കലയുടെ രാഷ്ട്റീയം. പ്രൊ.ബി. രാജീവണ്റ്റെ ലേഖനത്തിന്‌ ഒരു വിയോജനക്കുറിപ്പ്‌
കലയുടെ രാഷ്ട്രീയം...ഇത്‌ ഇ.എം.എസ്‌.മരിക്കുന്നില്ല എന്ന പേരില്‍ പുറത്തിറങ്ങിയ പ്രൊ.ബി.രാജീവണ്റ്റെ ലേഖന സമാഹാരത്തിലെ ഒരു ലേഖനത്തിണ്റ്റെ പേരാണ്‌. ഈ ലേഖനം മുന്‍ നിര്‍ത്തി ഒരിക്കല്‍ സൌദി അറേബ്യയിലെ പള്ളിക്കൂടം ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു..സൌദിയിലെ പരിമിതമായ സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട്‌ തന്നെ പറയട്ടെ പങ്കെടുത്തവരുടെ എണ്ണം തുലോം തുഛം ആയിരുന്നെങ്കിലും ആശയ സംഘട്ടനങ്ങള്‍ കൊണ്ടും ചര്‍ച്ചകള്‍ നല്ല രീതിയില്‍ തന്നെ നടന്നതു കൊണ്ടും പരിപാടി വിജയകരമായിരുന്നു എന്നു പറയാതെ വയ്യ. ആണ്റ്റണി സാര്‍ ആയിരുന്നു നേതൃത്വം, ബഷീര്‍ വാറോഡ്‌, രഘുനാഥ്‌ ഷൊറ്‍ണ്ണൂര്‍‍, സുബൈര്‍ തുഖ്ബ, ഷംസുദ്ദീന്‍ ആറാട്ടുപുഴ, പ്രഭാകരന്‍ മാഷ്‌,പ്രദീപ്‌ കൊട്ടിയം, ജോസേട്ടന്‍, മാധവി ടീച്ചര്‍, സറീന ടീച്ചര്‍ തുടങ്ങി സൌദി അറേബ്യയിലെ ഈസ്റ്റേണ്‍ പ്രോവിന്‍സില്‍ സാഹിത്യ, സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളില്‍ അറിയപ്പെടുന്നവര്‍ ആയിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത്‌.

ചര്‍ച്ചയുടെ ഉള്ളടക്കം പൂര്‍ണ്ണമായി പോസ്റ്റ്‌ ചെയ്യുന്നത്‌ അപ്രായോഗികം ആയതു കൊണ്ട്‌ തന്നെ ഞാന്‍ അവിടെ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ വിശദീകരിക്കാന്‍ വേണ്ടി മാത്രം ആണ്‌ ഈ പോസ്റ്റ്‌. എന്നാല്‍ തന്നെയും അന്നു ഉന്നയിക്കാനാവാതിരുന്ന ചില രൂപകങ്ങളും ഉണ്ട്‌ ഇവിടെ, ബെന്യാമിണ്റ്റെ ആട്‌ ജീവിതം പോലെ ഉള്ളവ..

കലയുടെ രാഷ്ട്രീയം, കലാകാരനെ എങ്ങനെ ആണ്‌ നാം നിര്‍വചിക്കുക? ആദ്യ കാലങ്ങളില്‍ കല സാഹിത്യരൂപങ്ങളിലും ചിത്രമെഴുത്തിലും ഒക്കെ മാത്രമായി ഒതുങ്ങി നിന്നു.. പക്ഷെ കാലം കലാകാരനെ പുനര്‍ നിര്‍വചിച്ചിരിക്കുന്നു.. ഇന്നു ഒരുവന്‍ ഒരു നല്ല ഫോട്ടോ എടുത്താല്‍, ഒരു നല്ല വീഡിയോ എടുത്താല്‍, കമ്പ്യൂട്ടറിണ്റ്റെ അനന്ത സാധ്യതകളില്‍ ഒന്നായ ഫോട്ടോഷോപ്പ്‌ ഉപയോഗിച്ച്‌ ഒരു ബിംബം സൃഷ്ടിച്ചാല്‍ എന്തിനധികം കച്ചിത്തുരുമ്പും തീപ്പെട്ടിക്കൊള്ളിയും ഉപയോഗിച്ച്‌ പോലും സംവദിക്കാവുന്ന അവസ്ഥയിലേക്ക്‌ നാം എത്തി നില്‍ക്കുന്നു.

