എന്റെ കവിക്ക്‌, എന്റെ പ്രിയപ്പെട്ട അയ്യപ്പന്‌
ഭഗവാന്റെ പേര്‌ പേറി,
കവിതയുടെ കൈപിടിച്ച്‌
അന്യന്റെ ദയയാല്‍
വയറിന്റെ പശിയടക്കി
ലഹരിയില്‍ മുങ്ങി നീ...

പക്ഷെ എന്നും മനസ്സ്‌ വിശന്ന്‌
നീ അലഞ്ഞു നടന്നു
കവിതകള്‍ക്കായ്‌ മാത്രം
ജീവിതം കൊടുത്ത്‌...

പ്രിയപ്പെട്ടവനെ,
നിന്റെ കവിതകള്‍
എനിക്കന്നമായിരുന്നു.

നിന്റെ ജീവിതം
എനിക്കു ദു:ഖമായിരുന്നു..
നീയാവാനാകാതെ പോയ ദു:ഖം.

എന്റെ ഓര്‍മകള്‍ക്ക്‌ മേല്‍
ഒരു വെയില്‍ തിന്നുന്ന പക്ഷി
ചിറകിട്ടടിക്കുന്നു..

എവിടെയോ
ഒരാട്ടിന്‍ കുട്ടി കരയുന്നു
ഒരു നല്ല ഇടയനെ ഓര്‍ത്ത്‌
നിന്നെ മാത്രം ഓര്‍ത്ത്‌....
മണ്ണാങ്കട്ടയും കരിയിലയും റീലോഡഡ് ..
മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയി. അന്ന് ഫെമിനിസ്റ്റുകള്‍ ഇല്ലാതിരുന്നതിനാലാവാം കരിയിലയും മണ്ണാങ്കട്ടയും എന്ന് പറയണമെന്ന് പറഞ്ഞ് ആരും രംഗത്ത് വന്നില്ല .. കരിയില പെണ്ണും മണ്ണാങ്കട്ട ആണും ആയിരുന്നു. അങ്ങനെ ആവണമല്ലോ, അതാണു സാമൂഹ്യ നീതി .. അന്ന് ആണും ആണും തമ്മില്‍ , പെണ്ണും പെണ്ണും തമ്മിലൊന്നും ബന്ധങ്ങള്‍ ഉടലെടുത്തിരുന്നില്ല .. ആണിനു പെണ്ണൂം പെണ്ണിന് ആണും.. ആദവും ഹവ്വയും പോലെ.
അങ്ങനെ അവര്‍ കാശിക്ക് പോകുമ്പോള്‍ എവിടെ വച്ചെന്നറിയില്ല .. മഴ പെയ്തു.. നല്ല കിടിലന്‍ മഴ .. കൊണ്ട് പോകാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഒന്നും ഇല്ലായിരുന്നു, ഒരു കുട പോലുമില്ലാത്ത മണ്ണാങ്കട്ടയുടെ അവസ്ഥ കണ്ട് കരിയില സ്വയം പോപ്പി അതൊ ജോണ്‍സോ അറിയില്ല, അത് പോലും നല്‍കാത്ത സുരക്ഷിതത്വം നല്‍കി. അങ്ങനെ പാവം മണ്ണാങ്കട്ട തല്‍ക്കാലം രക്ഷപ്പെട്ടു ..
പിന്നെയും യാത്ര .. അപ്പോഴാണ്‍^ ഒടുക്കത്തെ കാറ്റ് വന്നത് . മണ്ണാങ്കട്ടയെ ചലിപ്പിക്കിക്കാന്‍ കാറ്റിനായില്ല. പക്ഷേ നമ്മുടെ കരിയിലയോ, പെണ്ണല്ലേ? ആകെ വിറച്ചു.. ഇപ്പോ പോകുമെന്നായി.. മണ്ണാങ്കട്ട കേറി കരിയിലയുടെ മുകളില്‍ ഇരുന്നു.. കാറ്റടങ്ങി.. പിന്നെ മഴയും വന്നില്ല കാറ്റും വന്നില്ല. അവര്‍ക്ക് തിരിച്ചറിവായി.. മണ്ണാങ്കട്ടയും കരിയിലയും വീട്ടിലേക്ക് പോയി .
വര്‍ഷങ്ങള്‍ക്ക് ശേഷം..
ഇപ്പോള്‍ കിട്ടിയത് ..... കരിയിലയെ പീഡിപ്പിച്ച മണ്ണാങ്കട്ടയെ പോലീസ് തിരയുന്നു. കരിയിലക്ക് വയറ്റില്‍ ഉണ്ടത്രേ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൊടുങ്കാറ്റില്‍ നിന്ന് രക്ഷിക്കാന്‍ എന്ന വ്യാജേന പീഡിപ്പിച്ചു എന്നതാണത്രേ കേസ്.. പാവം മണ്ണാങ്കട്ട ഇപ്പോള്‍ എവിടെയാണോ എന്തോ??
നാളെ എന്താവാം?
ഇടങ്ങള്‍
പുതിയൊരാളെ
രേഖപ്പെടുത്താന്‍
കാലം മാറ്റിവെക്കുന്ന
“ഇടങ്ങള്‍”
ഒറ്റനോട്ടത്തില്‍
തിരിച്ചറിയാനാവില്ല..
ചിലപ്പോഴൊക്കെ .....
വാചാലനാവുക
എളുപ്പമാണ്..

