ബലി
അത്താഴത്തിനു വിളിച്ച നാള്‍
വെള്ളിനാണയങ്ങളുടെ തിളക്കം
നിന്‍ നീള്‍മിഴികളിലും
കിലുക്കം നിന്‍ പൊട്ടിച്ചിരിയിലും
ക്ളാവിന്‍ ഗന്ധമുഛ്വാസത്തിലും
നീ സമര്‍ത്ഥമായൊളിപ്പിച്ചിരുന്നു.

നിര്‍ജീവത പൂണ്ട കാലം സാക്ഷിയാക്കി
മനം പടിഞ്ഞാറിനു തീറെഴുതിക്കൊടുത്ത
വന്ധ്യ യൌവനമിന്ന്‌
പ്രണയം വിലക്കെടുക്കുമ്പോള്‍,
അതിന്‍ ബാക്കിപത്രമായൊരു ഭ്രൂണം
വഴിവക്കിലെ കുപ്പത്തൊട്ടിക്കു കൂട്ടാകുമ്പോള്‍
നിനക്കു മാത്രം പകുത്തയെന്‍ പ്രണയം
പാപത്തിണ്റ്റെ കനിയാവുകതെങ്ങനെ.
പ്രണയത്തിണ്റ്റെ പൂര്‍ണത ബലിയിലാണെ-
ന്നേത്‌ സൂക്തമാണു നിന്നെ പഠിപ്പിച്ചത്‌.

ഞാനറിയുന്നു നിന്‍ ജനല്‍ത്തിരശ്ശീലക്കു
പിന്നിലായ്‌ കൂട്ടിമുട്ടുന്നായുധങ്ങളെന്‍
ചോരയാല്‍ ചുണ്ട്‌ നനയ്ക്കാന്‍.

നിന്‍ മിഴിയില്‍ നിന്നടര്‍ന്നയാത്തുള്ളികള്‍
അവസാനത്തെ അടയാളമാകുന്നുവോ.
അണയാന്‍ തുടങ്ങുന്ന പ്രജ്ഞയിലറിയുന്നെനി-
ക്കായൊരു ബലിക്കല്ലൊരുങ്ങിക്കഴിഞ്ഞതായ്‌.

ചിരിച്ചു കൊണ്ടൊരു കണ്ണിമ ചിമ്മുന്ന
മാത്രയിലെന്നെ നീയൊറ്റിക്കൊടുത്ത രാത്രിയില്‍
ഞാന്‍ വച്ചൊഴിഞ്ഞ വീഞ്ഞ്‌ വിന്നാഗിരിയായി,
എണ്റ്റെ ചോരയില്‍ വിന്നാഗിരി മണത്തു.

നിന്നില്‍ നിന്നുയിരെടുക്കുന്ന
ഏതു വന്യസമുദ്രത്തിലാണിന്നെന്‍
ചിതാഭസ്മമൊഴുക്കേണ്ടത്‌.
കണ്ണീര്‍ത്തിയരമാലകളിലേന്തിയെന്‍ ചിതാഭസ്മം
ഏത്‌ പാപനാശിനിയിലേക്കാണു നീയാനയിക്കുക...
കുന്തിപ്പുഴ
കുന്തിപ്പുഴയുടെ ചിത്രം കണ്ടത്രേ
ഞാന്‍ കാടു കേറാന്‍ തുനിഞ്ഞത്‌.
ആരും കണ്ടിട്ടില്ലാത്ത മരങ്ങളും
കിളികളും കണ്‍നിറയെ കാണുവാന്‍.

കാട്ടുപൂവിന്‍ തേനുണ്ണുവാനലയവെ-
യൊരു കാട്ടുവള്ളിയുടെ
ഗാഢാലിംഗനം കൊതിച്ചു ഞാന്‍.

ദുര മൂത്ത മഴുവിന്‍ മുനയേറ്റു
കാടെല്ലാം നാടാകവേ പുഴ
മരങ്ങള്‍ക്കു ശ്മശാനമായി.

