ്പോള്‍ അതിനെ എതിര്‍ക്കാന്‍ കഴിയുന്നില്ല എന്നു മാത്രം.
  താങ്കളുടെ രചനകള്‍ സ്ഥിരമായി വായിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍.

  മാഷേ വിളി ബഹുമാനം കൊണ്ടാണ്.

  ആശംസകള്‍
  ഇത്തരം ശക്തമായ കവിതകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.