ചില വലകൾ ....
ചില വലകൾ ....


സ്നേഹം കൊണ്ടോ
വിദ്വേഷം കൊണ്ടോ
ചിലർ നെയ്യുന്ന
ചില വലകളുണ്ട്‌...

ചിലന്തി വലകളോട്‌
ഒരിക്കലും ഉപമിക്കാനാവാത്തത്‌
അതിന്റെ ഇഴകളും
കണ്ണികളും
പകൽ പോലും കാണാനാവാത്തത്‌..

ഒരു സ്വപ്നത്തിൽ പോലും
നിനയ്ക്കാത്തത്‌..

ഒരിക്കൽ പെട്ട്‌ പോയാൽ
ഇനിയൊരിക്കൽ പോലും
പൊട്ടിച്ചെറിയാനാവാത്തത്‌...

ചില വലകളുണ്ട്‌ അങ്ങനെ,
പിടഞ്ഞില്ലാതാവും വരെ
തിരിച്ചറിയാനാവാതെ പോവുന്ന
സ്നേഹത്തിന്റെയോ
വിദ്വേഷത്തിന്റെയോ
നൂലിഴകൾ കൊണ്ട്‌
അണിയിച്ചൊരുക്കിയത്‌...
ചില അടക്കം പറച്ചിലുകള്‍ ..
ചില അടക്കം പറച്ചിലുകള്‍ ..

അമ്മയടക്കം
ചിലരൊക്കെ
എന്നോട്
കേട്ടും കേള്ക്കാതെയും
പറയുന്നത്.

ചില അടക്കം പറച്ചിലുകള്‍
കേള്‍ക്കാനിഷ്ടമില്ലാത്തത്..

എനിക്ക് എന്നോട് പറയാനാവാത്തത്..
കേള്‍ക്കണമെന്ന് ഒട്ടുമേ
ആശിക്കാത്തത്..

നീ നന്നാവണം
നീ നന്നാവണം
നീ നന്നാവണം

എവിടെ??

നിന്നെ കണ്ട് പഠിക്കണം
നിന്നെ കണ്ട് പഠിക്കണം
നിന്നെ മാത്രം കണ്ട്
നിന്നെ മാത്രം കണ്ട് പഠിക്കണം

അതും എവിടെ?

എനിക്ക് എന്നോട് പറയാനാവുന്നത്
നിങ്ങളോടും,
അമ്മയോട് പറയാനാവാത്തത്..

എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ കണ്ടൊന്നും പഠിക്കല്ലേ..
എന്നെ മാത്രം കണ്ട് പഠിക്കല്ലേ..

ലോകമത്ര ചെറുതൊന്നുമല്ല..
പഠിക്കേണ്ടിയിരിക്കുന്നത്
അത്ര ചെറുതൊന്നുമല്ല എന്നല്ല
വലുതയേക്കാനും മതി..

എത്ര മാത്രമെന്ന്
കണ്ടറിയേണ്ടിരിക്കുന്ന,
കൊണ്ടറിയേണ്ടിയിരിക്കുന്ന
അടക്കം പറച്ചിലുകള്‍ക്കപ്പുറം
നീയും ഞാനും എത്തിച്ചേരേണ്ടിയിരിക്കുന്ന
വിശാലമായ ലോകങ്ങള്‍ ..
എന്തിനിങ്ങനെ പെയ്യുന്നു മഴയേ..
നീ എനിക്ക് ആരായിരുന്നു
ഞാന്‍ നിനക്ക് ആരായിരുന്നു
എന്ന്
ഞാന്‍ ചോദിക്കാന്‍
നിനക്കവേ,
(അതോ നീ എന്നോട് ചോദിക്കുവാനോ)
ഒരു മഴ പെയ്തു..

പെയ്തത് മഴയായിരുന്നില്ല
മനസ്സായിരുന്നു..

ആരുടെ മനസ്സെന്ന്
നാമിരുവരും
തിരിച്ചറിയേണ്ടിയിരിക്കുന്ന,
തിരിച്ചറിയാന്‍ പാടില്ലയെന്ന്
ശഠിക്കുന്ന
പെരുമഴ തന്നെ..

മഴ നമുക്ക് തന്ന
സന്തോഷമെന്തെന്ന്
മറന്ന് ജീവിക്കുന്നതിന്റെ
വെറുപ്പാകുമോയീപ്പെരുമഴ..

അതോ,
ഒരു മഴക്കെങ്കിലും
നമ്മളെ ഒന്നിപ്പിക്കാനാവുമെന്ന
അഹങ്കാരമോ??