എം.എഫ്‌. ഹുസൈനെ പോലെ ഉള്ളവര്‍ (ചിത്രം വരച്ച്‌ പണമുണ്ടാക്കുന്നവര്‍), അവര്‍ക്കു ആശയങ്ങളേക്കാള്‍ ഇന്നു താല്‍പ്പര്യം വിവാദം മാത്രമാണ്‌. വിവാദം ഉണ്ടെങ്കിലേ നല്ല വില കിട്ടു, അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപ്പെടു എന്ന ഒരവസ്ഥ ഇന്നു വന്നു തീര്‍ന്നിരിക്കുന്നു.. കവിത എഴുതി മാത്രമാണ്‌ താന്‍ ജീവിക്കുന്നത്‌ എന്നു അവകാശപ്പെടുന്നവര്‍ ഉണ്ട്‌ നമുക്ക്‌ ചുറ്റും..ഏത്‌ മേഖല എടുത്ത്‌ നോക്കിയാലും ലാഭം എന്ന അടിസ്താന തത്ത്വം മാത്രമാണ്‌ ഇന്നു നമുക്കു കാണാനാവുക.

ഉപയോഗിക്കുക എന്നത്‌ ഇടതുപക്ഷത്തിണ്റ്റെ, പ്രത്യേകിച്ച്‌ കമ്മ്യൂണിസ്റ്റ്‌ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ ഒരു പ്രായോഗിക തന്ത്രമായി പലപ്പോഴും എനിക്ക്‌ അനുഭവപ്പെട്ടിട്ടുണ്ട്‌. പക്ഷേ എണ്റ്റെ പ്രായം വച്ചു നോക്കിയാല്‍ നേരറിവുകളേക്കാള്‍ പ്രാധാന്യം കേട്ടറിവുകള്‍ക്കും വായനാനുഭവങ്ങള്‍ക്കുമാണ്‌. പ്രത്യേകിച്ച്‌ ഞാന്‍ ഇല്ലാതിരുന്ന ഒരു കാലയളവിനെ കുറിച്ച്‌ സംസാരിക്കേണ്ടി വരുമ്പോള്‍. അതു കൊണ്ട്‌ തന്നെ കലയെ വേണ്ട രീതിയില്‍ ഉപയോഗിച്ച കാലഘട്ടം എനിക്കു നേരിയ ഓര്‍മ പോലും ഇല്ലാത്തതാണ്‌.

തീരെ ഇല്ല എന്നു പറഞ്ഞു കൂടാ, കെ.പി.എ.സി.യും സാംബശിവനും ഒക്കെ എണ്റ്റെ കുട്ടിക്കാലത്ത്‌ പോലും ഉണ്ട്‌. പക്ഷെ അവര്‍ ഒരു കാലത്ത്‌ തങ്ങളുടെ കലയിലൂടെ മലയാളിയോട്‌ സംവദിച്ചത്‌ മനസ്സിലാക്കാന്‍ എനിക്ക്‌ കേട്ടറിവും വായനാനുഭവവും വേണ്ടി വന്നിട്ടുണ്ട്‌. അവര്‍ എന്താണ്‌ ചെയ്തത്‌ കലയിലൂടെ, ഒരു രാഷ്ട്രീയ പ്രസംഗത്തിനും സാദ്ധ്യമാവാത്ത വിധം മലയാളിയുടെ മനസ്സിനെ മാറ്റിയെടുക്കുവാന്‍ അവര്‍ക്ക്‌ സാധിച്ചു. നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം മാത്രം മതി അതിനൊരുദാഹരണം. ഇന്നത്തെ തലമുറക്ക്‌ അന്നത്തെ കേരളീയ സാഹചര്യങ്ങളോട്‌ താദാത്മ്യം പ്രാപിക്കാനാവില്ല ഒരിക്കലും.. അന്ന്‌ അവര്‍ പട്ടിണി അനുഭവിച്ചു എങ്കില്‍ അതു യഥാര്‍ഥ പട്ടിണിയുടെ മൂര്‍ത്തഭാവം ആയിരുന്നു.. വിളമ്പി വെച്ചിരിക്കുന്ന ഭക്ഷണം ഉപേക്ഷിച്ചിട്ടു പട്ടിണി കിടന്നാല്‍ ആ അനുഭവം ഒരിക്കലും ഉണ്ടാകില്ല. പട്ടിണി കിടന്നു കൊണ്ട്‌, എത്രയോ എതിര്‍പ്പുകള്‍ നേരിട്ട്‌ കൊണ്ട്‌ അവര്‍ ആശയങ്ങള്‍ ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു.