ആർക്കും വേണ്ടാതെ
ജീവിച്ചിരിക്കുന്നതിന്റെ
അർത്ഥശൂന്യതയെ പറ്റി..

സ്വയംഹത്യയുടെ
കാണാപ്പുറങ്ങൾ തേടിയ
പൂർവികരെക്കുറിച്ച്..

ജീവിക്കുക എന്നത്
ചിലപ്പോഴൊക്കെ
ഒരു കടമയാണ്..

ആർക്കോ വേണ്ടി
എന്തിനോ വേണ്ടി
ഒന്നുമറിയാതെ
ചുമ്മാ ജീവിച്ചിരിക്കുക..

ജീവിച്ചില്ലെങ്കിലെന്ത്
മരിച്ച് പോകുമോ
എന്ന് തോന്നി പോകാറുണ്ട്
ചിലപ്പോഴൊക്കെ!!

കയറിൽ തൂങ്ങി
കഴുത്തിറുങ്ങി
പിടയുമ്പോഴേ അറിയൂ
ചുമ്മാ ജീവിക്കുന്നതാണ്
നല്ലതെന്ന്..
അങ്ങനെ തന്നെ ആയിരിക്കേണ്ടവ
ചിലര്‍ ചോദിക്കുന്നു,
എല്ലാം എപ്പോഴും
അങ്ങനെ തന്നെ
ആയിരിക്കണമോയെന്ന്..

എല്ലാറ്റിനും മാ
റ്റം വേണ-
മെന്നത്രേ മറ്റ് ചിലര്‍ ..

അങ്ങനെയല്ലെങ്കിലെന്ന്
ചോദിക്കാനാവാതെ
എണ്ണിയാലൊടുങ്ങാത്തവ!

ചില നോട്ടങ്ങള്‍
ചില ഭാവങ്ങള്‍
ചില കവിതകള്‍

വല്ലപ്പോഴും കാണുന്ന
ചില സ്വപ്നങ്ങള്‍ ,
എന്തിനധികം
നിന്റെ ഹൃദയമിടിപ്പ് പോലും..

അത് കൊണ്ടാവാം
നിന്നെ മറക്കാത്തതെന്തെന്ന്
എന്റെ ഹൃദയത്തോട്
ചോദിക്കാനാവാത്തത്..

അങ്ങനെ തന്നെ ആയിരിക്കേണ്ടവയാണ്
ചിലതൊക്കെ,
അങ്ങനെ അല്ലെങ്കിലെന്ന്
ഒന്നിനോടും ചോദിക്കേണ്ടതില്ല…
മറവി
അസുഖമെന്ന് ചിലർ,
അഹങ്കാരമെന്ന് മറ്റ്‌ ചിലർ,
അഭിനയമെന്ന് അനേകം ചിലർ!!
ഈ ചിലരെയൊക്കെ
ഓർത്തെടുക്കാൻ പെടുന്ന പാട്‌
എനിക്കല്ലേ അറിയൂ...
സ്നേഹം
ഊറിയൂറി
ഉറഞ്ഞുറഞ്ഞ്‌
തണുത്ത്‌ മരവിച്ച്‌
ഒളിച്ചിരിപ്പുണ്ടാവാം
എവിടെയൊക്കെയോ.....
കേള്‍വി
എല്ലാ കേള്‍വിയും
സ്വാഭാവികമല്ല,
ചെവികളെ എനിക്കത്ര
വിശ്വാസവുമില്ല..