എന്തിനിങ്ങനെ
പിന്നെയും പിന്നെയും
പെയ്യുന്നു മഴയേ..
പേരിടാനാവാത്ത ഒന്ന് ....
ഓരോ മുറിവുകളും
ഓര്‍മയിലുണ്ട്
അതിന്റെ ആഴം പറഞ്ഞ്
വേദനിപ്പിക്കുവാനല്ല

ഓരോ മുള്ളുകളും
കരുതി വച്ചിട്ടുണ്ട്
ഒരു പോറല്‍ പോലും
നിന്നെയേല്‍പ്പിക്കുവാനല്ല

വരാനിരിക്കുന്നതൊക്കെയും
ഇതിനെക്കാള്‍ നിസ്സാരമെന്ന്
പേര്‍ത്തും പേര്‍ത്തുമുരുവിട്ട്
മെരുങ്ങാത്ത മനസ്സിനെയൊന്ന്
കൂടെ നിര്‍ത്താന്‍ ...
കാണാനാവാതെ പോയ സ്വപ്നം പോലെ ചിലത്, ഒരിക്കലും സംഭവിക്കാതെ പോകുന്ന ചിലത്, സംഭവിച്ചേക്കാവുന്ന ഒന്ന്..

കാണാനാവാതെ പോയ സ്വപ്നം പോലെ ചിലത്,
ഒരിക്കലും സംഭവിക്കാതെ പോകുന്ന ചിലത്, സംഭവിച്ചേക്കാവുന്ന ഒന്ന്..
=======================
ചില രാത്രികളില്‍
കൊതിക്കാറുണ്ട്
ചില സ്വപ്നങ്ങള്‍ കാണാന്‍ ...

ഒരിക്കലെങ്കിലും
ഒന്നു സ്ഖലിക്കാന്‍ ,
ഒരു സ്വപ്നത്തിലെങ്കിലും.. 


എവിടെ?

എന്നു പറയുന്നയിടത്താണ്
ചിലര്‍ക്ക് തോന്നുന്നത്

ഒരു സ്വപ്നം പോലും
സഫലമാവാത്ത ഒരുവനു
ജീവിതത്തെക്കുറിച്ച്
എന്ത് ആശകള്‍ എന്ന്,
എന്ത് ആശങ്കകള്‍ എന്ന്  ,

എന്നാലും ആശിച്ച് പോകാറുണ്ട്,
ചിലര്‍ക്കെങ്കിലും
സ്വപ്നമെങ്കിലും കാണാന്‍
വേണ്ടിയെങ്കിലും
ജീവിച്ച് കാണിക്കണമെന്ന്,

 ചിലര്‍ക്കെങ്കിലും

 സ്വപ്ന സമാനമായേക്കാവുന്ന
ഒരു ജീവിതത്തെക്കുറിച്ച്..


എന്റെ സങ്കടങ്ങള്‍ക്ക് മേല്‍

പുതച്ചുറങ്ങാന്‍
നിന്റെ സങ്കടങ്ങള്‍ക്ക് മേല്‍
പുതച്ചുറങ്ങാന്‍
തുന്നിക്കൂട്ടിയെടുക്കാനാവുന്ന
ഒരേ ആകൃതിയിലുള്ള
മേഘശലകങ്ങളായി
നാമൊഴുകുന്നതിനെ കുറിച്ച്..

ഒന്നുമില്ല എന്ന തിരിച്ചറിവിലും
ഒരിക്കലും സംഭവിക്കാത്ത,
അതിനിടയില്ലാത്ത ചിലത്
സ്വപ്നം കാണുന്ന ഒരുവനെ
എങ്ങനെയാണു
ചിലര്‍ക്ക് വ്യാഖ്യാനിക്കാനാവുക..

ഒന്നുമല്ല,
ഒന്നുമായില്ല,
ഒന്നുമാകാന്‍ പോകുന്നില്ല,
നീ പോലും എന്റെയല്ല,
എന്റേതാവില്ല,
എന്ന എന്റെ ആശങ്കയില്‍
ഞാനില്ലാതാവുന്നത്,
ഞാനല്ലാതെ
ഞാന്‍ മാത്രമല്ലാതെ
ആരറിയാന്‍  

എന്ന് പറഞ്ഞ് ഒഴിയാന്‍ മാത്രം
ഞാനാളല്ല..

എന്നുമുണ്ടെന്ന, 
എന്നേക്കുമുണ്ടെന്ന
വാഗ്ദാനത്തിന്റെ നിറവിനായി
നീ പൊരുതുന്നത്,
നിന്റെ വിനിമയം അടിയറ വച്ചത്,
തടവിലെന്നത് പോലെ...

നീ കരയുന്നില്ല
എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം
സംഭവിച്ചേക്കാവുന്ന,
ഇനിയും കാണാതെ പോയ
സ്വപ്നമായി 
നീയിരിക്കുന്നുവെന്ന്
വിശ്വസിക്കാനാണെനിക്കിഷ്ടം.. 

എന്റെയും നിന്റെയുമെന്ന്
വേര്‍തിരിക്കാനാവാത്ത,
നമ്മുടേത് മാത്രമെന്ന്
കാണിച്ച് കൊടുക്കേണ്ടിയിരിക്കുന്ന
ഒരാകാശം 
സ്വപ്നം കാണാനാണെനിക്കിഷ്ടം... 

