നര്‍മദയ്ക്കൊരു പ്രണയഗീതകം.
ഞാനെത്ര കൊതിച്ചെന്നോ
നിണ്റ്റെ തീരമാകുവാന്‍.

ജനുവരിയിലെ പുലരിയില്‍
മഞ്ഞുകട്ട പോല്‍ തണുത്ത
നിണ്റ്റെയൊരു തലോടലറിയുവാന്‍
വേനലില്‍ നിണ്റ്റെ
ചൂടുള്ള ആലിംഗനത്തിനായി..

എനിക്കായ്‌ തുറക്കുക നീ
നിണ്റ്റെ വാതായനങ്ങള്‍
നിന്നിലേക്കൊന്നൂളിയിടട്ടെ ഞാന്‍.

മെല്ലിച്ച ഇരുണ്ട നിറമുള്ള
മീന്‍പിടുത്തക്കാര്‍ വലകളാല്‍
നിന്നില്‍ തിരയുന്നതെന്തെന്നെനിക്കറിയാം
പക്ഷെ ഞാന്‍ തിരയുന്നതു
നിണ്റ്റെ ഹൃദയം കണ്ടെടുക്കാന്‍ മാത്രം.

നിന്നില്‍ നിന്നെനിക്കെണ്റ്റെ
പ്രണയമിന്നു വീണ്ടെടുക്കണം.
നിന്നില്‍ തെളിയുന്നയോരോ
ചാന്ദ്രബിംബത്തിലും
എനിക്കൊരു മുഖം
കണികാണാന്‍ കഴിയണം.

നിണ്റ്റെ പതന സമുദ്രമെന്‍
മനസ്സായിരുന്നെങ്കില്‍.



ഗുജറാത്തില്‍ നര്‍മദയുടെ തീരത്ത്‌ ചിലവഴിച്ച ചില പഴയ നല്ല സായാഹ്നങ്ങളുടെ ഓര്‍മയ്ക്ക്‌
മഴത്തുള്ളി..
നിന്‍ നിറമിഴികളില്‍ നിന്നടര്‍-
ന്ന നീര്‍ത്തുള്ളികളെന്‍
തിളക്കുന്ന ഹൃദയച്ചൂടില്‍
നീരാവിയായ്‌ പിന്നെ കാര്‍മേഘമായ്‌.

നിറഞ്ഞു പെയ്യുവാനതു
തുടിച്ചു നില്‍ക്കവെ
എണ്റ്റെ കിനാവില്‍ നീ
മഴത്തുള്ളികള്‍ വീഴ്ത്തി.

ഞാന്‍ പാടിയൊരു
മഴപ്പാട്ടിന്നൊടുവിലെന്‍
ഊഷരതയിലേക്കൊരു
പുതുമഴയായതു പെയ്തിറങ്ങി.

ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ മു ബിംബം കണ്ടു
ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ സ്നേഹ സ്പര്‍ശമറിഞ്ഞു.

മഴ മിഴിയിലൂടെ നീ-
യെന്നെ നോക്കവെയെന്‍
മൂര്‍ധാവില്‍ പതിച്ചൊരു
ചുംബനത്താല്‍ ഞാനും മഴത്തുള്ളിയായി.

ഒടുവില്‍ നാമൊന്നായ്‌
നനഞ്ഞു കുളിച്ചപ്പോള്‍
നിനക്കു നിന്നെയും
എനിക്കെന്നെയും നഷ്ടമായിരുന്നു...
ആയുധമാക്കപ്പെടുന്ന ഇരകള്‍..
മണ്ണിരയുടെ രൂപത്തിലായിരുന്നു
തനിക്കുള്ള ആയുധം...

ഉയരങ്ങളിലേക്കുയര്‍ന്നു പോകുമ്പോള്‍
പണ്ടെന്നോ പെട്ടെന്ന്‌ കാണാതായ
കൂട്ടുകാരുടെ ഓര്‍മകളില്‍ വിഹ്വലനായി

മുറിവുകളുമായ്‌ പുറത്തു വന്ന്‌
ശ്വാസത്തിനായൊന്നു പരതിയപ്പോള്‍
ചൂണ്ട ദേഹത്താല്‍ മറയ്ക്കപ്പെട്ട്‌
ആഴങ്ങളിലേക്ക്‌ വീണ്ടുമാഴ്ത്തപ്പെടുന്നു

അവസാനത്തെപ്പിടച്ചില്‍
അഭിമാനത്തോടെയാവാം
തണ്റ്റെ അത്താഴം മുടങ്ങിയെങ്കിലെന്ത്‌,
തന്നേക്കാള്‍ വലിയൊരുവന്‍
നക്ഷത്രഭോജ്യമാകേണ്ടതിന്‌
താനായുധമായല്ലോ.