ഇടയ്ക്കൊക്കെ ഞാന്‍

ചെവികളെ നിര്‍ബന്ധിക്കും
ചിലര്‍ ചിലരോട്‌ പറയുന്ന
ചില രഹസ്യങ്ങള്‍

എന്നെ കേള്‍പ്പിക്കുവാന്‍ ..

അപ്പോഴൊക്കെ ഞാനറിയും
ഒറ്റച്ചെവിയിലൂടെ
ഹൃദയത്തിലേക്കരിച്ചിറങ്ങുന്ന
മുറിഞ്ഞ, സ്പഷ്ടമല്ലാത്ത
വാക്കുകള്‍ പകരുന്ന വേദന..

മറ്റ്‌ ചിലപ്പോഴൊക്കെ
ചെവികളെ സംശയിക്കും,
ഒരു പാട്‌ പ്രതീക്ഷിച്ചിട്ടും
'അല്ല','ഇല്ല' എന്ന് മാത്രം
കേൾ‍ക്കേണ്ടി വരുമ്പോള്‍ ..

ചതിച്ചതാണോയെന്നോര്‍ത്ത്‌
ദേഷ്യപ്പെടും, ശപിക്കും,
പിന്നെയും കാത്തിരിക്കും
ഇഷ്ടവാക്കുകള്‍ കേള്‍ക്കാന്‍

ചെവികള്‍ കൂര്‍പ്പിച്ച്‌, കൂര്‍പ്പിച്ച്‌..

ഒടുക്കം തിരിച്ചറിയും
കണ്ണുകളേക്കാള്‍ വിശ്വസ്തരാണ്‌
ചെവികളെന്ന്.....




ഒരു ബ്ളോഗ്ഗറുണ്ടായത്‌
ഗണിതം പഠിക്കാനയച്ചപ്പോൾ‍
അച്ഛൻ ‍ മോഹിച്ചു
മകൻ‍ സിവിൽ‍ എഞ്ചിനീയറാകുമെന്ന് ..

കമ്പ്യൂട്ടർ‍ പഠിത്തമെന്ന് പറഞ്ഞപ്പോൾ‍
അമ്മ കരുതി
കമ്പ്യൂട്ടർ‍ എഞ്ചിനീയർ‍ ആകുമെന്ന് ..

ഗൾ‍ഫിലേക്ക്‌ പോയപ്പോൾ‍
നാട്ടുകാർ‍ സന്തോഷിച്ചു
ഒരു പുത്തൻ‍പണക്കാരൻ ‍ കൂടെയെന്ന് ..

അവസാനം
എത്ര കൂട്ടിക്കിഴിച്ചിട്ടും
ഗണിതശാസ്ത്രത്തിന്റെ ചുരുക്കെഴുത്തുകളിൽ ‍
നഷ്ടങ്ങൾ‍
ബാക്കിയായപ്പോൾ ‍
അവൻ‍ ബ്ളോഗെഴുത്തുകാരനായി.
സ്വപ്നത്തിലൊരു പശു
എണ്റ്റെ സ്വപ്നത്തില്‍
ഒരു പൂവാലിപ്പശു
കണ്ണു ചിമ്മുന്നു..

വെളുത്ത്‌ തുടുത്ത്‌
അയവെട്ടി അയവെട്ടി
തളര്‍ന്നു കിടക്കുന്നു,
കയറിണ്റ്റെ ബന്ധനമില്ലാതെ..

പച്ചച്ച കണ്ണുകളില്‍
പണ്ടെന്നോ ചവച്ചരച്ച
പച്ചപ്പുല്ലുകളുടെ ഓര്‍മ്മ..

കുറ്റി പറിച്ച്‌,
എവിടേക്കെന്നറിയാതെ
കുതിച്ച സന്ധ്യകള്‍...

