ചില കുറുങ്കവിതകള്‍
താന്‍പോരിമ

എന്നെക്കാള്‍ വലിയവനായി
നിഴല്‍ പോലുമുണ്ടാവാതിരിക്കാന്‍
ഞാനെണ്റ്റെ നടത്തം
ഉച്ചക്കു മാത്രമാക്കി,
ചിലപ്പോളതൊരു
ഉച്ചക്കിറുക്കുമാവാം.


മേഘങ്ങള്‍

എന്നില്‍ മാത്രമായെന്നും
തിമിര്‍ത്ത്‌ പെയ്യുമെന്നാശിപ്പിച്ച്‌
എവിടെയോ പോയ്‌ മറഞ്ഞ
വര്‍ഷമേഘങ്ങളേ,
ഏത്‌ പേരില്‍ വിളിക്കും നിങ്ങളെ?
ജീന, പിങ്കി, പ്രശാന്തി, പ്രശോഭ....
വിതുമ്പി നിന്നിട്ടും
പെയ്യാതെ പോയ വര്‍ഷമേഘങ്ങളെത്ര.....


നനവ്‌

കണ്ടറിഞ്ഞതും തൊട്ടറിഞ്ഞതും
നിണ്റ്റെ കണ്ണുകളിലായിരുന്നാദ്യം
പിന്നെ നിന്നെപ്പോല്‍
പല പേരില്‍ പല കണ്ണുകള്‍
ഒടുവിലൊരു കരട്‌ വേണ്ടി വന്നു
എനിക്കെണ്റ്റെ കണ്ണീരിന്‍
നനവ്‌ തൊട്ടറിയാന്‍...


പ്രായശ്ചിത്തം

അടുത്ത ജന്‍മത്തില്‍
ഒരു തുമ്പിയാവണം എനിക്ക്‌
നിണ്റ്റെ കൈകളാല്‍ പിടിക്കപ്പെട്ട്‌
നിണ്റ്റെ സന്തോഷം കണ്ടാനന്ദിക്കുന്ന
വാലില്‍ നൂലു കെട്ടിയ തുമ്പി
നിന്നെ സന്തോഷിപ്പിക്കുന്ന
മറ്റെന്ത്‌ ചെയ്യാനാവും എനിക്ക്‌...

Labels: | edit post
1 Response
  1. വിതുമ്പി നിന്നിട്ടും
    പെയ്യാതെ പോയ വര്‍ഷമേഘങ്ങളെത്ര.....