എല്ലാമുള്ളിലൊതുക്കുന്ന
സമുദ്രം പുല്‍കാനാവാതെ
ഒഴുക്കു നിലച്ചു
വറ്റി വരണ്ട പുഴയിന്നു
കണ്ണീരുണങ്ങിപ്പടര്‍ന്ന
മുഖവുമായിരിക്കുന്ന വിധവയെപ്പോല്‍.

ഉപേക്ഷിക്കപ്പെട്ട മഴുവിന്‍ മുനയ്ക്ക്‌
ഒറ്റുകാരണ്റ്റെ കണ്ണുകളിലെ തിളക്കം.

ഒരു നോവു പാട്ടു പോലെന്‍ കാതിലെത്തുന്നു
രാത്രിയന്യമായ രാപ്പാടിയുടെ രോദനം.
കാടിറങ്ങാന്‍ വെമ്പുന്ന മനവുമായുഴറവേ-
യൊരു കള്ളിച്ചെടി പൂത്തതിന്‍ ഗന്ധമറിയുന്നു.
-------------------------------
കാടുകള്‍ കോണ്‍ക്രീറ്റിനാല്‍ തീര്‍ത്ത വീടുകള്‍ കൊണ്ട്‌ കോണ്‍ക്രീറ്റ്‌ കാടുകളാകുമ്പോള്‍ നഷ്ടപ്പെടുന്ന പൈതൃകങ്ങളെയോര്‍ത്ത്‌ വിലപിക്കുവാന്‍ നിങ്ങള്‍ക്കൊപ്പം എണ്റ്റെയീ ചെറിയ വരികളും. അല്‍പം പഴയത്‌, ബൂലോഗര്‍ക്കായി ഒരിക്കല്‍ കൂടെ പോസ്റ്റ്‌ ചെയ്യുന്നു...
ഇഷ്ടം...
എന്നെ വെറുക്കുന്ന
നിന്നെയാണെനിക്കിഷ്ടം..

എന്തെന്നാല്‍,
ഓര്‍മകളുടെ മരച്ചാറ്റില്‍
തനിയെ നനഞ്ഞ്‌
പൊള്ളുന്ന പനി പിടിച്ചെന്‍
വരണ്ട ഭൂതകാലത്തിന്‍ ഞരക്കങ്ങള്‍
പേ പിടിച്ച പേനയില്‍ നിന്നറിയാതെ
വാക്കുകളായുതിര്‍ന്ന്‌ വീണൊരു
കവിതയായൊലിച്ച്‌ പോകും വരെ
നിണ്റ്റെ മുഖമെന്നെ
വേട്ടയാടിക്കൊണ്ടേയിരിക്കും..

കൂടെയുണ്ടെന്നേറെ മോഹി-
പ്പിച്ചൊടുവില്‍ എന്തിനെന്നറിയാതെ
ഒരുപാടകന്ന നിന്നെയാണെനിക്കിഷ്ടം..

ആരെയോ പ്രതീക്ഷിച്ചൊരു
ചെടിയില്‍ കാത്തു നിന്നൊടുവില്‍
ആര്‍ക്കും വേണ്ടാതെ
അവസാന ഇതളും കൊഴിഞ്ഞു
തീരുമൊരു പാവം പൂവ്‌ പോല്‍
അവസാനം വരെ നിന്നെ ഞാന്‍
‍പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും..

എണ്റ്റെ ശൂന്യതയില്‍ നിറയുന്ന
നിന്നെയാണെനിക്കിഷ്ടം..

മറവിയുടെ പുറമ്പോക്കില്‍
സ്വപ്നങ്ങളാലൊരു ചിതയൊരുക്കി
നീയെന്‍ പരിദേവനങ്ങള്‍
കുഴിച്ചു മൂടും വരെ
നിണ്റ്റെ സ്മൃതിയുടെയാകാശത്ത്‌
ഭ്രാന്തവേഗത്തില്‍ പെയ്യാന്‍ വിതുമ്പും
മഴമേഘങ്ങളിലൊന്നായ്‌
ഞാനുരുണ്ട്‌ കൂടുമെന്നറിയുന്നു...
ഒരു പ്രണയലേഖനം.
പ്രണയത്തിണ്റ്റെ നാളുകളില്‍ മറ്റെല്ലാം മറക്കുകയാണ്‌ നാം.. പ്രണയത്തെക്കാള്‍ വലുതായി മറ്റൊന്നുമില്ലെന്ന ചിന്ത ചുറ്റുപാടുകളെ പോലും വിസ്മരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.. കൂടുതല്‍ നന്നായി എഴുതാനാവുന്നതും പ്രണയിക്കുമ്പോള്‍ തന്നെയാണെന്ന് തോന്നുന്നു... ഉറക്കം നഷ്ടപ്പെട്ട പ്രണയദിനങ്ങളിലൊന്നില്‍ അവള്‍ക്കായി കുറിച്ചത്‌...