 ഞാനുണ്ട് എന്ന തിരിച്ചറിവില്‍
നീ കാണുന്ന സ്വപ്നത്തിന്റെ
നിറവാകണം ഞാനെന്നതാണ്
എന്റെ അവസാനത്തെ സ്വപ്നം.. 
ഇനിയൊന്നുമില്ല എന്ന് കരുതിയ ഒരു പാതിരാത്രിയില്‍ ..

അന്ന്
എന്തൊക്കെയോ സംഭവിക്കുമെന്ന്
അറിയാമാ‍യിരുന്ന
ഒരേയൊരാള്‍
ഞാന്‍ മാത്രമായിരുന്നു.

അന്ന്,
അവസാനം വായിച്ചത്
പ്രണയം നഷ്ടപ്പെട്ടതിന്റെ പേരില്‍
ആത്മഹത്യ ചെയ്ത
ഒരുവന്റെ
അവസാന കവിതയായിരുന്നു..

അപ്പോള്‍ ഞാന്‍
കണ്മുന്നിലൂടെ,
കയ്യൊപ്പിട്ട ഒരു കവിതയിലൂടെ,
ജീവിതം ഇല്ലാതാവുന്നത്
അനുഭവിക്കുകയായിരുന്നു.

അന്ന്,
ഞാന്‍ മദ്യപിച്ചിരുന്നില്ല
സ്വബോധത്തോടെ വേണം
“അത്” ചെയ്യാനെന്ന്
എന്നെ തന്നെ ബോധ്യപ്പെടുത്തിയിരുന്നു.

കേള്‍വിക്കാരില്ലാത്ത
ചില സങ്കടങ്ങള്‍ ,
‘അയ്യേ‘ യെന്ന് ആരൊക്കെയോ
മൂക്കത്ത് വിരല്‍ വെച്ച് നോവിക്കുന്ന
ചില വിഷമങ്ങള്‍
എന്നെ
വീര്‍പ്പു മുട്ടിച്ചു കൊണ്ടേയിരുന്നു..

അവസാനത്തെ
കവിതയെഴുതിയിട്ടു വേണം
“അത്” ചെയ്യാനെന്ന്
ഒരു വെളിപാടുണ്ടായത്
പെട്ടെന്നായിരുന്നു..

അതിന്റെ മറവില്‍
എഴുതാനിരുന്നു,
അവസാനത്തെ കവിതയെന്നോ
ജീവിതമെന്നോ
പിന്നെ എന്തൊക്കെയോ എന്ന്
ആരെങ്കിലുമൊക്കെ
വാഴ്ത്തിപ്പാടാന്‍ ,

എന്റേതെന്ന് കൈയൊപ്പിട്ട ഒന്ന്
എന്റേതായി,
എന്റെ മാത്രമായി
ഉണ്ടാവണമെന്ന് കരുതി..

അപ്പോഴാണ്
വാക്കുകളുടെ അഭാവം
ആദ്യമായി അനുഭവിച്ചത്.

വാക്കുകള്‍ക്ക് പകരം വന്നത്
പുഞ്ചിരിക്കുന്ന
മുഖങ്ങളായിരുന്നു.
എന്നുമുണ്ടെന്ന,
എന്നേക്കുമുണ്ടെന്ന
വാഗ്ദാനങ്ങളായിരുന്നു..

ഇനിയൊന്നുമില്ല
എന്ന് കരുതിയ
ആ പാതിരാത്രിയിലാണ്
ഇനിയുള്ളതെല്ലാം
എനിക്ക് വേണ്ടിയെന്ന്
തിരിച്ചറിഞ്ഞത്..

