ബക്കറ്റിലെ വെള്ളവും കടലിണ്റ്റെ നീലിമയും, ഒരു പ്രണയ കവിത
പണ്ടേക്ക്‌ പണ്ടേ
പ്രണയത്തിലായി നമ്മള്‍
ആധുനിക കവിതക്ക്‌ മുന്‍പേ,
അധികാരത്തിന്‍ ലഹരി
നുണയും മുന്‍പെ,

പിന്നെയാണ്‌
പോളിറ്റ്‌ ബ്യൂറോ
പോലും ഉണ്ടായത്‌..

പ്രണയിക്കുമ്പോഴും
തര്‍ക്കങ്ങളിലായിരുന്നു
നമ്മുടെ
ആനന്ദം..

കാളകൂടം കൈകളിലേന്തിയ
മാദ്ധ്യമപ്പരിഷകള്‍,
വിഡ്ഢിപ്പെട്ടിയില്‍ പതിയിരുന്ന്‌
വിഡ്ഢികള്‍ മാത്രമെന്ന്‌
പേര്‍ത്തും പേര്‍ത്തും തെളിയിച്ചവര്‍,
ഒക്കെയും കാത്തിരുന്നു,
പിണക്കത്തിണ്റ്റെ വിത്തില്‍ നിന്ന്‌
കതിര്‌ കൊയ്യാന്‍..

പ്രണയത്തിന്നപ്പുറം,
മനസ്സുകള്‍ക്കപ്പുറം
പിണക്കങ്ങള്‍ക്ക്‌ വേണ്ടി മാത്രം
കണ്ണും കാതും ഉഴിഞ്ഞു വെച്ചവര്‍..

ഒരു നാളൊരു പിണക്കം!!!
ഉത്സവം പോലെ,
ബക്കറ്റിലെ വെള്ളം
നീലയെന്ന് നീ
കടല്‍ വെള്ളത്തിന്‍ നീലിമ
ബക്കറ്റിനെന്ന് ഞാന്‍..

തര്‍ക്കശ്ശാസ്ത്രത്തിന്‍
ചിറകേറിയവസാനം
നാം സമവായത്തിലേക്ക്‌
ബക്കറ്റിലും കടലിലും
വെള്ളമില്ലെന്ന തിരിച്ചറിവിലേക്ക്‌..

നമുക്കിടയില്‍ ബാക്കിയായത്‌
ആറിത്തണുത്ത പ്രണയം

കാണികള്‍ (കഴുതകള്‍ ?? ) അപ്പോഴും
ഒരു തുള്ളി വെള്ളത്തിനു ദാഹിച്ച്‌..

മാദ്ധ്യമപ്പരിഷകള്‍,
മുഖം മറക്കാന്‍
ഒരു തുണ്ട്‌ തുണി പോലുമില്ലാതെ....
1 Response
  1. മയൂര Says:

    തകർത്തു; ബക്കറ്റ്.
    ആറിത്തണുത്തതൊക്കെ നീലീച്ച് നീലിച്ചും.