പ്രിയപ്പെട്ടവളേ,
ഒരിക്കല്‍ പരസ്പരം ഇഷ്ടപ്പെട്ട്‌ കഴിഞ്ഞാല്‍ പിന്നെ പ്രണയ ലേനം കൊടുക്കുന്നതിണ്റ്റെ അര്‍ത്ഥരാഹിത്യത്തെ കുറിച്ച്‌ ഒരിക്കല്‍ ഞാനും നൌഫലും ഒരു സംവാദം തന്നെ നടത്തിയിരുന്നു. ആരാണ്‌ ജയിച്ചതെന്ന്‌ ചോദിക്കരുത്‌, കാരണം --------ഇപ്പോഴും നൌഫലിണ്റ്റെ ഒരു പ്രണയലേഖനത്തിനായി കാത്തിരിക്കുന്നതില്‍ നിന്നു നിനക്ക്‌ അര്‍ഥം ഗ്രഹിക്കാം...

പക്ഷേ എനിക്ക്‌ എഴുതാതിരിക്കാനാവില്ലല്ലോ.. കാരണം നീ എണ്റ്റെ കത്തിനായി കാത്തിരിക്കുന്നത്‌ മറ്റാരെക്കാളും അറിയുന്നത്‌ ഞാനാണല്ലോ... പ്രണയത്തെക്കാള്‍ മനോഹരമായി മറ്റൊന്നുമില്ലെന്ന്‌ ആദ്യമായ്‌ പറഞ്ഞത്‌ ഞാനായിരിക്കില്ല, പക്ഷേ ഞാനിന്നറിയുന്നു പ്രണയമെനിക്കെണ്റ്റെ ജീവനേക്കാള്‍ വില പിടിച്ചതാണെന്ന്‌.. എത്രത്തോളം നിന്നെ സ്നേഹിക്കുന്നുവെന്ന്‌ എനിക്ക്‌ തന്നെ അറിയാനാവുന്നില്ല...

ഇരമ്പി വരുന്നുണ്ട്‌ തിരമാല പോല്‍, തിളച്ച്‌ മറിയുന്നുണ്ട്‌ അഗ്നി പര്‍വത ജ്വാല പോല്‍..പക്ഷേ നീ അരികിലെത്തുമ്പോള്‍ ആ തീവ്രത നിന്നെ അനുഭവിപ്പിക്കുവാന്‍ എനിക്കു കഴിയുന്നില്ലല്ലോ പെണ്ണേ... എല്ലാ പ്രണയികളും ഇങ്ങനെ അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരാകുമൊ??? ഞാന്‍ നിന്നിലും നീയെന്നിലും ചേര്‍ന്നലിഞ്ഞ്‌ നാമൊന്നായ്ത്തീര്‍ന്ന്‌ തീയിട്ട്‌ പൊന്നായ്‌ തിളക്കുമെന്ന കവി വാക്യം ഓര്‍ത്തു പോകുന്നു ഞാന്‍...

