ബലി
അത്താഴത്തിനു വിളിച്ച നാള്‍
വെള്ളിനാണയങ്ങളുടെ തിളക്കം
നിന്‍ നീള്‍മിഴികളിലും
കിലുക്കം നിന്‍ പൊട്ടിച്ചിരിയിലും
ക്ളാവിന്‍ ഗന്ധമുഛ്വാസത്തിലും
നീ സമര്‍ത്ഥമായൊളിപ്പിച്ചിരുന്നു.

നിര്‍ജീവത പൂണ്ട കാലം സാക്ഷിയാക്കി
മനം പടിഞ്ഞാറിനു തീറെഴുതിക്കൊടുത്ത
വന്ധ്യ യൌവനമിന്ന്‌
പ്രണയം വിലക്കെടുക്കുമ്പോള്‍,
അതിന്‍ ബാക്കിപത്രമായൊരു ഭ്രൂണം
വഴിവക്കിലെ കുപ്പത്തൊട്ടിക്കു കൂട്ടാകുമ്പോള്‍
നിനക്കു മാത്രം പകുത്തയെന്‍ പ്രണയം
പാപത്തിണ്റ്റെ കനിയാവുകതെങ്ങനെ.
പ്രണയത്തിണ്റ്റെ പൂര്‍ണത ബലിയിലാണെ-
ന്നേത്‌ സൂക്തമാണു നിന്നെ പഠിപ്പിച്ചത്‌.

ഞാനറിയുന്നു നിന്‍ ജനല്‍ത്തിരശ്ശീലക്കു
പിന്നിലായ്‌ കൂട്ടിമുട്ടുന്നായുധങ്ങളെന്‍
ചോരയാല്‍ ചുണ്ട്‌ നനയ്ക്കാന്‍.

നിന്‍ മിഴിയില്‍ നിന്നടര്‍ന്നയാത്തുള്ളികള്‍
അവസാനത്തെ അടയാളമാകുന്നുവോ.
അണയാന്‍ തുടങ്ങുന്ന പ്രജ്ഞയിലറിയുന്നെനി-
ക്കായൊരു ബലിക്കല്ലൊരുങ്ങിക്കഴിഞ്ഞതായ്‌.

ചിരിച്ചു കൊണ്ടൊരു കണ്ണിമ ചിമ്മുന്ന
മാത്രയിലെന്നെ നീയൊറ്റിക്കൊടുത്ത രാത്രിയില്‍
ഞാന്‍ വച്ചൊഴിഞ്ഞ വീഞ്ഞ്‌ വിന്നാഗിരിയായി,
എണ്റ്റെ ചോരയില്‍ വിന്നാഗിരി മണത്തു.

നിന്നില്‍ നിന്നുയിരെടുക്കുന്ന
ഏതു വന്യസമുദ്രത്തിലാണിന്നെന്‍
ചിതാഭസ്മമൊഴുക്കേണ്ടത്‌.
കണ്ണീര്‍ത്തിയരമാലകളിലേന്തിയെന്‍ ചിതാഭസ്മം
ഏത്‌ പാപനാശിനിയിലേക്കാണു നീയാനയിക്കുക...