അശാന്തം, മുയല്‍പ്പന്നികള്‍- വി.കെ. പ്രമോദിണ്റ്റെ കവിതാ സമാഹാരങ്ങളിലേക്ക്‌ ഒരു എത്തിനോട്ടം
വി.കെ പ്രമോദ്‌, ഒരു ജൂണ്‍ മഴ അപഹരിച്ച കവി ഹൃദയം..അദ്ദേഹത്തിണ്റ്റെ ആദ്യ കവിതാ സമാഹാരമാണ്‌ അശാന്തം. മുയല്‍ പന്നികള്‍ എന്നത്‌ മരണശേഷം അപ്രകാശിത രചനകള്‍ കണ്ടെടുത്ത്‌ പ്രമോദിണ്റ്റെ സുഹൃത്തുക്കള്‍ പ്രസിദ്ദീകരിച്ചത്‌. അവയുടെ വായനാനുഭവം പങ്കു വെക്കുന്നു..

ഭൌതികവും സൈദ്ധാന്തികവും ദാര്‍ശനികവുമായ തലങ്ങളില്‍ ഭാഷ അനുരണനങ്ങള്‍ സൃഷ്ടിച്ചു തുടങ്ങുമ്പോഴാണ്‌ കവിത എന്താണെന്ന്‌ നാമറിയുന്നത്‌. പുതിയ കവിതയുടെ ഇടം വിശാലവും ബഹുസ്വരവുമാണ്‌. പുതു കവിതയുടെ സാമാന്യ ലക്ഷണങ്ങള്‍ ഒക്കെ പേറുമ്പോള്‍ തന്നെ വി.കെ.പ്രമോദിണ്റ്റെ കവിതകളിലെ ജീവിത ദര്‍ശനവും രാഷ്ട്രീയവും കാവ്യ ബിംബങ്ങളും ഒക്കെ പുതു കവിതയുടെ സാധാരണ വഴിയില്‍ നിന്നു മാറി നടക്കാന്‍ കവി കാണിച്ച വ്യഗ്രതയും സൂക്ഷ്മതയും നമുക്ക്‌ വെളിവാക്കി തരുന്നു..

വി.കെ. പ്രമോദിണ്റ്റെ രണ്ട്‌ കവിതാ സമാഹാരങ്ങളിലെ ഏതാനും കവിതകളാണ്‌ ഞാനിവിടെ വിലയിരുത്താന്‍ ശ്രമിക്കുന്നത്‌. അശാന്തം എന്ന സമാഹാരത്തില്‍ പ്രമോദ്‌ തന്നെ പറഞ്ഞതു പോലെ പ്രത്യാശയുടെ വരണ്ട ഭൂമിയില്‍ നിന്നും സ്വപ്നങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങളുടെയും ലോകത്തേക്ക്‌ ഒരു ജാലകം തുറന്നിടുക തന്നെയാണ്‌ ഈ കവിതകള്‍.

വര്‍ത്തമാനം ഒരു മൃഗമാണ്‌.
കാടിണ്റ്റെ ഹരിതകം കുത്തിയിളക്കി
എല്ലാ നദികളും കുടിച്ചൊടുക്കി
മേഘങ്ങള്‍ക്ക്‌ നേരെ മുക്രയിട്ട്‌
മൃഗം കൊമ്പ്‌ കുത്തുന്നു.

വര്‍ത്തമാനം എന്ന ആദ്യ കവിതയില്‍ തന്നെ അരാഷ്ട്രീയ വാദികളായ അനേകം പുതു കവികളുടെ വഴിയിലല്ല താനെന്ന്‌ കവി തെളിയിക്കുന്നു.. സമകാലിക സാമൂഹ്യ അവസ്ഥകള്‍ വരച്ചു കാണിക്കുന്നതിലൂടെ നമ്മുടെ സമൂഹം നേരിട്ടു കൊണ്ടിരിക്കുന്ന ആഗോളവല്‍ക്കരണം പോലെയുള്ള വിപത്തുകളുടെ ഭയാനകതയെ ഈ വരികള്‍ നമ്മെ ഓര്‍മിപ്പിക്കും. കവിത അവസാനിപ്പിക്കുന്നത്‌ ഈ വിപത്തുകള്‍ക്ക്‌ നേരെയുള്ള ഒരു മുന്നറിയിപ്പുമായാണ്‌. സൂക്ഷിക്കുക! ജീവിതത്തിണ്റ്റെ പ്രവാഹത്തിലെല്ലാം, അവണ്റ്റെ കൈമുദ്രകള്‍ വീണിരിക്കുന്നു. കവി സമൂഹപ്രതിബദ്ധത ഉള്ളവനായിരിക്കുക കൂടി വേണം എന്നത്‌ പ്രമോദിണ്റ്റെ പല കവിതകളിലും അനുഭവവേദ്യമാകുന്നുണ്ട്‌.