എണ്റ്റെ പെണ്ണേ എന്തേ പലപ്പോഴും നീ ഒരു പ്രണയിനിയുടെ കടമകള്‍ മറക്കുന്നു, നീ തന്നെ പറഞ്ഞത്‌ പോലെ നമുക്ക്‌ പ്രണയിച്ച്‌ മുന്‍ കാലാനുഭവം ഇല്ലാത്തത്‌ കൊണ്ടാവുമോ അത്‌, അല്ലെങ്കില്‍ തന്നെ പ്രണയം ഇങ്ങനെ ആയിരിക്കണമെന്ന്‌ നമ്മെ ആരും പഠിപ്പിച്ചിട്ടില്ലല്ലൊ.. ജന്‍മാന്തര സ്നേഹത്തിണ്റ്റെ വറ്റാത്ത കടലുമായി നീ കാത്തിരിക്കുന്നത്‌ എനിക്കറിയാം പക്ഷേ വിധി നമ്മെ ഇപ്പോഴും വാക്കുകള്‍ കൊണ്ട്‌ പ്രണയം പങ്കിടാന്‍ മാത്രം അനുവദിച്ചിരിക്കുന്നു...

നിന്നെ കാണുന്ന നിമിഷത്തിലേക്കായി ഞാന്‍ കാത്തിരിക്കുന്നു എണ്റ്റെ എല്ലാ പ്രണയവും അതിണ്റ്റെ എല്ലാ വന്യതയോടെയും കാത്ത്‌ വച്ച്‌, ഒറ്റയുമ്മ കൊണ്ട്‌ നീ പൂത്തുലയുന്നത്‌ കാണുവാന്‍... ഇന്ന്‌ ഞാനെന്നെ കാണുന്നത്‌ നിണ്റ്റെ കണ്ണുകളിലൂടെയാണ്‌... നിണ്റ്റെ ഇഷ്ടാനിഷ്ടങ്ങളിലേക്ക്‌ ഞാനെന്നെ ചുരുക്കുന്നത്‌ നീയറിയുന്നുണ്ടാകുമൊ??? എണ്റ്റെ ഏകാന്തതകളില്‍, എണ്റ്റെ ചിന്തകളില്‍, എണ്റ്റെ വന്യ സ്വപ്നങ്ങളില്‍ നിറയുന്ന നിന്നെയെങ്ങനെയാണ്‌ ഞാന്‍ നിര്‍വചിക്കേണ്ടത്‌...

അറിയാത്ത ഒരായിരം വ്യഥകള്‍ എന്നെ വരിഞ്ഞു മുറുക്കുമ്പോഴും ഒന്ന്‌ മാത്രം പറയട്ടെ ഞാന്‍.. നിന്നെ ഏറെ പ്രണയിച്ചു പോകുന്നു ഞാന്‍... മറ്റെന്തിനേക്കാളും ഉപരിയായി... അല്ലെങ്കില്‍ എന്നേക്കാളുപരിയായി..
പ്രണയവും പ്രത്യയശാസ്ത്രവും..
മറന്നു വച്ച തടിച്ച പുസ്തകത്തില്‍
എഴുതി വെക്കപ്പെട്ട ചരിത്രം
മറിച്ചു നോക്കരുത്‌,
മനസ്സിണ്റ്റെ കോണിലെങ്ങോ
മറന്നു കളഞ്ഞ ഓര്‍മകളും..

ഒരു നാളത്‌ തുറന്ന്‌ നോക്കിയാല്‍
ചിതലിണ്റ്റെ ഫോസിലുകള്‍ക്കൊപ്പം
നിറം പിടിപ്പിച്ച
നുണകളും ഉണങ്ങിപ്പിടിച്ച
ചോരപ്പാടുകളും കാണാം.

മറന്ന പാതകളും നശിച്ചയോര്‍മകളും
തിരികെയെത്തവേ നക്ഷത്രങ്ങള്‍ പറഞ്ഞത്‌
നുണയെന്ന്‌ നീ തിരിച്ചറിയും

വഴി ദൂരമറിയാത്ത വെള്ളരിപ്രാവ്‌ പോല്‍
ഒരുവളുടെ ഹൃദയതാളം തേടിയലഞ്ഞത്‌
പറയാനിഷ്ടമില്ലാത്ത കഥയെന്നറിയും..

ഒരു നോട്ടം കൊണ്ട്‌ പോലും നീ
നടന്ന്‌ തീര്‍ക്കേണ്ട ദൂരമളക്കരുത്‌,
നിദ്രകള്‍ പണയം വച്ച്‌
സ്വപ്നങ്ങള്‍ക്ക്‌ കടം കൊടുത്ത
പ്രണയത്തെക്കുറിച്ച്‌ വാചാലനാകരുത്‌.

