ഇന്ന്‌ സ:പി. കൃഷ്ണപിള്ള ദിനം, ലന്തൻ‍ബത്തേരിയിലെ ലുത്തിനിയകൾ‍ വായിച്ച ഒരനുഭവം
ഇന്ന്‌ സ:പി.കൃഷ്ണപിള്ള ദിനം, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ വായിച്ച അനുഭവം തികട്ടി വരുന്നു. 1948 ആഗസ്റ്റ്‌ 19.... വീണ്ടും ഒരോര്‍മപ്പെടുത്തല്‍ ഇന്ന്‌.. ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്തായിരിക്കണമെന്ന്‌ സ്വന്തം ജീവിതത്തിലൂടെ കാണിച്ച്‌ തന്നയാള്‍.. അതു കൊണ്ടാവാം പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആവാതിരുന്നിട്ടും ഈ സ്ഥാപക നേതാവിണ്റ്റെ ചരമദിനം ഓരോ കമ്മ്യൂണിസ്റ്റുകാരനും വികാരത്തോടെ കൊണ്ടാടുന്നത്‌...

ഇനി നോവെലിലേക്ക്‌.. എന്‍.എസ്‌ മാധവന്‍ എഴുതിയ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍..ജെസ്സീക്ക എന്ന പെണ്‍കുട്ടിയാണ്‌ കേന്ദ്ര കഥാപാത്രം.. ലന്തന്‍ബത്തേരി എന്ന തുരുത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവല്‍ പരിണമിക്കുന്നു.. ചില നോവലുകള്‍ അങ്ങനെയാണ്‌.. വായനക്കാരായ നമ്മെ കൂടെ ജീവിപ്പിക്കുക തന്നെ ചെയ്യും.. അതില്‍ ഒന്നാണ്‌ ഇത്‌.. ഈ അടുത്ത്‌ കാലത്ത്‌ അങ്ങനെ ഒരു അനുഭവം തന്നത്‌ ബെന്യാമിണ്റ്റെ ആട്ജീവിതവും ഖാലിദ്‌ ഹൊസ്സൈനിയുടെ പട്ടം പറത്തുന്നവനും ഒക്കെ ആയിരുന്നു.. എല്ലാം വേറിട്ട അനുഭവങ്ങള്‍, ജീവിത പരിസരങ്ങള്‍. എന്നിരുന്നാലും അവിടെയൊക്കെ ഞാനും ജീവിക്കുന്ന പോലെ..

ആറാം അദ്ദ്യായം, ബാബുല്‌ മോര എന്നു പേര്‌.. അവിടെയാണ്‌ സഖാവ്‌ പി കൃഷ്ണപിള്ള പ്രത്യക്ഷപ്പെടുന്നത്‌. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ്‌, അത്‌ ലന്തന്‍ബത്തേരിയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍.. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വലതുപക്ഷത്തേക്ക്‌ പോയ രാഘവനും, ഇടത്‌ പക്ഷത്ത്‌ നില്‍ക്കുന്ന ഷേണായിയും തമ്മിലുള്ള സംഭാഷണത്തിണ്റ്റെ രൂപത്തില്‍ സ:പി. നമ്മുടെ മുന്‍പിലേക്ക്‌..

നേതാക്കന്‍മാര്‍ ഭാഗം ചേര്‍ന്നു കഴിഞ്ഞു, ഇനിയുള്ളത്‌ പ്രസ്ഥാനത്തിണ്റ്റെ സ്ഥാവര ജംഗമവസ്തുക്കള്‍ ഭാഗം ചെയ്യലാണ്‌.. രക്ത സാക്ഷികളെ ഉണ്ടാക്കിയ സ്തലങ്ങള്‍, പുന്നപ്രയും വയലാറൂം.. പുന്നപ്ര വേണോ വയലാര്‍ വേണോ? പിന്നെ രക്തസാക്ഷികളെ പങ്ക്‌ വെക്കല്‍.. സ: പി ആര്‍ക്ക്‌?? പി. രക്തസാക്ഷിത്വം വഹിച്ചില്ലല്ലോ പാമ്പ്‌ കടിച്ചാണല്ലോ എന്ന്‌ ഇടതന്‍..എന്നാല്‍ പിന്നെ സഖാവിനെ കടിച്ച പാമ്പിനെ നിങ്ങള്‍ എടുത്തോ എന്ന്‌ വലതന്‍.. കാരണം വലിയ നേതാക്കന്‍മാരെല്ലാം അവരുടെ പാര്‍ട്ടിയിലാണത്രേ...അവരെ ഞങ്ങള്‍ ജനങ്ങളെക്കൊണ്ട്‌ കൊത്തിച്ചോളാം എന്ന്‌ ഷേണായ്‌..

ആര്‍ക്കും വേണ്ടി കാത്ത്‌ നില്‍ക്കാതെ കാലം ഘടികാരത്തിണ്റ്റെ സൂചികളെ സാക്ഷിയാക്കി നടന്നു മറയുന്നു... അതോടൊപ്പം നമുക്ക്‌ നഷ്ടമാവുന്ന സുമനസ്സുകളും പ്രത്യയശാസ്ത്രങ്ങളും.. വരാനിരിക്കുന്ന നല്ല നാളുകള്‍ക്കു വേണ്ടി, ഇനിയും വരാനിരിക്കുന്ന തലമുറക്കു വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവര്‍.. രക്തസാക്ഷികള്‍ എന്നോര്‍മ്മയില്‍ ഇന്നും ജീവിക്കുന്ന അനേകര്‍, രക്തസാക്ഷികള്‍ ആകാതെ തന്നെ മഞ്ഞമുടിക്കാരിയായ മരണദേവതക്ക്‌ കീഴടങ്ങേണ്ടി വന്നവര്‍.. അവരില്‍ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ എന്നും വേണ്ടപ്പെട്ട ഒരാളാണ്‌ സ:പി... അദ്ദേഹത്തിണ്റ്റെ ഒരു ചരമ ദിനം കൂടെ.. മുദ്രാവാക്യം വിളിച്ചും ഫോട്ടോ വച്ച്‌ കൊടിതോരണങ്ങള്‍ ഒക്കെ ഉയര്‍ത്തിയും ഈ ദിനവും നമുക്ക്‌ ആഘോഷിക്കാം.. പക്ഷേ സ:പി സ്വപ്നം കണ്ട ലോകം?? ഇതൊക്കെ ആയിരുന്നോ? ആവട്ടെ എന്നു മാത്രം മാറിയ രാഷ്ട്രീയ, ജീവിത പരിതസ്ഥിതിയില്‍ നമുക്കും ആശ്വസിക്കാം അല്ലെ??

വായനയെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരോട്‌.. കിട്ടാന്‍ സാധ്യത ഉണ്ടെങ്കില്‍ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ വായിക്കുക.. ഒരു പാട്‌ ഓര്‍മകളിലേക്ക്‌ അത്‌ നമ്മെ നയിക്കും.. തീര്‍ച്ച..
1 Response
  1. കമ്മ്യൂണിസ്റ്റ് എന്തെന്ന് ജീവിതം കൊണ്ട് കാണിച്ച് തന്ന പലരില്‍ ഒരാള്‍. ഈ കുറിപ്പ് നന്നായി.