പുതുമഴകള്‍ പെയ്യണം എന്ന കവിത ഒരു തുടക്കക്കാരണ്റ്റെ ശരാശരി കവിതയായി വിലയിരുത്താമെങ്കിലും എല്ലാ നന്‍മകളും അസ്തമിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത്‌ എല്ലാ തിന്‍മകള്‍ക്കും മേലെ നന്‍മയുടെ, നല്ല കവിതകളുടെ, സ്നേഹത്തിണ്റ്റെ ഒക്കെ പുതു നാമ്പുകള്‍ക്കായി തുടിക്കുന്ന ഒരു ഹൃദയം നമുക്കായി വരച്ചിടപ്പെട്ടിരിക്കുന്നു..
ഇവിടെയീ,
നഗരാര്‍ത്ത ജാലകം തുറന്നു വെക്കുമ്പോള്‍
കണ്ണില്‍ വേച്ചു പോകുന്നു
നഷ്ട നിദ്രകള്‍.

അശാന്തം എന്ന കവിത പേരു പോലെ തന്നെ. ഒരു നല്ല കവിക്കു വേണ്ടതായ കയ്യടക്കമുള്ള വരികള്‍. സൂക്ഷമമായി ഭാഷ പ്രയോഗിച്ചിരിക്കുന്നതിണ്റ്റെ മനോഹാരിത ഈ വരികളിലുണ്ട്‌. അതിലൂടെ സഞ്ചരിച്ചു കഴിയുമ്പോള്‍ അശാന്തിയുടെ ഒരു പര്‍വത്തിലേക്ക്‌ നമ്മുടെ മനസ്സും ചെന്നെത്തിപ്പോകുന്നു.. നഷ്ടമാകുന്ന നമ്മുടെ ഭൂസമ്പന്നതയെ, നഷ്ട പൈതൃകങ്ങളെ ഒക്കെ ഓര്‍ത്ത്‌ വിലപിക്കുന്ന മനസ്സ്‌ ഇവിടെയും കാണാം നമുക്ക്‌.

ഒരു തുലാവര്‍ഷ മഴ പോലെ നീ
എന്നെ നനയ്ക്കുക
ദാഹിക്കുമ്പോള്‍
ചുംബനങ്ങളുടെഒരു ചഷകം തരുക.

ഒരു ഉത്തരാധുനിക കവിത എന്ന കവിതയിലെ വരികളാണിത്‌. പ്രണയം, അത്‌ അന്യമൊന്നുമല്ല ഈ കവിക്ക്‌. പ്രമോദിണ്റ്റെ ചില കവിതകളില്‍ പ്രണയം അതിണ്റ്റെ എല്ലാ വന്യതയോടെയും അനുഭവവേദ്യമാകുന്നു നമുക്ക്‌. ആറിത്തണുക്കാത്ത കനലു പോലെ അതു ഓരോ കവിതയിലും തിളങ്ങുന്നു.. പ്രണയത്തെ വിദൂര പ്രകാശവും നിലാവും നിഴലും കടലിണ്റ്റെ പ്രക്ഷുബ്ധതയുമായി പല കവിതകളിലും അനുഭവവേദ്യമാകുന്നു.

സമാഹാരത്തിലെ മറ്റ്‌ ചില കവിതകളായ ഹൃദയഹാരിയായ ഒരു സായന്തനം, യൌവനം, പാബ്ളോ നെരൂദക്ക്‌, ക്ഷതചിത്രങ്ങളുടെ ജന്‍മം, ആതുരാലയത്തില്‍, പരിവര്‍ത്തനം തുടങ്ങിയവയൊക്കെ തന്നെ വ്യത്യസ്തങ്ങളായ വായനാനുഭവങ്ങള്‍ നമുക്കു സമ്മാനിക്കുന്നു. ജീവിതത്തിണ്റ്റെ ചൂടും ചൂരും ഗൃഹാതുരതയും ഒക്കെ കൂടിക്കലര്‍ന്ന വരികള്‍.