പ്രണയവും പ്രത്യയശാസ്ത്രവും
പണം കൊണ്ടളക്കാന്‍ തുനിയരുത്‌ നീ
നാളെയൊരു പുലരിയുണ്ടാവുമെന്ന
പ്രതീക്ഷയിനിയും ബാക്കിയുണ്ട്‌,
ഒരു ചുവന്ന പൂവ്‌ വിരിയുമെന്നും...
ഒരു കവിത കൊണ്ട്‌ ചെയ്യാനാവുന്നത്‌
ഓര്‍ക്കാപ്പുറത്തടര്‍ന്നു പോമൊരു
മരത്തിണ്റ്റെ ശിഖരം പോല്‍
മറിഞ്ഞു പോയ മനസ്സിണ്റ്റെ
താളുകള്‍ മലര്‍ക്കെത്തുറക്കാനാവും

പരാജയപ്പെട്ട്‌ പോയൊരു
രക്തസാക്ഷി തന്‍ കണ്ണീരിന്‍
നനവ്‌ നിന്നെയനുഭവിപ്പിക്കാനാവും

പ്രണയത്തിണ്റ്റെ നഗ്നതയും
നല്ല കാലത്തിന്നോര്‍മകളും
ഒരു ജന്‍മത്തിണ്റ്റെ നോവ്‌,
ഒരു പൂവ്‌ വിരിയുന്നത്‌

ഒരു തെരുവ്‌ പെണ്ണിണ്റ്റെ
നിലയ്ക്കാത്ത ആര്‍ത്തനാദം
അങ്ങനെയെന്തെല്ലാമെന്തെല്ലമാവും
ഒരു കവിത കൊണ്ട്‌.

ഒടുവിലെന്‍ നിശബ്ദതയില്‍ നിന്ന്
നീയൂര്‍ന്ന് പോകുമ്പോള്‍
ഒരു കൊച്ച്‌ കവിത കൊണ്ട്‌
നിന്നെയെണ്റ്റേത്‌ മാത്രമാക്കാനാവും...
നിരാസം...
ഒരു മണ്‍ തരിയായിരുന്ന നിന്നെ
ഞാനെന്‍ ഹൃദയമൊരു ചിപ്പിയാക്കി-
യതില്‍ നിധി പോലെ കാത്തു വച്ചു.

സ്നേഹം ഊറിയൂറിക്കൂടി മുത്തായ്‌ മാറിയ
നിന്നെയാ ചിപ്പി പൊട്ടിച്ചെന്‍ മാറോടു-
ചേര്‍ക്കവേയറിഞ്ഞു എനിക്കന്യയെന്ന്‌.

പ്രണയം ഇതിഹാസമാക്കുവാന്‍ മാത്രം
കൊതിച്ചയെന്‍ നിറമില്ലാത്ത ചിന്തകളി-
ലെന്തേയിന്നു നിരാസം നിറഞ്ഞു നില്‍ക്കുന്നു.

അന്യണ്റ്റെ നിഴല്‍ കട്ടെടുത്താല്‍
സ്വന്തം നിഴല്‍ വഴി പിരിയുമെന്നറിയാതെ
രൂപത്തെയെല്ലാം കൈ വെടിഞ്ഞു നിന്‍
നിഴല്‍ മോഹിച്ചപഹാസ്യനായതു കൊണ്ടോ?

ഞാന്‍ തേടിയ കടങ്കഥയ്ക്കുത്തരം
നീ പാടിയ പാട്ടിലും പറയാന്‍ ശ്രമിച്ച
കഥയിലുമില്ലെന്നറിയാതെ, നിന്നെ-
യെന്നുമെന്‍ സ്വന്തമെന്ന്‌ നിനച്ചതു കൊണ്ടോ?