ഞാനിന്നും ജീവിച്ചിരിക്കുന്നതും..
പകല്‍ പോലും വെളിച്ചമുള്ള ഒരു വായനശാല...
പകല്‍ പോലും വെളിച്ചമുള്ള ഒരു വായനശാല.. തലേന്ന് രാത്രി ഇട്ട വെളിച്ചം ഓഫ് ചെയ്യാന് മറന്നതാണു.. ഇത് പുറക്കാട് ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയം അഥവാ ലൈബ്രറി.. ഒരു ഭൂഖണ്ഡത്തിന്റെ വിധിയും കിനാക്കളും സൃഷ്ടിച്ചയാള് എന്ന് പാബ്ലോ നെരൂദയെ പറ്റി നോബല് സമ്മാനം പ്രഖ്യാപിച്ച സ്വീഡിഷ് അക്കാദമി പറഞ്ഞതാണു.. നമുക്ക് അങ്ങനെ എടുത്ത് പറയാന് ഒന്നുമില്ലെങ്കിലും ഒരു നാടിന്റെ , പ്രദേശത്തിന്റെ വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില് ഇന്ന് നമ്മുടെ നാട്ടില് അന്യമായി കൊണ്ടിരിക്കുന്ന പ്രാദേശിക വായനശാലകള് വഹിച്ച പങ്ക് പാടെ വിസ്മരിക്കുവാനാവില്ല തന്നെ... എന്റെ നാട്ടിലും ഉണ്ടായിരുന്നു/ഉണ്ട് അങ്ങനെ ഒരെണ്ണം. അവിടെ ഒരു കാലത്ത് മമ്മദിക്ക എന്ന് ഞങ്ങള് കുട്ടികള് വിളിച്ചിരുന്ന ശ്രീ.മുഹമ്മദ് ബി പുറക്കാട് വര്‍ഷങ്ങളോളം ലൈബ്രേറിയനായി സേവനം അനുഷ്ഠിച്ചിരുന്നു, അനുഷ്ഠാനം എന്ന വാക്കു തന്നെയാണു ചേരുകയെന്നു തോന്നുന്നു കാരണം ഒരു ലൈബ്രേറിയനു കിട്ടേണ്ട വേതനം അദ്ദേഹത്തിനു കിട്ടിയിരുന്നില്ല എന്നത് തന്നെ കാരണം.. പുറക്കാടിന്റെ സാംസ്കാരിക, കലാ കായിക പ്രവര്‍ത്തനങ്ങള്‍ അന്നും ഇന്നും അമ്പലങ്ങളിലെയും പള്ളികളിലെയും ഉത്സവപ്പറമ്പുകളിലും ഓണാഘോഷങ്ങളിലും ചില തിരുവാതിര കളിയോ പുലികളിയോ അറിഞ്ഞും അറിയാതെയുമുള്ള ചില വേഷം കെട്ടലുകളുമൊക്കെയായി പരിമിതപ്പെട്ടിരിക്കുന്നു... അതിനു ഒരു മാറ്റമുണ്ടാക്കിയത് മുഹമ്മദ് ബി പുറക്കാട് എഴുതി അദ്ദേഹം തന്നെ സംവിധാനം ചെയ്ത് അവതരിപ്പിച്ചിരുന്ന ഏകാങ്കനാടകങ്ങള്‍ ആയിരുന്നു.. അദ്ദേഹത്തിനു അതിനുള്ള ഊര്‍ജം ഒരു പരിധി വരെ നല്‍കിയത് ഈ വായനശാല ആണെന്നു പറയുക വയ്യ.. ഒരു കാലത്ത് സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ ഒക്കെ സജീവമായിരുന്ന ഈ വായനശാലയില്‍ ആണു ഞാനെന്റെ വായനയുടെ ആദ്യാക്ഷരം കുറിച്ചത്..

ഇന്നത്തെ അതിന്റെ അവസ്ത ഞാന്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിലേത് പോലെ പുറത്ത് വെളിച്ചം പക്ഷേ അകത്ത് കൂരാക്കൂരിരുട്ട് മാത്രം.. രാവിലെ വന്ന് പത്രം വായിക്കാനുള്ള മുറി തുറന്നിട്ടു പോകുന്ന ഒരു ലൈബ്രേറിയന് പിന്നെ വരുന്നത് പൂട്ടാന് വേണ്ടി മാത്രം.. കഴിഞ്ഞ ഒരു വര്‍ഷമായുള്ള രജിസ്റ്റര് പരിശോധിച്ചാല് എന്റെ പേരു മാത്രമേ അവിടെ കാണാന് കഴിയൂ എന്നത് അതിശയോക്തിയല്ല, എന്നെ പേടിച്ച് എന്റെ സൌകര്യാര്‍ത്ഥം രാത്രി പുസ്തകങ്ങള് എടുത്ത് തരും, അതും എന്റെ മൊബൈല് ടോര്‍ച്ചിന്റെ സഹായത്താല് ഞാന് തപ്പി എടുക്കുന്ന പുസ്തകങ്ങള് .. എത്രയോ മാസങ്ങളായി കേടായ ഒരു ട്യൂബ് ലൈറ്റ് മാറി ഇടാന് പോലും ആളില്ലാതെ അല്ലെങ്കില് ലൈബ്രേറിയന് എന്ന വ്യക്തി മിനക്കെടാതെ.. കഴിഞ്ഞ ദിവസം എന്റെ സുഹൃത്ത് രമേശ് പൊക്കപ്പുറം ആണു ഇതിനെ പറ്റി ഒക്കെ ഞാന് പറഞ്ഞത് കേട്ട് ചെല്ലുകയും ആ ട്യൂബിന്റെ തകരാര് കണ്ട് പിടിച്ച് ശരിയാക്കുകയും ചെയ്തത്.. അവിടേക്കു 40 ഇഞ്ച് ഉള്ള ഒരു എല്‍ സി ഡി ടിവിയും കേബിള്‍ കണക്ഷനും അനുവദിച്ചിട്ടുണ്ട്.. എന്നിട്ടു പോലും ഒന്നു ചെന്നിരിക്കാന്‍ സൌമനസ്യം കാണിക്കാത്ത ഒരു ലൈബ്രേറിയന്‍ .. നമ്മുടെ പല പഞ്ചായത്തുകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാവും അല്ലെ.