ജൂണ്‍ 26, അവിചാരിതമായി പ്രമോദ്‌ തങ്ങളെ വിട്ടകന്നപ്പോള്‍ ആ നല്ല കൂട്ടുകാരണ്റ്റെ മറ്റ്‌ കവിതകള്‍ തേടിപ്പിടിച്ച്‌ നാടക പഠന കേന്ദ്രം പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ചതാണ്‌ രണ്ടാമത്തെ കവിതാ സമാഹാരമായ മുയല്‍പ്പന്നികള്‍. അതിലെ കവിതകളിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ ഒരു തുടക്കക്കാരണ്റ്റെ രചനകള്‍ക്കുപരിയായി ശരിയായ രാഷ്ട്രീയ അവബോധമുള്ള, പുതിയ നാഗരികത മനുഷ്യാനുഭവത്തെ മുഴുവന്‍ അര്‍ത്ഥശൂന്യമായ ഇടങ്ങളിലേക്കു ഓടിക്കുകയാണെന്ന വസ്തുത തിരിച്ചറിയുന്ന ഒരു കവിയെ നമുക്കു പരിചയപ്പെടുത്തി തരുന്നു.

ആദ്യ കവിതയായ ജൂണ്‍ മഴ, തണ്റ്റെ പ്രേമത്തെ അതു വിളിച്ചുണര്‍ത്തുന്നു എന്നു പാടുന്നു കവി. ഇവിടെ പ്രണയത്തിണ്റ്റെ ഭാവം സ്നിഗ്ധമാണ്‌. മറ്റു ചില കവിതകളില്‍ കാണുന്ന വന്യത അതിനില്ല..

സമാഹാരത്തിലെ മികച്ച കവിതകളില്‍ ഒന്നായി എനിക്കനുഭവപ്പെട്ട ഇരകള്‍ എന്ന കവിത പ്രമോദിണ്റ്റെ രാഷ്ട്രീയ അവബോധത്തിനു ഉത്തമ ഉദാഹരണമാണ്‌. "
ഇത്രയേറെ കണ്ണുകള്‍ നിറഞ്ഞിരിക്കുമ്പോള്‍
നമുക്ക്‌ പോരാടിയെ പറ്റൂ
നിത്യമായ സമാധാനം നിലനിര്‍ത്തിയെ പറ്റൂ
അന്ന്‌, മേഘങ്ങള്‍ ചോര പെയ്ത്‌ തെളിഞ്ഞ്‌
ഭൂമിയില്‍ ഒരു വസന്തം വരും
കാറ്റ്‌ വസന്തത്തിണ്റ്റെ സുഗന്ധം
എല്ലാ ദിക്കുകളിലുമെത്തിക്കും
അപ്പോള്‍ എല്ലാ ജീവജാലങ്ങളും
പരസ്പരം അഭിസംബോധന ചെയ്യും
സഖാവേ, സഹോദരാ'

നവലിബറല്‍ കാലത്തിണ്റ്റെ വിഷജലത്തില്‍ മുക്കിക്കൊല്ലുന്ന ഒരു പോസ്റ്റ്‌ മോഡേണ്‍ അവസ്ഥയുടെ ഉല്‍പ്പന്നമാണ്‌ മനുഷ്യലോകം ഇന്നനുഭവിക്കുന്നത്‌,. കോമാളിക്കളികളോ അസംബന്ധ നാടകങ്ങളോ ആയിത്തീരുന്ന ജീവിതത്തിണ്റ്റെ നിരാലംബതയെ രാഷ്ട്രീയമായി തിരിച്ചറിയുവാന്‍ ഈ കവിതയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

പ്രവാസിക്കൊരു കുറിപ്പ്‌ എന്ന കവിത, പ്രവാസാനുഭവങ്ങളെ നാട്ടില്‍ നിന്നു നോക്കിക്കാണുന്ന ഒരാളുടെ കാഴ്ചപ്പാടില്‍ നിന്നുള്ളതാണ്‌. പക്ഷെ അതു പലര്‍ക്കും നേരനുഭവമാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.. ഒരുവന്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം പകര്‍ത്തി വെക്കാം ആ കുറിപ്പു പരിപൂര്‍ണവും അര്‍ത്ഥവത്തുമാക്കാം, പക്ഷേ കേട്ടറിവില്‍ നിന്നോ ഭാവനയില്‍ നിന്നോ മറ്റൊരു ലോകത്തെ ആവിഷ്കരിക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന ഒരു ചെറിയ പതര്‍ച്ച ഈ കവിതയില്‍ പ്രകടമാകുന്നുണ്ട്‌. എന്നാല്‍ തന്നെയും പ്രവാസി എന്നും അനുഭവിക്കുന്ന ഗൃഹാതുരതയും നാട്ടിലെത്തുമ്പോള്‍ പ്രകടിപ്പിക്കുന്ന ജാഡകളും ഒക്കെ ഈ കവിതയില്‍ അനുഭവവേദ്യമാകുന്നു.