നിരാസത്തിന്നൊടുവിലെപ്പോഴോ
ഒരായിരം സ്വപ്നവര്‍ണങ്ങള്‍ നൂലിഴയിട്ടു-
നിനക്കായ്‌ തുന്നിയ പട്ടു ചേലയാലെന്‍
വ്യര്‍ഥമോഹങ്ങളെയാകെ ഞാന്‍
ശവക്കച്ച പുതപ്പിക്കവേയൊരു മിഴിനീര്‍-
ത്തുള്ളിയെന്‍ നിശബ്ദതയിലേക്കറിയാതെ
മൂകമായ്‌ വീണുടഞ്ഞു ചിതറിയോ?

കവിള്‍ത്തടങ്ങളെ ചുട്ടു പൊള്ളി-
ച്ചൊഴുകിപ്പടര്‍ന്ന കണ്ണീരിന്
‍നിറമായിരുന്നുവോ നിരാസത്തിനു.

ഇന്നെണ്റ്റെ പ്രാര്‍ഥനയെല്ലാ നിറ-
ങ്ങളുമെന്‍ കാഴ്ചയില്‍ മങ്ങി മായുവാന്‍.
ഇന്നെണ്റ്റെ പ്രാര്‍ഥനയൊരു ദീപനാള-
ത്തില്‍ വീണുരുകുമീയലായ്‌ തീരുവാന്‍.

തുരുമ്പാണി പോല്‍ മുന കൂര്‍ത്ത വാക്കി-
നാലെന്‍ ഹൃദയത്തില്‍ നീ കോറിവരച്ച
മുറിവില്‍ നിന്നൊരു തുള്ളി നിണമൊരു
നദിയായെന്‍ ജീവിത സാഗരത്തില്‍പ്പതിയ്ക്കവേ-
യറിയുന്നു ഞാന്‍ പ്രണയം നിരര്‍ത്ഥകമെന്ന്‌.

മൌനത്തിന്‍ നിലവിളിയൊച്ച പോലെന്‍
നിശബ്ദതയില്‍ മുഴങ്ങുന്നനന്തതയിലേക്കു
പറന്നകലുന്ന നിന്‍ നേര്‍ത്ത ചിറകടിയൊച്ച.

ഇരുള്‍ വീണു തുടങ്ങിയെന്നാകാശമാകെ,
അസ്തമിക്കുന്നവസാന സൂര്യരശ്മിയും
ഉദിക്കാത്ത ചന്ദ്രനും നക്ഷത്രങ്ങളുമിന്നി-
രുട്ടു പുതപ്പിക്കുന്നെന്‍ ഭൂമിയെ.
നിലാവില്ലാത്തയീ രാത്രിയിലവസാനമില്ലാത്ത
നിദ്ര പുല്‍കുവാന്‍ കേഴുന്നെന്‍ മനമൊന്നായ്‌.

നീയറിഞ്ഞിരിക്കില്ലയൊരുവേളയെന്‍ മനം
പക്ഷേയൊരു നാളെന്‍ നേരു തിരിച്ചറിഞ്ഞാല്‍
ജന്‍മാന്തര സ്മൃുതി പഥങ്ങളിലൊരു
നേര്‍ത്തനോവു പാട്ടിനായ്‌ കാതോര്‍ക്കുക നീ.


നര്‍മദയ്ക്കൊരു പ്രണയഗീതകം.
ഞാനെത്ര കൊതിച്ചെന്നോ
നിണ്റ്റെ തീരമാകുവാന്‍.

ജനുവരിയിലെ പുലരിയില്‍
മഞ്ഞുകട്ട പോല്‍ തണുത്ത
നിണ്റ്റെയൊരു തലോടലറിയുവാന്‍
വേനലില്‍ നിണ്റ്റെ
ചൂടുള്ള ആലിംഗനത്തിനായി..

എനിക്കായ്‌ തുറക്കുക നീ
നിണ്റ്റെ വാതായനങ്ങള്‍
നിന്നിലേക്കൊന്നൂളിയിടട്ടെ ഞാന്‍.