വേട്ടക്കാരന്‌ ഇരകള്‍ ചിലപ്പോഴെങ്കിലും
പിന്നെയും ആയുധമായി തീരാറുണ്ട്‌.
നുണയും നഗ്നവുമായ പ്രണയം.
പ്രണയം ഒരു നുണയായിരുന്നു...
ചിലവാകില്ലെന്നറിഞ്ഞിട്ടും
കീശയില്‍ സൂക്ഷിച്ച
കളഞ്ഞു കിട്ടിയ കള്ളനാണയം പോല്‍.

പ്രണയത്തിന്‍ കാണാച്ചിറകേറി
പറന്നൊരു മേഘമണയാന്‍ വിസമ്മതിച്ചത്‌
ഹൃദയമിടിപ്പ്‌ കൂടുമെന്നു ഭയന്നത്രെ.

ചായക്കൂട്ടില്‍ വിരല്‍ത്തുമ്പ്‌ മുട്ടിയ നേരം
മനം വിറയാര്‍ന്നത്‌ നിന്‍ രൂപമെന്‍
ക്യാന്‍വാസില്‍ പതിയുമെന്ന്‌ ഭയന്നത്രെ.

ചാരത്തിരിക്കവേയൊരു
താരാട്ടിന്നീണം മൂളുവാന്‍ മറന്നത്‌
നീയെന്‍ മാറിലൊരുകുഞ്ഞു പ്രാവായ്‌
കുറുകുമെന്നു ഭയന്നത്രെ.

എല്ലാം നുണയായിരുന്നു.
പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കു-
മൊരേ നിറം തെളിഞ്ഞ
കുരുടണ്റ്റെ പകല്‍ക്കിനാവ്‌ പോല്‍.

പ്രണയം നഗ്നവുമായിരുന്നു.
പൂര്‍ണമാവാത്ത ആദ്യരതിയുടെ
അടക്കിപ്പിടിച്ച തേങ്ങല്‍ പോല്‍.

അലഞ്ഞു മെലിഞ്ഞ കാലുകളാല്‍
വിങ്ങി നില്‍ക്കുമിടവഴികളിലൂടെ
നിലയ്ക്കാത്ത കാമനകള്‍ തേടിയലഞ്ഞത്‌.

ഗഹനചിന്തകള്‍ക്കറുതിയേകി
നിന്നോര്‍മ്മകള്‍ മുഷിപ്പിച്ച
പകലുകള്‍ സ്വയംവരിച്ചൊരു
ദീര്‍ഘചുംബനം കൊതിച്ചത്‌.

നുണയും നഗ്നവുമായിരുന്നു പ്രണയം..
തിരശ്ശീലയില്ലാതരങ്ങേറുന്നയീ നിഴല്‍ നാടകം
നിന്നെയും കാണികളെയും
രസിപ്പിക്കുക തന്നെ ചെയ്യും കാരണം
നിറം മാറ്റങ്ങള്‍ തിരിച്ചറിയാതെ പോകുന്ന കാലമാണിത്‌.
കോണി..
എത്താത്ത കൊമ്പിലെത്താന്‍
കോണി ഒരനുഗ്രഹമാണ്‌..

കോണി വേണ്ടാത്ത മരഞ്ചാടികളും,
ഇളകിയ പടിയില്‍ കാലുറപ്പിച്ച്‌ കേറുന്ന
അഭ്യാസികളുമുണ്ട്‌, ജന്‍മവാസനയാണത്‌.

എത്ര കോണിപ്പടികള്‍ കേറിയാലും
എത്താത്ത കൊമ്പുകളെ നാം
സ്വപ്നങ്ങളെന്നു വിളിക്കും..

മുകളിലെത്തിക്കഴിഞ്ഞാല്‍ ആദ്യ പടി-
യേതെന്നോര്‍ക്കുന്നത്‌ നന്നായിരിക്കും,
ഒരു നാള്‍ താഴെയിറങ്ങേണ്ടതാണല്ലോ..

കാലുകളോരോന്നായ്‌ പെറുക്കി വയ്ക്കുന്നേരം
പടിയ്ക്കു നോവുന്നോയെന്നു ചിന്തിക്കാറില്ലാരും
കോണികള്‍ തേടിയലഞ്ഞവസാനം
കോണിപ്പടിയാകാനായിരുന്നെണ്റ്റെ വിധി...