പ്രമോദിണ്റ്റെ കവിതകളില്‍ എനിക്കു ഏറെ ഇഷ്ടപ്പെട്ടത്‌ നഷ്ടപ്പെട്ട മുങ്ങള്‍ എന്ന കവിതയാണ്‌.
താരാട്ടിണ്റ്റെ ഈണം കൊതിച്ചവള്‍
ജീവിതത്തിണ്റ്റെ താളം വില്‍ക്കുന്നു
ക്രൂരതയുടെ ഇരട്ട മൌനത്തില്‍
ഭ്രൂണങ്ങളില്‍ ബലിയാടായ
കുട്ടികളുടെകൂട്ടക്കരച്ചില്‍.

ഒരു നല്ല കവി എന്തായിരിക്കണമെന്ന്‌ പ്രമോദ്‌ നമുക്കു മനസ്സിലാക്കി തരുന്നു. ഇതേ കവിതയില്‍ തന്നെ അവസാനം എഴുതുന്നു.

മടുപ്പിക്കുന്ന എണ്റ്റെയീ
ഏകാന്തതകളില്‍ നിന്നും
ലീപോ*
ഞാന്‍ നിന്നിലേക്ക്‌ മടങ്ങി വരികയാണ്‌.
സൌന്ദര്യത്തിണ്റ്റെ നിറം കുടിച്ച്‌
കവിതയുടെ നിറ നിലാവില്‍
വീണ്ടും വീണ്ടും മുങ്ങി മരിക്കാന്‍.

**ഈ വരികളും ജൂണ്‍ മഴ എന്ന കവിതയിലെ വരികളും ചേര്‍ത്ത്‌ വായിക്കുമ്പോള്‍ മരണത്തിനു മുന്‍പേ തന്നെ തണ്റ്റെ രചനകളിലൂടെ സൂചകങ്ങള്‍ നല്‍കിയ കസാന്ദ്സാകിസിണ്റ്റേതു പോലെ ഒരു ദീര്‍ഘദര്‍ശിത്വം പ്രമോദിനുണ്ടായിരുന്നു എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌.

സ്വതന്ത്രവും മൌലികവുമായ ഒരു കാഴ്ചപ്പാട്‌ പ്രമോദിണ്റ്റെ മിക്ക കവിതകളും വച്ചു പുലര്‍ത്തുന്നു.. വരണ്ട ഭാഷയില്‍ എഴുതിയാല്‍ ഒരു രചനയും ആവര്‍ത്തിച്ചു വായിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുകയില്ല എന്ന തിരിച്ചറിവുള്ള കവിയാണ്‌ പ്രമോദ്‌. പ്രമോദിണ്റ്റെ ആകസ്മിക വിയോഗത്തിലൂടെ നമുക്കു നഷ്ടമായത്‌ ഒരു നല്ല കവിയെ ആണെന്നു നിസ്സംശയം പറയാനാവും.. രണ്ട്‌ സമാഹാരത്തിലെയും കവിതകള്‍ അതിനു അടിവരയിടുന്നു...

* ലീപോ, വഞ്ചി മറിഞ്ഞു മരണം വരിച്ച കവി..
**
വി.കെ. പ്രമോദിണ്റ്റെ ആകസ്മിക നിര്യാണവും ഒരു പുഴയില്‍ മുങ്ങി മരിച്ചായിരുന്നു..
3 Responses
  1. Unknown Says:

    അശാന്തം മുയൽ പന്നികൾ വി.കെ പ്രമോദിനെകുറിച്ചുള്ള ഓർമ്മ കുറിപ്പ് നന്നായി.


  2. നന്ദി അനൂപ്‌, പ്രമോദിണ്റ്റെ കവിതകള്‍ എനിക്ക്‌ വായിക്കാന്‍ തന്നതും ആസ്വാദന കുറിപ്പെഴുതണമെന്ന് എന്നോട്‌ ആവശ്യപ്പെട്ടതും സൌദിയിലുള്ള സുഹൃത്ത്‌ നിധീഷേട്ടന്‍ ആയിരുന്നു.. പ്രമോദിനെയും പ്രമോദിണ്റ്റെ കവിതകളെയും ഒരുപാട്‌ സ്നേഹിച്ചിരുന്നു നിധീഷ്‌..


  3. പ്രമോദിന്റെ കവിതകള്‍ ഇനിയും വായിക്കാനുണ്ട് എന്ന ഒരു ചിന്ത മനസ്സില്‍ വരാന്‍ ഈ ഓര്‍മ്മക്കുറിപ്പ് കാരണമായി.