പുറക്കാട്ട് ആകെ ഉള്ളത് മദ്യപാനികളുടെ കൂട്ടായ്മയാണെന്ന് നിസ്സംശയം പറയാന് കഴിയും.. എന്താണു നമ്മുടെ നാടിനു സംഭവിക്കുന്നത്.. മാസം ശമ്പളം എണ്ണി വാങ്ങുന്ന വ്യക്തി തന്റെ ജോലി ചെയ്യുന്നുണ്ടോ എന്നു പോലും അന്വേഷിക്കാതെ അയാളെ കൊണ്ട് ചായയും സിഗററ്റും വാങ്ങിപ്പിച്ച് ശിങ്കിടി ആയി നിര്‍ത്തുന്ന യാതൊരു ഉത്തരവാദിത്വവും ഇല്ലാത്ത പഞ്ചായത്ത്.. അച്ചന് മരിച്ചപ്പോള് സഹതാപത്തിന്റെ പേരില് കിട്ടിയ ജോലിയോട് യാതൊരു ഉത്തരവാദിത്വവും പുലര്‍ത്താത്ത ലൈബ്രേറിയന് ..

ആരാണു ചോദിക്കുക, ഞാന്‍ മടുത്തു.. ഞാന്‍ പരാതിപ്പെട്ട് അവന്റെ ജോലി പോയാല് പുതിയ ഒരെണ്ണം വാങ്ങി കൊടുക്കാന് നിനക്കാവുമോ എന്ന് അമ്മയും ചില കൂട്ടുകാരും.. നല്ല കൂട്ടായ്മകളും ശക്തമായ ഇടപെടലുകളും കൊണ്ട് മാത്രമേ ഇതിനു ഒരു പരിഹാരമുണ്ടാക്കാന് പറ്റൂ എന്ന ബോദ്ധ്യത്തില് നിന്നാണു വായനാദിനമായ ഇന്ന് ഇങ്ങനെ ഒരു പോസ്റ്റ്.. പുറക്കാടിന്റെ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന പലരും ഇന്ന് പ്രവാസികള് ആയത് കൊണ്ട് തന്നെ ഇത്തരം ശോചനീയാവസ്ഥകള് പലരും അറിയാതെ പോകുന്നുണ്ട്.. സാംസ്കാരിക/സാമൂഹ്യ/രാഷ്ട്രീയ രംഗത്ത് നിഷ്ക്രിയമായ ഒരു തലമുറയാണു ഇന്ന് പുറക്കാട്ട് വളര്‍ന്നു വരുന്നത്. ആരെയാണു കുറ്റപ്പെടുത്താനാവുക... പുറക്കാടന് എന്ന പേരില് ബ്ലോഗ് എഴുതുന്ന ഞാന് ഈ വായനാ ദിനത്തില് പുറക്കാട് എന്ന പേരിനെ ഓര്‍ത്ത് അപമാനത്തോടെ തലകുനിക്കുന്നു.. ഈ ഒരു വായനശാലയുടെ പേരില് .. എന്റെ നാടേ ക്ഷമിക്കുക.. വായനയോട് അല്പമെങ്കിലും താല്പര്യമുള്ള പുറക്കാട്ടുകാരേ ക്ഷമിക്കുക.. ഇത്തരം കാര്യങ്ങളില് ഒരു ശ്രദ്ധയുമില്ലാത്ത പഞ്ചായത്ത് ഭരണസമിതിയോട്, സെക്രട്ടറി തുടങ്ങി ലാസ്റ്റ്ഗ്രേഡില് അവസാനിക്കുന്ന പഞ്ചായത്ത് ജീവനക്കാരോട്, പുറക്കാട്ടെ രാഷ്ട്രീയക്കാരോട്..
അമ്മ..
അമ്മ ഒരു കടുങ്കെട്ട്..
എത്ര അയയ്ക്കാന്‍ നോക്കിയാലും
മുറുകെപ്പിടിച്ച്
വരിഞ്ഞ് മുറുക്കുന്നത്..

പതിച്ചിയെന്നോ
ഡോക്ടറെന്നോ
നഴ്സ് എന്നോ
ഒക്കെ പേരുള്ളവര്‍
അറുത്തെറിഞ്ഞെന്നോ
മുറിച്ചു മാറ്റിയെന്നോ
മറ്റോ പറഞ്ഞു കേട്ടിട്ടുണ്ട്
പൊക്കിള്‍ക്കൊടി ബന്ധമൊന്നൊക്കെ..

ഇനി ഭാര്യയാണു ജീവിതമെന്നും
അതൊടുക്കത്തെ കെട്ടാണെന്നും
ആരൊക്കെയോ പറഞ്ഞ് പോയിട്ടുണ്ട്

അവരില്‍ ചിലരൊക്കെ
എന്നേ അഴിച്ചു വച്ചു
ഭാര്യ എന്ന വെറും കെട്ടിനെ,
അവള്‍ക്കോ അവനോ
അഴിക്കാവുന്ന.
എന്നേക്കും വേണ്ടെന്ന് വെക്കാനാവുന്ന
ചില വെറും കെട്ടിനെ..

പക്ഷേ എത്ര ശ്രമിച്ചാലും
അറുക്കാനാവാത്ത
അഴിക്കാനാവാത്ത
കടുങ്കെട്ടാണു അമ്മയെന്ന്
ആരും പറഞ്ഞ് തരേണ്ടതില്ല..