പിന്നാലെ ഓടിയ
വള്ളി നിക്കറിട്ട ചെക്കന്‍
മുട്ടില്‍ തിരുമ്മിയ
കമ്മ്യൂണിസ്റ്റ്‌ പച്ച..

ഇടക്കൊന്നു വാലാട്ടി
തിരിഞ്ഞു നില്‍ക്കുന്നു,
ആരോടോ പിണങ്ങിയെന്ന പോല്‍

ഓര്‍മ്മകള്‍ക്കവസാനം

അത്‌ പിറുപിറുക്കുന്നു
ഒരു പുല്ലുപോലുമില്ലാത്ത ഭൂമി എന്ന്‌..
വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
കുന്ന്‌ കയറുന്നത്‌ പോലെയാണ്‌.
കിതച്ചും തളര്‍ന്നും,
ഇടക്കിടെ നിന്നും
പിന്നാലെ ആരെങ്കിലും
വരുന്നുണ്ടോ എന്ന്‌ നോക്കിയും..

മുകളിലെത്തിക്കഴിഞ്ഞാല്‍

ശൂന്യമായ ആകാശം മാത്രം,
വേദനിപ്പിക്കാനാവാതെ
ഉള്ളിലൊതുക്കേണ്ടി വരുന്ന
സന്ദേഹങ്ങള്‍ മാത്രം...

എല്ലാത്തിനുമവസാനം
ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു
എന്തിനായിരുന്നു എല്ലാം??

എന്നിട്ടും,
എത്ര തുടച്ചിട്ടും
മായ്ക്കാനാവാത്ത നിന്‍
സീമന്തരേഖയിലെ
കുങ്കുമം പോലെ,
മറക്കാനാവാതെ പോകുന്നു
നീ പകര്‍ന്നു തന്ന
സ്നേഹം..
ഇന്ന്‌ സ:പി. കൃഷ്ണപിള്ള ദിനം, ലന്തൻ‍ബത്തേരിയിലെ ലുത്തിനിയകൾ‍ വായിച്ച ഒരനുഭവം
ഇന്ന്‌ സ:പി.കൃഷ്ണപിള്ള ദിനം, ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍ വായിച്ച അനുഭവം തികട്ടി വരുന്നു. 1948 ആഗസ്റ്റ്‌ 19.... വീണ്ടും ഒരോര്‍മപ്പെടുത്തല്‍ ഇന്ന്‌.. ഒരു നല്ല കമ്മ്യൂണിസ്റ്റുകാരന്‍ എന്തായിരിക്കണമെന്ന്‌ സ്വന്തം ജീവിതത്തിലൂടെ കാണിച്ച്‌ തന്നയാള്‍.. അതു കൊണ്ടാവാം പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷി ആവാതിരുന്നിട്ടും ഈ സ്ഥാപക നേതാവിണ്റ്റെ ചരമദിനം ഓരോ കമ്മ്യൂണിസ്റ്റുകാരനും വികാരത്തോടെ കൊണ്ടാടുന്നത്‌...

ഇനി നോവെലിലേക്ക്‌.. എന്‍.എസ്‌ മാധവന്‍ എഴുതിയ ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍..ജെസ്സീക്ക എന്ന പെണ്‍കുട്ടിയാണ്‌ കേന്ദ്ര കഥാപാത്രം.. ലന്തന്‍ബത്തേരി എന്ന തുരുത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ നോവല്‍ പരിണമിക്കുന്നു.. ചില നോവലുകള്‍ അങ്ങനെയാണ്‌.. വായനക്കാരായ നമ്മെ കൂടെ ജീവിപ്പിക്കുക തന്നെ ചെയ്യും.. അതില്‍ ഒന്നാണ്‌ ഇത്‌.. ഈ അടുത്ത്‌ കാലത്ത്‌ അങ്ങനെ ഒരു അനുഭവം തന്നത്‌ ബെന്യാമിണ്റ്റെ ആട്ജീവിതവും ഖാലിദ്‌ ഹൊസ്സൈനിയുടെ പട്ടം പറത്തുന്നവനും ഒക്കെ ആയിരുന്നു.. എല്ലാം വേറിട്ട അനുഭവങ്ങള്‍, ജീവിത പരിസരങ്ങള്‍. എന്നിരുന്നാലും അവിടെയൊക്കെ ഞാനും ജീവിക്കുന്ന പോലെ..