ഒരുവന്‍ സ്വാനുഭവത്തിനു വേണ്ടി കല അനുഷ്ഠിക്കുന്നുവെങ്കില്‍ അതു ജനങ്ങള്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതെന്തിനു. ഏത്‌ തരം കല ആയാല്‍ പോലും, ആസ്വാദകണ്റ്റെ കൊള്ളാം എന്ന അഭിപ്രായത്തിനു വേണ്ടിയോ? അതോ തെറ്റുകളില്‍ നിന്നു പാഠമുള്‍ക്കൊണ്ട്‌ കൂടുതല്‍ നല്ല കല ആവിഷ്കരിക്കുവാന്‍ വേണ്ടിയോ? അങ്ങനെ എങ്കില്‍ നിങ്ങളുടെ കല ആസ്വദിക്കുവാനും അഭിപ്രായം പറയുവാനും ആര്‍ക്കാണ്‌ ബാദ്ധ്യത? ആസ്വാദകന്‍ എന്ന വര്‍ഗം ഉണ്ട്‌ എന്നു നിങ്ങള്‍ ഉറച്ച്‌ വിശ്വസിക്കുന്നതെന്തിന്‌? ചെയ്യുന്ന കലയില്‍ ഉള്ള വിശ്വാസമാകുമൊ? ഒന്നു കൂടെ വിശദീകരിക്കാം ഒരു വ്യക്തി പ്രണയത്തെ കുറിച്ചെഴുതുന്നു. അത്‌ പലപ്പോഴും വ്യക്തിപരമായ അനുഭവം മാത്രമാകുന്നതെ ഉള്ളൂ, അതു വായിക്കുകയും മറ്റുള്ളവരുടെ അഭിപ്രായത്തിനു വേണ്ടി സമര്‍പ്പിക്കുകയും ചെയ്യുന്നത്‌ സ്വാര്‍ത്ഥത മാത്രമല്ലേ?

എണ്റ്റെ അഭിപ്രായത്തില്‍ കല എന്നും സഹജീവിക്കു വേണ്ടി കൂടെ ഉള്ളതാവണം. പലപ്പോഴും പല ബ്ളോഗില്‍ നിന്നും അനുഭവവേദ്യമായതും അടുത്തിറങ്ങിയ ബെന്യാമിണ്റ്റെ ആട്‌ ജീവിതവും ഒക്കെ സഹജീവിയുടെ നൊമ്പരങ്ങള്‍ പങ്കു വെക്കുന്നതല്ലേ? ഒരു കാലത്ത്‌ കേരളീയ സമൂഹം അനുഭവിച്ച വേദനകള്‍ നാടകത്തിലൂടെയും കഥാപ്രസംഗത്തിലൂടെയും ഒക്കെ അവര്‍ പങ്കു വെച്ചതു പോലെയല്ലെ ഇന്നു ചില മാധ്യമങ്ങളിലൂടെ പ്രവാസാനുഭവങ്ങള്‍ പലരും പങ്കു വെക്കുന്നത്‌. പ്രവാസത്തിണ്റ്റെ പൊള്ളുന്ന അനുഭവങ്ങള്‍ ഇന്നു നാം ബ്ളോഗ്‌ ലോകത്ത്‌ അറിയുന്നുണ്ട്‌, കാരണം ബ്ളോഗില്‍ ഏറ്റവും സജീവം പ്രവാസികള്‍ ആയതു കൊണ്ടാണ്‌ അതു., പക്ഷേ പ്രൊ.ബി.രാജീവനെപ്പോലെ ഉള്ളവര്‍ അറിയുന്നുണ്ടാകില്ല നജീമിണ്റ്റെയും ഹക്കിമിണ്റ്റെയും ഒക്കെ ലോകം. അതു അറിയിക്കുവാന്‍ എഴുത്ത്‌ എന്ന കല വേണ്ടി വരുന്നു. അപ്പോള്‍ കല സമൂഹത്തിനു വേണ്ടിയാവണം. എല്ലാ കലയും സമൂഹത്തിനു വേണ്ടി മാത്രം ആവണം എന്നല്ല എണ്റ്റെ അഭിപ്രായം. കലാകാരണ്റ്റെ കണ്ണ്‌ സമൂഹത്തിനു നേരെ തുറന്നു പിടിച്ച കണ്ണാടിയാവണം..