ഒന്നൊന്നര കെട്ടായി പോയില്ലേ
എന്റെ അമ്മേ..
അമ്മയോട്..
അവസാനത്തെ സഹനമായ
നീയെത്ര വിശുദ്ധയാണു,
സര്‍വേശ്വരനില്‍ നിന്നും
ആദ്യത്തെയനുഗ്രഹം
സിദ്ധിച്ചവളെപ്പോല്‍ ..

ഉച്ചക്കൊടും ചൂട്
വകവെക്കാതലയവേയെന്‍
ഉച്ചി പൊള്ളാഞ്ഞതും
പേടി സ്വപ്നങ്ങള്‍ പെരുമ്പാമ്പ് പോല്‍
വരിഞ്ഞു മുറുക്കവേയലറിക്കരഞ്ഞെന്‍
തൊണ്ട പൊട്ടാഞ്ഞതും
നിന്റെ പ്രാര്‍ത്ഥനയെന്‍
കവചമായതിന്‍ നിമിത്തമല്ലേ

നിന്റെ പ്രാര്‍ത്ഥനകള്‍
രാത്രിയില്‍ മഞ്ഞ് പെയ്യുന്ന പോല്‍
പതിഞ്ഞിരുന്നുവെങ്കിലും
എന്നെ സ്പര്‍ശിക്കാതെ പോയതെന്തേ?

കണ്ണീരുപ്പു കുഴച്ചു നീ
ചോറൂട്ടും വേളയിലെന്‍ മനം
പശിയടങ്ങാതൊരു
പലായനം കൊതിച്ചുവോ?

വഴിയറിയാതലഞ്ഞ വേളയിലെന്‍
കരം പിടിച്ചൊരേ നേര്‍വഴി
കാട്ടുവാനെത്ര സഹനതീരങ്ങള്‍ താണ്ടി നീ

തിരിച്ചറിവിന്റെ വൈകിയ വേളയില്‍
നീയാണു സത്യമെന്നറിയവേ
അമ്മയെന്ന പദമിന്ന്‍ കേട്ടാല്‍
അമ്മിഞ്ഞപ്പാലിന്‍
മാധുര്യമൂറുന്നെന്‍ നാവില്‍ ..

നാട് കാണാനാവാതെ അഞ്ചര വര്‍ഷം നീണ്ട പ്രവാസകാലത്ത് സൌദിഅറേബ്യയില്‍ വച്ച് കുറിച്ചിട്ടത്.. ഫേസ്ബുക്കിലെ “അ അമ്മ അമ്മിഞ്ഞ പേജിനു വേണ്ടി പൊടി തട്ടിയെടുത്തത്” ...
അവളോട് പറയാനാവാത്തത് (കഞ്ഞി കുടി മുട്ടിയാലോ)
ചപ്പാത്തിയെന്ന പേരിൽ
ഭൂഖണ്ഡങ്ങൾ രചിക്കുന്നവളേ,
അതിന്റെ കറിയിൽ
ഭൂഖണ്ഡാന്തര രുചികൾ
സന്നിവേശിപ്പിക്കുന്നവളേ
ഞാനിതാസ്വദിക്കുകയല്ല
സഹിക്കുകയാണെന്ന്
എങ്ങനെയാണു
നീ തിരിച്ചറിയുക...

(കവിതയല്ല, ആത്മരോഷം..)
വേനൽ, വേഗം,മഴ (ചില കുഞ്ഞു വരികൾ..)
1. കൊടും വേനൽ
പുഴയുടെ മാറിൽ
ചിത്രങ്ങൾ വരഞ്ഞു കൊണ്ടേയിരിക്കുന്നു..
 2. ഘടികാരമേ,
നിന്റെ സൂചികൾക്കെന്തിനീ വേഗം..
3. മഴേ,
നീയൊന്നു വന്നെങ്കിൽ
നനഞ്ഞില്ലാതായേനെ ഞാൻ.....
 
3 ഹൈക്കുകൾ..
1. വിത്തിൽ നിന്ന് വിതയിലേക്കുള്ള ദൂരമല്ല
അവിടുന്ന് കൊയ്ത്തിലേക്ക്.....‌
 2. ചവറ്റ്‌ കുട്ടയിൽ
ഉപേക്ഷിപ്പടുന്നയോരോ ഉറകളിൽ നിന്നും
കണ്ണുകളുള്ള ഒരായിരം ചോദ്യങ്ങൾ...
3. മതത്തിനാവുമോ
മാനസിക രോഗിയെ
നിലയ്ക്ക് നിർത്തുവാൻ....
കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയെക്കുറിച്ച്, ഒരു വായന



വീണ്ടും സ്വന്തമാക്കി കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയെ..

“നിന്നെ കോരാനെങ്കിലും
ചോര്‍ച്ചയില്ലാത്തൊരു
പാത്രം കരുതണം ഞാന്‍
എന്റെ കൈ വിരല്‍
പഴുതിലൂടെ
അത്ര മേല്‍
നീ ഊര്‍ന്നു പോകുന്നു..”