ആറാം അദ്ദ്യായം, ബാബുല്‌ മോര എന്നു പേര്‌.. അവിടെയാണ്‌ സഖാവ്‌ പി കൃഷ്ണപിള്ള പ്രത്യക്ഷപ്പെടുന്നത്‌. അവിഭക്ത കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ഉണ്ടായ പിളര്‍പ്പ്‌, അത്‌ ലന്തന്‍ബത്തേരിയില്‍ ഉണ്ടാക്കിയ ചലനങ്ങള്‍.. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വലതുപക്ഷത്തേക്ക്‌ പോയ രാഘവനും, ഇടത്‌ പക്ഷത്ത്‌ നില്‍ക്കുന്ന ഷേണായിയും തമ്മിലുള്ള സംഭാഷണത്തിണ്റ്റെ രൂപത്തില്‍ സ:പി. നമ്മുടെ മുന്‍പിലേക്ക്‌..

നേതാക്കന്‍മാര്‍ ഭാഗം ചേര്‍ന്നു കഴിഞ്ഞു, ഇനിയുള്ളത്‌ പ്രസ്ഥാനത്തിണ്റ്റെ സ്ഥാവര ജംഗമവസ്തുക്കള്‍ ഭാഗം ചെയ്യലാണ്‌.. രക്ത സാക്ഷികളെ ഉണ്ടാക്കിയ സ്തലങ്ങള്‍, പുന്നപ്രയും വയലാറൂം.. പുന്നപ്ര വേണോ വയലാര്‍ വേണോ? പിന്നെ രക്തസാക്ഷികളെ പങ്ക്‌ വെക്കല്‍.. സ: പി ആര്‍ക്ക്‌?? പി. രക്തസാക്ഷിത്വം വഹിച്ചില്ലല്ലോ പാമ്പ്‌ കടിച്ചാണല്ലോ എന്ന്‌ ഇടതന്‍..എന്നാല്‍ പിന്നെ സഖാവിനെ കടിച്ച പാമ്പിനെ നിങ്ങള്‍ എടുത്തോ എന്ന്‌ വലതന്‍.. കാരണം വലിയ നേതാക്കന്‍മാരെല്ലാം അവരുടെ പാര്‍ട്ടിയിലാണത്രേ...അവരെ ഞങ്ങള്‍ ജനങ്ങളെക്കൊണ്ട്‌ കൊത്തിച്ചോളാം എന്ന്‌ ഷേണായ്‌..

ആര്‍ക്കും വേണ്ടി കാത്ത്‌ നില്‍ക്കാതെ കാലം ഘടികാരത്തിണ്റ്റെ സൂചികളെ സാക്ഷിയാക്കി നടന്നു മറയുന്നു... അതോടൊപ്പം നമുക്ക്‌ നഷ്ടമാവുന്ന സുമനസ്സുകളും പ്രത്യയശാസ്ത്രങ്ങളും.. വരാനിരിക്കുന്ന നല്ല നാളുകള്‍ക്കു വേണ്ടി, ഇനിയും വരാനിരിക്കുന്ന തലമുറക്കു വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവര്‍.. രക്തസാക്ഷികള്‍ എന്നോര്‍മ്മയില്‍ ഇന്നും ജീവിക്കുന്ന അനേകര്‍, രക്തസാക്ഷികള്‍ ആകാതെ തന്നെ മഞ്ഞമുടിക്കാരിയായ മരണദേവതക്ക്‌ കീഴടങ്ങേണ്ടി വന്നവര്‍.. അവരില്‍ ഇടത്പക്ഷ പ്രസ്ഥാനങ്ങള്‍ക്ക്‌ എന്നും വേണ്ടപ്പെട്ട ഒരാളാണ്‌ സ:പി... അദ്ദേഹത്തിണ്റ്റെ ഒരു ചരമ ദിനം കൂടെ.. മുദ്രാവാക്യം വിളിച്ചും ഫോട്ടോ വച്ച്‌ കൊടിതോരണങ്ങള്‍ ഒക്കെ ഉയര്‍ത്തിയും ഈ ദിനവും നമുക്ക്‌ ആഘോഷിക്കാം.. പക്ഷേ സ:പി സ്വപ്നം കണ്ട ലോകം?? ഇതൊക്കെ ആയിരുന്നോ? ആവട്ടെ എന്നു മാത്രം മാറിയ രാഷ്ട്രീയ, ജീവിത പരിതസ്ഥിതിയില്‍ നമുക്കും ആശ്വസിക്കാം അല്ലെ??

വായനയെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരോട്‌.. കിട്ടാന്‍ സാധ്യത ഉണ്ടെങ്കില്‍ ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍ വായിക്കുക.. ഒരു പാട്‌ ഓര്‍മകളിലേക്ക്‌ അത്‌ നമ്മെ നയിക്കും.. തീര്‍ച്ച..
കാട്ടാക്കടയും ഞാനും, ഇടപ്പള്ളി മീറ്റ്‌ തന്ന സൌഭാഗ്യം..

പ്രവാസികള്‍ക്ക്‌ കവിത പലപ്പോഴും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്‌, ചൊല്‍ക്കവിതകള്‍, കാസറ്റ്‌ കവികള്‍ എന്നൊക്കെ പരിഹസിക്കുമ്പോള്‍ പോലും നല്ല കവിത കേട്ടാല്‍ ആസ്വദിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല എന്നു തോന്നുന്നു. എന്തായാലും എനിക്കു ഏറെ ഇഷ്ടപ്പെട്ട കവിതകളില്‍ ഒന്നായിരുന്നു രേണുക.. അതിണ്റ്റെ രചയിതാവ്‌ എന്ന നിലയില്‍ കാട്ടാക്കടയെ കാണുവാനും പരിചയപ്പെടുവാനും, നേരില്‍ ചൊല്ലി കേള്‍ക്കുവാനും ഒക്കെ കൊണ്ട്‌ നടന്ന മോഹം ഒടുവില്‍ സാക്ഷാല്‍ക്കരിക്കാനായി, കഴിഞ്ഞ മാസം നടന്ന ഇടപ്പള്ളി മീറ്റിലൂടെ..

മീറ്റിനെ പലരും തള്ളി പറയുമ്പോഴും വിമര്‍ശിക്കുമ്പോഴും എനിക്ക്‌ കിട്ടിയ ഇത്തരം നല്ല അനുഭവം മാത്രം മതി ഈ മീറ്റ്‌ എക്കാലവും ഓര്‍മയില്‍ തങ്ങി നില്‍ക്കാന്‍.. അതു കൊണ്ട്‌ തന്നെയാണ്‌ മീറ്റ്‌ സംബന്ധിയായ വിഷയങ്ങളില്‍ ചിലപ്പോഴൊക്കെ വെട്ടിത്തുറന്ന്‌, പരുഷമായി തന്നെ എനിക്ക്‌ പ്രതികരിക്കേണ്ടി വന്നത്‌. ഇനിയെങ്കിലും മീറ്റിനെ കണ്ണടച്ച്‌ എതിര്‍ക്കുന്നവര്‍ അതിണ്റ്റെ നല്ല വശങ്ങള്‍ കാണാതെ പോകരുത്‌ എന്നാണ്‌ എനിക്കു പറയാനുള്ളത്‌...

പറയാന്‍ മറന്നത്‌: എണ്റ്റെ പഴയ ഗ്ളാമറിനു ഒരല്‍പ്പം കോട്ടം തട്ടിയിട്ടുണ്ട്‌, അതു കൊണ്ട്‌ പണ്ട്‌ ഞാന്‍ അയച്ചു തന്ന ഫോട്ടമിലെ എന്നെ മനസ്സില്‍ കരുതിയാല്‍ മതി എന്നു ഫാന്‍സിനോട്‌ അപേക്ഷിക്കുന്നു..
ബക്കറ്റിലെ വെള്ളവും കടലിണ്റ്റെ നീലിമയും, ഒരു പ്രണയ കവിത
പണ്ടേക്ക്‌ പണ്ടേ
പ്രണയത്തിലായി നമ്മള്‍
ആധുനിക കവിതക്ക്‌ മുന്‍പേ,
അധികാരത്തിന്‍ ലഹരി
നുണയും മുന്‍പെ,

പിന്നെയാണ്‌
പോളിറ്റ്‌ ബ്യൂറോ
പോലും ഉണ്ടായത്‌..