പ്രതികരിക്കേണ്ടയിടത്ത്‌ പ്രതികരിക്കുകയും സമൂഹത്തില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും വേണം. അതു കൊണ്ട്‌ തന്നെ ബി.രാജീവണ്റ്റെ ലേഖനത്തോട്‌ എനിക്ക്‌ വിയോജിപ്പാണുള്ളത്‌., അതോടൊപ്പം കലയെ പണസമ്പാദനത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ഉപയോഗിക്കുന്നവരോടും.

പിന്‍കുറിപ്പ്‌: കേരളത്തിലെ നക്സലൈറ്റ്‌ പ്രസ്താനത്തിണ്റ്റെ മുന്‍ നിരക്കാരില്‍ ഒരാളായിരുന്ന, നക്സലൈറ്റ്‌ രാജീവന്‍ എന്ന്‌ സ്വന്തം നാട്ടില്‍ പോലും അറിയപ്പെട്ടിരുന്ന പ്രൊ.ബി. രാജീവന്‍ എണ്റ്റെ അമ്മയുടെ വലിയച്ഛണ്റ്റെ മകനാണ്‍്‌. ഒരര്‍ത്ഥത്തില്‍ എണ്റ്റെ അമ്മാവന്‍. അദ്ദേഹം കേരളീയ സമൂഹത്തില്‍ നടത്തിയ ഇടപെടലുകള്‍ പൂര്‍ണ്ണമായി എനിക്കു മനസ്സിലാക്കാനിയിട്ടില്ല എങ്കില്‍ തന്നെയും അദ്ദേഹത്തിണ്റ്റെ ചില ആശയങ്ങളോട്‌., ലേഖനങ്ങളോട്‌ തുറന്ന എതിര്‍പ്പാണ്‌ എനിക്കുള്ളത്‌, സാവിത്രി രാജീവണ്റ്റെ കവിതകളെ സ്നേഹിക്കുമ്പോള്‍ പോലും...
6 Responses
  1. കലയുടെ രാഷ്ട്രീയം. അല്ലെങ്കില്‍ കലയില്‍ നിറഞ്ഞ് നില്‍ക്കുന്ന രാഷ്ട്രീയം, പണം കിട്ടാന്‍ വേണ്ടിയുള്ള കല, ഇതെല്ലാം ഇന്നത്തെ കാലഘട്ടത്തില്‍ ഡെഡിക്കേഷന്‍ കുറഞ്ഞു എന്നുള്ളതിന്റെ തെളിവ് മാത്രമല്ലെ.

    അത് ഇന്നുകാലത്ത് ഒഴിവാക്കപ്പെടും എന്നും തോന്നുന്നില്ല.


  2. ithu ennu naTannathaa ee charchcha?


  3. സൂ, ഞാനോര്‍ക്കുന്നുണ്ട്‌ താങ്കളെ, അല്‍-ഹസ്സ യിലെ സുനില്‍കൃഷ്ണന്‍, എണ്റ്റെ പ്രിയ സുഹൃത്തും വഴികാട്ടിയുമായ സുനിലേട്ടന്‍ പറഞ്ഞാണ്‌ ആദ്യം അറിഞ്ഞത്‌ താങ്കളെ പറ്റി. റിയാദിലെ സുനിലിനെ പറ്റി. ആ സുനില്‍ താങ്കളാണെങ്കില്‍ നമുക്ക്‌ പങ്കു വെക്കുവാന്‍ ഓര്‍മകള്‍ ഏറെയുണ്ട്‌. പെരുമ്പടവം സൌദി സന്ദര്‍ശിച്ച ദിനം..ദമ്മാിലെ ക്യാമ്പ്‌.. വരാമെന്നേറ്റിട്ട്‌ ഒരു പോലീസ്‌ ചെക്കിംഗ്‌ കാരണം യാത്ര പകുതിയില്‍ മുടങ്ങിയ സുനില്‍ കൃഷ്ണന്‍...