എത്ര ആഴത്തിലാണാ വരികള്‍ കണ്ണിലും ഹൃദയത്തിലും പതിഞ്ഞു പോയിരിക്കുന്നത്, പറിച്ചു മാറ്റാനാവാത്ത വിധം. ചില വായനകളില്‍ അത് സംഭവിച്ച് പോകാറുണ്ട്, കവിയുടെ വരികള്‍ സ്വാനുഭവമായി അനുഭവപ്പെടുക, അത് താന്‍ തന്നെയല്ലേ, താന്‍ എഴുതേണ്ടിയിരുന്നതല്ലേ എന്ന് അനുഭവിപ്പിക്കുന്ന എഴുത്ത്..

ഇക്കവിതകളില്‍ എല്ലാമുണ്ട്. പ്രണയവും വിരഹവും സ്വപ്നങ്ങളും ഇന്നിന്റെ നേര്‍ക്കാഴ്ചകളും വഴിയോരക്കാഴ്ചകളും എല്ലാമെല്ലാമുണ്ട്.. ചിലപ്പോഴൊക്കെ വാക്കുകളില്‍ /വരികളില്‍ ഒളിപ്പിച്ചിരിക്കുന്ന രാഷ്ട്രീയവും.

പേരില്ലാത്ത ഒരു “നീ” , അതെനിക്ക് അന്യമല്ല, ചിലപ്പോഴെങ്കിലും. ആ “നീ“ വായനക്കാരന്‍ തന്നെയാവുന്നു ഈ കവിതകളില്‍ .. അതു കൊണ്ടു തന്നെയാവാം പച്ചപ്പുകളെ സ്നേഹിക്കുന്ന, ഒരു മരുപ്പച്ച സ്വപ്നം കാണുന്ന മനസ്സിനു ഈ കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയോട് അടുപ്പം ഉണ്ടാവുന്നത്. ഞാനാദ്യം നീയാദ്യമെന്ന് ഒരുമിച്ച് പറയാന്‍ കുന്നു കേറുന്ന ഒരു ബാല്യത്തോടൊപ്പം നമ്മളും കുന്നു കയറുകയാണു ഉയരങ്ങളിലേക്ക്... ഓരോ വായനയിലും പിന്നെയൂം പിന്നെയും ചെന്ന് കേറുവാന്‍ തോന്നുന്ന/കൂടുതല്‍ അറിയാനും ഇഷ്ടപ്പെടുവാനും തോന്നുന്ന ഒരു കുന്ന് തന്നെയാണു ഇതിലെ കവിതകള്‍ .

എത്ര അനായാസമാണു ഒരാളുടെ വഴികള്‍ വരച്ചിടുന്നത്.. ചിലപ്പോഴെങ്കിലും പൈതലിന്റെ കുഞ്ഞിച്ചുവടുകള്‍ പോലെ അനുഭവിക്കാനാവുന്നുണ്ട് ദുര്‍ഗ്രഹമായ പാതകള്‍ പോലും. പുതുകവിതയുടെ വഴികളില്‍ തന്നെ സഞ്ചാരമെങ്കിലും സാധാരണക്കാരനു പോലും മനസ്സിലാവും വിധം ദുര്‍ഗ്രഹമല്ലാത്ത പദപ്രയോഗങ്ങളിലൂടെ ഹൃദയത്തിലേക്ക് അനായാസം കടന്ന് ചെല്ലുന്ന വരികള്‍ ..

അവളുടെ ബഹിരാകാശ യാത്രകളിലൂടെ, വേനലിന്റെ പൊള്ളല്‍ അനുഭവിച്ച്, മഴ നനഞ്ഞ വഴികളിലൂടെ ചില ജാലകക്കാഴ്ചകള്‍ കണ്ട് ലാസ്റ്റ് സപ്പറും കഴിച്ച് പുറം താളിലെത്തുമ്പോള്‍ ഒന്നു തീര്‍ച്ചയാവുന്നു, കവിതകളെ സ്നേഹിക്കുന്നവര്‍ക്ക്, സൂക്ഷിച്ച് വച്ച് പേര്‍ത്തും പേര്‍ത്തും വായിച്ച് ആനന്ദിക്കുന്നവര്‍ക്ക്, ഈ കാപ്പിത്തോട്ടങ്ങളുടെ സൂക്ഷിപ്പുകാരിയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല...

തന്റേതായ ഇടങ്ങളിലൂടെ, സ്വാഭിമാനം, നിറുത്തലുകളില്ലാതെ, എഴുത്തിന്റെ/കാഴ്ചയുടെ/അനുഭവപ്പെടുത്തലിന്റെ ലോകത്തേക്ക് ഇനിയും ഇനിയും മുന്നേറട്ടെ സിന്ധു. കെ. വി, അത്ര മേല്‍  ഹൃദയത്തോട്
ചേര്‍ന്നു നില്‍ക്കുന്നു പല കവിതകളും...