മെല്ലിച്ച ഇരുണ്ട നിറമുള്ള
മീന്‍പിടുത്തക്കാര്‍ വലകളാല്‍
നിന്നില്‍ തിരയുന്നതെന്തെന്നെനിക്കറിയാം
പക്ഷെ ഞാന്‍ തിരയുന്നതു
നിണ്റ്റെ ഹൃദയം കണ്ടെടുക്കാന്‍ മാത്രം.

നിന്നില്‍ നിന്നെനിക്കെണ്റ്റെ
പ്രണയമിന്നു വീണ്ടെടുക്കണം.
നിന്നില്‍ തെളിയുന്നയോരോ
ചാന്ദ്രബിംബത്തിലും
എനിക്കൊരു മുഖം
കണികാണാന്‍ കഴിയണം.

നിണ്റ്റെ പതന സമുദ്രമെന്‍
മനസ്സായിരുന്നെങ്കില്‍.ഗുജറാത്തില്‍ നര്‍മദയുടെ തീരത്ത്‌ ചിലവഴിച്ച ചില പഴയ നല്ല സായാഹ്നങ്ങളുടെ ഓര്‍മയ്ക്ക്‌
മഴത്തുള്ളി..
നിന്‍ നിറമിഴികളില്‍ നിന്നടര്‍-
ന്ന നീര്‍ത്തുള്ളികളെന്‍
തിളക്കുന്ന ഹൃദയച്ചൂടില്‍
നീരാവിയായ്‌ പിന്നെ കാര്‍മേഘമായ്‌.

നിറഞ്ഞു പെയ്യുവാനതു
തുടിച്ചു നില്‍ക്കവെ
എണ്റ്റെ കിനാവില്‍ നീ
മഴത്തുള്ളികള്‍ വീഴ്ത്തി.

ഞാന്‍ പാടിയൊരു
മഴപ്പാട്ടിന്നൊടുവിലെന്‍
ഊഷരതയിലേക്കൊരു
പുതുമഴയായതു പെയ്തിറങ്ങി.

ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ മു ബിംബം കണ്ടു
ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ സ്നേഹ സ്പര്‍ശമറിഞ്ഞു.

മഴ മിഴിയിലൂടെ നീ-
യെന്നെ നോക്കവെയെന്‍
മൂര്‍ധാവില്‍ പതിച്ചൊരു
ചുംബനത്താല്‍ ഞാനും മഴത്തുള്ളിയായി.

ഒടുവില്‍ നാമൊന്നായ്‌
നനഞ്ഞു കുളിച്ചപ്പോള്‍
നിനക്കു നിന്നെയും
എനിക്കെന്നെയും നഷ്ടമായിരുന്നു...
ആയുധമാക്കപ്പെടുന്ന ഇരകള്‍..
മണ്ണിരയുടെ രൂപത്തിലായിരുന്നു
തനിക്കുള്ള ആയുധം...

ഉയരങ്ങളിലേക്കുയര്‍ന്നു പോകുമ്പോള്‍
പണ്ടെന്നോ പെട്ടെന്ന്‌ കാണാതായ
കൂട്ടുകാരുടെ ഓര്‍മകളില്‍ വിഹ്വലനായി

മുറിവുകളുമായ്‌ പുറത്തു വന്ന്‌
ശ്വാസത്തിനായൊന്നു പരതിയപ്പോള്‍
ചൂണ്ട ദേഹത്താല്‍ മറയ്ക്കപ്പെട്ട്‌
ആഴങ്ങളിലേക്ക്‌ വീണ്ടുമാഴ്ത്തപ്പെടുന്നു

അവസാനത്തെപ്പിടച്ചില്‍
അഭിമാനത്തോടെയാവാം
തണ്റ്റെ അത്താഴം മുടങ്ങിയെങ്കിലെന്ത്‌,
തന്നേക്കാള്‍ വലിയൊരുവന്‍
നക്ഷത്രഭോജ്യമാകേണ്ടതിന്‌
താനായുധമായല്ലോ.

വേട്ടക്കാരന്‌ ഇരകള്‍ ചിലപ്പോഴെങ്കിലും
പിന്നെയും ആയുധമായി തീരാറുണ്ട്‌.
നുണയും നഗ്നവുമായ പ്രണയം.
പ്രണയം ഒരു നുണയായിരുന്നു...
ചിലവാകില്ലെന്നറിഞ്ഞിട്ടും
കീശയില്‍ സൂക്ഷിച്ച
കളഞ്ഞു കിട്ടിയ കള്ളനാണയം പോല്‍.