    താങ്കള്‍ അന്നു പെരുമ്പടവത്തോട്‌ ചോദിച്ച ഒരു ചോദ്യം പോലും മനസ്സിലുണ്ട്‌, അതിനൊക്കെ ഉപരി താങ്കള്‍ അന്നു കൊണ്ട്‌ വന്ന റിഫയുടെ അക്ഷരം.. അതില്‍ എണ്റ്റെ രാജ്യഭൃഷ്ടണ്റ്റെ നാള്‍ വഴികള്‍ എന്ന കവിത അച്ചടിച്ചിരുന്നു... അന്നു ഞാന്‍ പരിചയപ്പെട്ട സുനില്‍ ആണൊ ഇത്‌..

    ആണെങ്കില്‍ തീര്‍ച്ചയായും ആണ്റ്റണി സാറുമായി എന്നെക്കാള്‍ അടുത്ത ബന്ധം ഉണ്ടാവാം താങ്കള്‍ക്ക്‌.. ഈ ചര്‍ച്ച നടന്ന ദിവസം ഒരു ചര്‍ച്ച മാത്രമായിരുന്നില്ല. പള്ളിക്കൂടത്തിണ്റ്റെ, നവോദയയുടെ ഒക്കെ എല്ലാ പരിപാടിക്കും ഫോട്ടോ എടുത്തിരുന്ന കെ.എല്‍.ആണ്റ്റണിക്കു യാത്ര അയപ്പ്‌ കൂടെ ആയിരുന്നു അന്ന്.. ദിനരാത്രങ്ങള്‍ അറിയാതെ വിസ ഇല്ലാതെ സൌദിയില്‍ ഉഴറിയിരുന്ന എനിക്കു സ്വാന്തനവും സഹനവും നവോദയയും പള്ളിക്കൂടവും ഒക്കെ ആയിരുന്നു ഒരു കാലത്ത്‌..

    ഓര്‍മകളില്‍ നിന്നു എഴുതുന്നതിനു ദിനവും സമയവും പറയുവാന്‍ വയ്യ... ആകുമായിരുന്നെങ്കില്‍ എന്നു ചിലപ്പോഴൊക്കെ ആശിച്ചു പോകുന്നു..


  4. Anonymous Says:

    ഞാനിപ്പോ ഈ പോസ്റ്റ് വന്നതുകൊണ്ടാ എന്ന് എന്ന് ചോദിച്ചത്. ഇപ്പോ പള്ളിക്കൂടമൊക്കെ ആക്റ്റീവ് ആണോ എന്നറിയില്ല. സുബൈർ തുഖ്ബ, തുഖ്ബക്കാരനുമല്ലാതായീട്ടും കാലം ഒരുപാടായല്ലൊ. :) അപ്പോ ഒരു കൺ‌ഫ്യൂഷൻ.
    സാരല്യ.
    അവരെയൊക്കെ കാണാറുണ്ടോ ഇപ്പോ?
    പെരുമ്പടവം നാളുകൾ ഓർമ്മയുണ്ട്. പിന്നെ ഒരു ദിവസം ഞങ്ങൾ കുടുംബസമേതം പെരുമ്പടവത്തിന്റെ തിരുവനന്തപുരത്ത് സന്ദർശിച്ചിരുന്നു.
    ആ ചോദ്യം എനിക്കോർമ്മയില്ല ട്ടോ :)
    ഭയങ്കര മറവിക്കാരനാ ഞാൻ.
    അക്ഷരം നിന്നുപോയി ജോഷീ.
    ഞാനും ആക്റ്റിവിറ്റീസ് ഒന്നുമില്ലാതെ അടങ്ങി ഒതുങ്ങി കഴിയുന്നു.
    -സു-


  5. Anonymous Says:

    അപ്പറത്തെ എന്റെ ബ്ലോഗിലെ വാഴ കൃഷിയെപ്പറ്റി പറഞ്ഞത് മനസ്സിലായില്ല. ട്യൂബ്‌ലൈറ്റ്!
    -സു-


  6. Anonymous Says:

    പള്ളിക്കൂടത്തിന്റെ വെബ്‌സൈറ്റുമായി താങ്കൾ‌ക്ക് ബന്ധമുണ്ടായിരുനില്ലേ?
    -സു-