എന്റെ കവിക്ക്‌, എന്റെ പ്രിയപ്പെട്ട അയ്യപ്പന്‌
ഭഗവാന്റെ പേര്‌ പേറി,
കവിതയുടെ കൈപിടിച്ച്‌
അന്യന്റെ ദയയാല്‍
വയറിന്റെ പശിയടക്കി
ലഹരിയില്‍ മുങ്ങി നീ...

പക്ഷെ എന്നും മനസ്സ്‌ വിശന്ന്‌
നീ അലഞ്ഞു നടന്നു
കവിതകള്‍ക്കായ്‌ മാത്രം
ജീവിതം കൊടുത്ത്‌...

പ്രിയപ്പെട്ടവനെ,
നിന്റെ കവിതകള്‍
എനിക്കന്നമായിരുന്നു.

നിന്റെ ജീവിതം
എനിക്കു ദു:ഖമായിരുന്നു..
നീയാവാനാകാതെ പോയ ദു:ഖം.

എന്റെ ഓര്‍മകള്‍ക്ക്‌ മേല്‍
ഒരു വെയില്‍ തിന്നുന്ന പക്ഷി
ചിറകിട്ടടിക്കുന്നു..

എവിടെയോ
ഒരാട്ടിന്‍ കുട്ടി കരയുന്നു
ഒരു നല്ല ഇടയനെ ഓര്‍ത്ത്‌
നിന്നെ മാത്രം ഓര്‍ത്ത്‌....
മണ്ണാങ്കട്ടയും കരിയിലയും റീലോഡഡ് ..
മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയി. അന്ന് ഫെമിനിസ്റ്റുകള്‍ ഇല്ലാതിരുന്നതിനാലാവാം കരിയിലയും മണ്ണാങ്കട്ടയും എന്ന് പറയണമെന്ന് പറഞ്ഞ് ആരും രംഗത്ത് വന്നില്ല .. കരിയില പെണ്ണും മണ്ണാങ്കട്ട ആണും ആയിരുന്നു. അങ്ങനെ ആവണമല്ലോ, അതാണു സാമൂഹ്യ നീതി .. അന്ന് ആണും ആണും തമ്മില്‍ , പെണ്ണും പെണ്ണും തമ്മിലൊന്നും ബന്ധങ്ങള്‍ ഉടലെടുത്തിരുന്നില്ല .. ആണിനു പെണ്ണൂം പെണ്ണിന് ആണും.. ആദവും ഹവ്വയും പോലെ.
അങ്ങനെ അവര്‍ കാശിക്ക് പോകുമ്പോള്‍ എവിടെ വച്ചെന്നറിയില്ല .. മഴ പെയ്തു.. നല്ല കിടിലന്‍ മഴ .. കൊണ്ട് പോകാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ഒന്നും ഇല്ലായിരുന്നു, ഒരു കുട പോലുമില്ലാത്ത മണ്ണാങ്കട്ടയുടെ അവസ്ഥ കണ്ട് കരിയില സ്വയം പോപ്പി അതൊ ജോണ്‍സോ അറിയില്ല, അത് പോലും നല്‍കാത്ത സുരക്ഷിതത്വം നല്‍കി. അങ്ങനെ പാവം മണ്ണാങ്കട്ട തല്‍ക്കാലം രക്ഷപ്പെട്ടു ..
പിന്നെയും യാത്ര .. അപ്പോഴാണ്‍^ ഒടുക്കത്തെ കാറ്റ് വന്നത് . മണ്ണാങ്കട്ടയെ ചലിപ്പിക്കിക്കാന്‍ കാറ്റിനായില്ല. പക്ഷേ നമ്മുടെ കരിയിലയോ, പെണ്ണല്ലേ? ആകെ വിറച്ചു.. ഇപ്പോ പോകുമെന്നായി.. മണ്ണാങ്കട്ട കേറി കരിയിലയുടെ മുകളില്‍ ഇരുന്നു.. കാറ്റടങ്ങി.. പിന്നെ മഴയും വന്നില്ല കാറ്റും വന്നില്ല. അവര്‍ക്ക് തിരിച്ചറിവായി.. മണ്ണാങ്കട്ടയും കരിയിലയും വീട്ടിലേക്ക് പോയി .
വര്‍ഷങ്ങള്‍ക്ക് ശേഷം..
ഇപ്പോള്‍ കിട്ടിയത് ..... കരിയിലയെ പീഡിപ്പിച്ച മണ്ണാങ്കട്ടയെ പോലീസ് തിരയുന്നു. കരിയിലക്ക് വയറ്റില്‍ ഉണ്ടത്രേ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കൊടുങ്കാറ്റില്‍ നിന്ന് രക്ഷിക്കാന്‍ എന്ന വ്യാജേന പീഡിപ്പിച്ചു എന്നതാണത്രേ കേസ്.. പാവം മണ്ണാങ്കട്ട ഇപ്പോള്‍ എവിടെയാണോ എന്തോ??
നാളെ എന്താവാം?