പ്രണയിക്കുമ്പോഴും
തര്‍ക്കങ്ങളിലായിരുന്നു
നമ്മുടെ
ആനന്ദം..

കാളകൂടം കൈകളിലേന്തിയ
മാദ്ധ്യമപ്പരിഷകള്‍,
വിഡ്ഢിപ്പെട്ടിയില്‍ പതിയിരുന്ന്‌
വിഡ്ഢികള്‍ മാത്രമെന്ന്‌
പേര്‍ത്തും പേര്‍ത്തും തെളിയിച്ചവര്‍,
ഒക്കെയും കാത്തിരുന്നു,
പിണക്കത്തിണ്റ്റെ വിത്തില്‍ നിന്ന്‌
കതിര്‌ കൊയ്യാന്‍..

പ്രണയത്തിന്നപ്പുറം,
മനസ്സുകള്‍ക്കപ്പുറം
പിണക്കങ്ങള്‍ക്ക്‌ വേണ്ടി മാത്രം
കണ്ണും കാതും ഉഴിഞ്ഞു വെച്ചവര്‍..

ഒരു നാളൊരു പിണക്കം!!!
ഉത്സവം പോലെ,
ബക്കറ്റിലെ വെള്ളം
നീലയെന്ന് നീ
കടല്‍ വെള്ളത്തിന്‍ നീലിമ
ബക്കറ്റിനെന്ന് ഞാന്‍..

തര്‍ക്കശ്ശാസ്ത്രത്തിന്‍
ചിറകേറിയവസാനം
നാം സമവായത്തിലേക്ക്‌
ബക്കറ്റിലും കടലിലും
വെള്ളമില്ലെന്ന തിരിച്ചറിവിലേക്ക്‌..

നമുക്കിടയില്‍ ബാക്കിയായത്‌
ആറിത്തണുത്ത പ്രണയം

കാണികള്‍ (കഴുതകള്‍ ?? ) അപ്പോഴും
ഒരു തുള്ളി വെള്ളത്തിനു ദാഹിച്ച്‌..

മാദ്ധ്യമപ്പരിഷകള്‍,
മുഖം മറക്കാന്‍
ഒരു തുണ്ട്‌ തുണി പോലുമില്ലാതെ....
ഒരു കവിതയെഴുതണമെന്നുണ്ട്‌, നിനക്കായി മാത്രം....
ഒരു കവിതയെഴുതണമെന്നുണ്ട്‌
നിനക്കായി മാത്രം..
വൃത്തവും അലങ്കാരവും,
ഛന്ദസ്സും കാവ്യഭംഗിയുമില്ലാതെ..

എണ്റ്റെ വികാരങ്ങള്‍
മാത്രം കുത്തിനിറച്ച്‌,
വിചാരങ്ങളില്‍
നിന്നെ മാത്രം ആവാഹിച്ച്‌

എണ്റ്റെ വിഭ്രമാകാശത്ത്‌
ഉരൂണ്ടുകൂടി, കറുത്തിരുണ്ട
മേഘങ്ങളില്‍ നിന്ന്‌
അറിയാതെ നിപതിച്ച്‌
നിണ്റ്റെ നെറുകയില്‍
ചുംബിച്ചുടയുന്നയെന്‍
മോഹത്തുള്ളികളെ കുറിച്ച്‌

പ്രണയിക്കുവാനിന്ന്‌
ലിപികള്‍ക്കപ്പുറം,
വാക്കുകള്‍ക്കപ്പുറം,
ശരീരഭാഷ തിരയുന്ന
കലിയുഗത്തെക്കുറിച്ച്‌

നിണ്റ്റെ ശൂന്യമായ മനസ്സില്‍
എനിക്കായൊരുക്കിയിരിക്കുന്ന
ഗ്രീഷ്മത്തിന്‍ തലോടലാല്‍
വരണ്ടുണങ്ങിയ താഴ്‌വര പോല്‍
ഒന്നുമില്ലാത്ത ഇടത്തെക്കുറിച്ച്‌

നീ പോലുമറിയാതെ പോകുന്ന
എണ്റ്റെ പ്രണയത്തെക്കുറിച്ച്‌
നിനക്കായി മാത്രം...