പ്രണയത്തിന്‍ കാണാച്ചിറകേറി
പറന്നൊരു മേഘമണയാന്‍ വിസമ്മതിച്ചത്‌
ഹൃദയമിടിപ്പ്‌ കൂടുമെന്നു ഭയന്നത്രെ.

ചായക്കൂട്ടില്‍ വിരല്‍ത്തുമ്പ്‌ മുട്ടിയ നേരം
മനം വിറയാര്‍ന്നത്‌ നിന്‍ രൂപമെന്‍
ക്യാന്‍വാസില്‍ പതിയുമെന്ന്‌ ഭയന്നത്രെ.

ചാരത്തിരിക്കവേയൊരു
താരാട്ടിന്നീണം മൂളുവാന്‍ മറന്നത്‌
നീയെന്‍ മാറിലൊരുകുഞ്ഞു പ്രാവായ്‌
കുറുകുമെന്നു ഭയന്നത്രെ.

എല്ലാം നുണയായിരുന്നു.
പൂക്കള്‍ക്കും പൂമ്പാറ്റകള്‍ക്കു-
മൊരേ നിറം തെളിഞ്ഞ
കുരുടണ്റ്റെ പകല്‍ക്കിനാവ്‌ പോല്‍.

പ്രണയം നഗ്നവുമായിരുന്നു.
പൂര്‍ണമാവാത്ത ആദ്യരതിയുടെ
അടക്കിപ്പിടിച്ച തേങ്ങല്‍ പോല്‍.

അലഞ്ഞു മെലിഞ്ഞ കാലുകളാല്‍
വിങ്ങി നില്‍ക്കുമിടവഴികളിലൂടെ
നിലയ്ക്കാത്ത കാമനകള്‍ തേടിയലഞ്ഞത്‌.

ഗഹനചിന്തകള്‍ക്കറുതിയേകി
നിന്നോര്‍മ്മകള്‍ മുഷിപ്പിച്ച
പകലുകള്‍ സ്വയംവരിച്ചൊരു
ദീര്‍ഘചുംബനം കൊതിച്ചത്‌.

നുണയും നഗ്നവുമായിരുന്നു പ്രണയം..
തിരശ്ശീലയില്ലാതരങ്ങേറുന്നയീ നിഴല്‍ നാടകം
നിന്നെയും കാണികളെയും
രസിപ്പിക്കുക തന്നെ ചെയ്യും കാരണം
നിറം മാറ്റങ്ങള്‍ തിരിച്ചറിയാതെ പോകുന്ന കാലമാണിത്‌.
കോണി..
എത്താത്ത കൊമ്പിലെത്താന്‍
കോണി ഒരനുഗ്രഹമാണ്‌..

കോണി വേണ്ടാത്ത മരഞ്ചാടികളും,
ഇളകിയ പടിയില്‍ കാലുറപ്പിച്ച്‌ കേറുന്ന
അഭ്യാസികളുമുണ്ട്‌, ജന്‍മവാസനയാണത്‌.

എത്ര കോണിപ്പടികള്‍ കേറിയാലും
എത്താത്ത കൊമ്പുകളെ നാം
സ്വപ്നങ്ങളെന്നു വിളിക്കും..

മുകളിലെത്തിക്കഴിഞ്ഞാല്‍ ആദ്യ പടി-
യേതെന്നോര്‍ക്കുന്നത്‌ നന്നായിരിക്കും,
ഒരു നാള്‍ താഴെയിറങ്ങേണ്ടതാണല്ലോ..

കാലുകളോരോന്നായ്‌ പെറുക്കി വയ്ക്കുന്നേരം
പടിയ്ക്കു നോവുന്നോയെന്നു ചിന്തിക്കാറില്ലാരും
കോണികള്‍ തേടിയലഞ്ഞവസാനം
കോണിപ്പടിയാകാനായിരുന്നെണ്റ്റെ വിധി...